എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 30 March 2013

തപസ്സ്

നിന്റെ സ്നേഹത്തിൻ വാത്മീകത്തിൽ 
                                    ഇനിയെന്റെ തപസ്! 

മുത്തുച്ചിപ്പി

നീ കടലാകുക;
നിന് മാറിലുറങ്ങുന്ന ചിപ്പിയാവട്ടെ ഞാൻ.
നിന്നെ മാത്രം കിനാവ്‌ കാണുന്ന 
നീയെന്ന ലോകം മാത്രമറിയുന്ന 
നിന്നിൽ നിന്നടർന്നാൽ 
                ജീവൻ  പൊലിയുന്ന ചിപ്പി.
നിന്റെ സ്നേഹം എന്നുള്ളിൽ 
                 മുത്തുകളായ്‌ പിറക്കട്ടെ!!
നീ കടലാകുക

നമുക്കൊരുമിച്ചു പെയ്യാം..

നമുക്കൊരുമിച്ചു പെയ്യാം..
തങ്ങളിൽ പരസ്പരം പെയ്തു നിറയാം 
തളർന്നുതോരുമ്പോൾ 
നമുക്കൊരേ മഴത്തുള്ളിയിൽ ഉറങ്ങാം..
പിന്നെ ഒരേ മേഘത്തിൻ 
ഗർഭത്തിലൊളിക്കാം..
സ്നേഹത്തിന്റെ കാറ്റ് വീശുമ്പോൾ 
വീണ്ടും ഒന്നിച്ചു പെയ്തിറങ്ങാം..
അങ്ങനെ കാലങ്ങൾ, യുഗങ്ങൾ 
നമുക്ക് ജീവിക്കാം..പ്രണയിക്കാം...
അവസാനമില്ലാതെ..
നീയെന്നിലും ഞാൻ നിന്നിലും നിറഞ്ഞുനില്ക്കാം.

ഓർമപ്പെയ്ത്ത്ഓർമകളുടെ ആകാശത്തിനു കീഴെ 
മറവി കൊണ്ടൊരു മേല്ക്കൂര പണിതു ഞാൻ.

എന്നിട്ടും കിളിവാതിലിലൂടൊരാകാശക്കീറ്!
വാതിൽപ്പാളികൾ ചേർത്തടച്ചു മലര്ന്നുകിടക്കവേ 
ചിതറിവീഴുന്നു ഓർമകളുടെ വെയിൽക്കിണ്ണം!
തിരശീല വലിച്ചിട്ട്‌ ഞാനാ 
വെയില്ചീളുകൾ തുടച്ചെടുത്തു.

വെയില്ക്കുരുന്നുകൾ മരിച്ചുവീണപ്പോൾ 
ജാലകപ്പഴുതിലൂടരിച്ചുവരുന്നു 
ഓർമകളുടെ നിലാപ്പെയ്ത്ത്!

ചോരുന്ന മേല്ക്കൂരയിലൂടെന്നെ നനയ്ക്കുന്നു 
തോരാതെ കരഞ്ഞുംകൊണ്ടൊരു 
കരിമേഘക്കുഞ്ഞിൻ ഓർമപ്പെയ്ത്ത്!

നാശം! 
എത്ര കഴുകിയിട്ടും പോവുന്നില്ലല്ലോ 
നിന്റെ ഓർമകളുടെ വെളുത്തുള്ളിമണം.

നഷ്ടം

ഞാൻ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു!

ഉണങ്ങാത്തൊരു മുറിപ്പാടായി 
കാലാന്തരങ്ങളോളം 
നീയെന്നിൽ കറുത്തുകിടക്കും.
ഇനിയില്ല ഒരു പിൻവിളി .

നാമൊന്നിച്ചു നെയ്ത 
സ്വപ്നങ്ങളുടെ വിഴുപ്പുകൾ 
കരിച്ചു കളയട്ടെ ഞാൻ.
ഇനിയൊരു മഴപ്പെയ്ത്തിലും 
അവ കിളിർത്തു  കൂടാ.
നിന്റെ അവസാനബീജവും 
ചാമ്പലാകട്ടെ.
പടുമുളയായ് പോലും 
ജനിക്കാതിരിക്കട്ടെ.

നെറുകയിൽ പൂക്കാത്ത ചുവപ്പും 
ഒരിക്കലും ചുരക്കാത്ത മാതൃത്വവും 
നീയെന്ന തെറ്റിന്റെ ഓര്മയ്ക്ക് 
ഞാനെന്നിൽ  തീർക്കുന്ന സ്മാരകം!


ചിരിക്കുന്ന മുറിവുകൾ

ചില മുറിവുകളുണ്ട്‌ 
കരഞ്ഞുതളരുമ്പോൾ ചിരിക്കാൻ പഠിക്കുന്നവ.
ചോര പടരുമ്പോഴും,
ഉരഞ്ഞു നീറുമ്പോഴും
പ്രാണൻ പിടഞ്ഞു നോവുമ്പോഴും 
അവ പൊട്ടിപ്പൊട്ടിച്ചിരിക്കും.

വേദനിച്ച് വേദനിച്ച്  പിന്നെ വേദന ഒരു ലഹരിയാണ്,
മുറിയുന്തോറും നോവിന്റെ മധുരവും കൂടും.
പിന്നെ മുറിവുകൾ ഉറക്കെചിരിക്കും.
 തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തും.

നീ തന്ന മുറിവുകളും ചിരിച്ചുതുടങ്ങിയിരിക്കുന്നു.

Friday, 29 March 2013


കാലചക്രം കറങ്ങിക്കൊണ്ടേയിരിക്കട്ടെ 
വിധിനിശ്ചയം അനുസ്യൂതം നിറവേറപ്പെടട്ടെ.
ഏതെങ്കിലുമൊരു നിയതിഘട്ടത്തിൽ 
വരാനിരിക്കുന്ന യുഗങ്ങളിലൊന്നിൽ 
പിറവിയെടുക്കാനിരിക്കുന്ന 
ഏതെങ്കിലുമൊരു ജന്മത്തിൽ 
നാം കണ്ടുമുട്ടുക തന്നെ ചെയ്യും.
അതെന്റെ സ്വപ്നമാണ്,
അതിലുപരി അതൊരു അനിവാര്യതയാണ് 
ഒരു വിധിക്കും തടുക്കാൻ കഴിയാത്ത അനിവാര്യത!
എന്തുകൊണ്ടെന്നാൽ 
ഞാൻ നിന്നെ സ്നേഹിക്കുന്നു..
സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു!!!പൊഴിഞ്ഞ ഗുൽമോഹർ ദളങ്ങൾക്കു  മേൽ മഴ പെയ്യുന്നു.
തളർന്ന  മഴ..
മരിച്ച പൂക്കൾ..

നന്ദി (?)


മാറാല കെട്ടിയതെങ്കിലും 
            ഒരു വസന്തകാലചിത്രം തിരികെ തന്നതിന്...
മുൾപ്പടർപ്പുകൾക്കിടയിലും 
            എനിക്ക് നടക്കാൻ വഴി കാട്ടിയതിനു..
വിറങ്ങലിച്ച ഈ ശിശിരത്തിനുമപ്പുറം 
           ഇനിയുമൊരു പൂക്കാലമുണ്ടെന്നു ഓർമിപ്പിച്ചതിന് ...
ഈ ശിശിരനിദ്രയ്ക്കു ശേഷം 
          തെളിമയാർന്നൊരു ഗ്രീഷ്മമുണ്ടെന്ന പ്രതീക്ഷ പകർന്നതിന്..
ഒരു ചെറുകാറ്റിൽ അണഞ്ഞുപോയേക്കാമെങ്കിലും 
         ഇത്തിരി നേരം ഈ തിരിവെട്ടം തന്നതിന്...
എല്ലാത്തിനുമുപരി...
 ഇപ്പോഴും നിലനില്ക്കുന്നു എന്നു വിശ്വസിപ്പിച്ചതിന്..
......
(സ്നേഹം മാത്രം; നന്ദി പറയുവതെങ്ങനെ നിന്നോട് ഞാൻ?)

നന്ദിതാ, നാം പ്രണയമാകുന്നു.

        

നമുക്കിടയില്‍ മരവിച്ച പ്രണയം 
മറ്റൊരു വിഷാദഗീതം കുറിക്കവേ 
പൊഴിഞ്ഞു വീഴുന്നൊരു 
ഈറന്‍ വയലറ്റ് പൂവായി ഞാനും!

ഇനിയീ പൂ കൊരുത്തൊരു റീത്തൊരുക്കുക,
മൃതിയടഞ്ഞ നമ്മുടെ പ്രണയത്തിന്‍ കുഴിമാടത്തില്‍ വെക്കുക,

തീ പിടിച്ച സ്വപ്നങ്ങളും, 
മണ്ണ് മൂടിയ വിലാപങ്ങളും 
ആയിരം വയലറ്റ് പൂക്കളായ് പുനര്‍ജനിക്കും!
അകാലത്തില്‍ അണഞ്ഞുപോയെങ്കിലും 
ഉള്ളിലൊരു പ്രണയത്തിരി എരിഞ്ഞു കൊണ്ടേയിരിക്കും!

ഞാനും, നീയും ആവര്‍ത്തിക്കപെടുന്നു...
നമ്മിലെ പ്രണയവും...
നന്ദിതാ, നാം പ്രണയമാകുന്നു.
പൊഴിഞ്ഞു വീണാലും വറ്റാത്ത ഒരിറ്റു തേന്‍-
-നമ്മിലെ പ്രണയം-
കാലാതിവര്‍ത്തിയായി നില്‍ക്കവേ 
നാം മരണമില്ലാത്തവരാകുന്നു.

ഞാനും, നീയും, നമ്മിലെ പ്രണയവും ആവര്‍ത്തിക്കപ്പെടുന്നു 
നന്ദിതാ, നാം പ്രണയമാകുന്നു.

ഇനിയെങ്കിലും പകർന്നു തരരുത്  നീയെനിക്ക് 
ഒരിക്കലും ചുരക്കാത്ത പ്രതീക്ഷയുടെ വന്ധ്യമേഘങ്ങൾ.
ഞാൻ വിട വാങ്ങുന്നു.
തിരികെ ചോദിക്കരുത് നീ തന്ന സ്വപ്‌നങ്ങൾ.
അവയെങ്കിലും ഞാനെടുക്കുന്നു- നിലനില്പിന് .
......................................
...................................................................
നാം മരിച്ചിരിക്കുന്നു,
ഇവിടെ മുതൽ ഞാനും നീയുമായി മാറുന്നു.

ഊർമിള


സീതയല്ല, ഞാൻ ഊർമിള.
പതിയോടൊപ്പം വനവാസത്തിനു പോകാൻ 
ഭാഗ്യം സിദ്ധിക്കാതെ 
പ്രിയനോടുള്ള പ്രണയത്തിൽ
പ്രാണൻ പിടഞ്ഞു മരിച്ചു ജീവിച്ച ഊർമിള.
വിരഹാഗ്നിയിൽ വെന്തുരുകിയ ഊർമിള .
കഥയിൽ  എല്ലാവരാലും വിസ്മരിക്കപ്പെട്ടവൾ 
സീതായനവും, രാമായണവും പൂജനീയമായപ്പോഴും 
തിരശ്ശീലക്കു പിന്നിൽ കണ്ണീർ പോലെ മറഞ്ഞു നിന്നൊരുവൾ .
പ്രിയന്റെ വിരൽത്തുമ്പിൽ ഇല്ലാതാവാൻ മോഹിച്ച 
കണ്ണുനീർത്തുള്ളി പോൽ....
ഊർമിള!

ഞാൻ ഉറങ്ങട്ടെ

ഇനി ഒന്നുറങ്ങണം.
വാഴയിലയിൽ നീണ്ടുനിവർന്നു കിടക്കണം 
കാൽവിരലുകൾ കൂട്ടിക്കെട്ടണം 
കൈകൾ വയറിന്മേൽ പിണച്ചു  വെയ്ക്കണം 
തലയ്ക്കു മീതെ ഏഴു തിരിയിട്ട നിലവിളക്ക് വേണം 
സുഗന്ധം പരത്തുന്ന സാമ്പ്രാണിത്തിരികൾ എരിയണം.
പക്ഷെ...
നിന്റെ മിഴികളിൽ ഈറൻ പൊടിയരുത് ,
ഉറക്കത്തിലാണെങ്കിലും എന്റെ ആത്മാവിനു നീറും.
ഞാൻ ഉറങ്ങട്ടെ.

കവിത

പറയാതിരിക്ക നീ ഒരു കവിത കൂടെഴുതുവാൻ 
ഇനിയെന്റെ കവിത ഞാൻ തന്നെയാകുന്നു.
ചോരയിൽ മുക്കി ഞാനെഴുതുന്ന കവിത 
പ്രാണൻ പിടഞ്ഞു ഞാനെഴുതുന്ന കവിത 
വായിക്കയില്ല നീ; അറിയാമതെങ്കിലും 
എഴുതാതിരിക്കുവാൻ വയ്യാത്ത കവിത. 
ഞാനെന്ന കവിത- അപൂർണമാം കവിത!

Friday, 22 March 2013

പൂക്കാത്ത സ്വപ്‌നങ്ങൾ

           

ഓരോ ഗ്രീഷ്മവും പ്രതീക്ഷകൾ പകർന്നിരുന്നു-
വേനൽചില്ലകൾ നിറഞ്ഞു ഗുൽമോഹറിൽ പ്രണയം പൂവിടുമെന്ന്.
 
കൊടുംവെയിലിലും തളിർ കരിയാതെ കാത്തത്‌,
ദാഹിച്ചുവലഞ്ഞിട്ടും കുടിയ്ക്കാതെ ഒരു കുടന്ന വെള്ളം പകർന്നത്,
ഓരോ പുലരിയിലും ജാലകങ്ങൾ തുറന്നു കണി കണ്ടത്,
എന്നിലെ പ്രണയം മുഴുവൻ പകർന്നത് 
ഒക്കെ ചെമന്ന പട്ടു ചുറ്റി നീ സുമംഗലിയാവുന്നത് കാണുവാനാണ്.

നിൻ നെറ്റിയിൽ സിന്ദൂരം ചാർത്താതെ 
ഒരു വേനൽ കൂടി എരിഞ്ഞൊടുങ്ങി.

പകര്ന്നുതരാൻ ഇനിയൊന്നുമില്ല 
 ആത്മാഹുതി വരിച്ച എന്നിലെ പ്രണയത്തിന്റെ ബാക്കിപത്രം-
കണ്ണുകളിൽ രക്തസാഗരത്തിന്റെ വേലിയേറ്റം,
ഹൃദയത്തിൽ ശോണസൂനങ്ങളുടെ മരണവസന്തം!

ഒരിക്കലും പൂക്കാത്ത ഈ ഗുൽമോഹർ 
ഞാൻ വേരോടെ പിഴുതെറിയുന്നു.
ഇനിയില്ല നമുക്കൊരു പൂക്കാലം.
ഇനിയില്ല ചെമപ്പ് പൂക്കുന്ന സ്വപ്നങ്ങളും.Thursday, 21 March 2013

തിരസ്ക്കരണം


വിളക്കുകാലുകൾക്ക് ചുറ്റും മഴനൃത്തം വെയ്ക്കുന്ന ഈയലുകൾ 

പ്രണയിച്ചു തീരാത്ത ആത്മാക്കളെന്നു പറഞ്ഞത് നീയാണ്.

ഓരോ രാവിലും ചിറകു കുഴയുവോളം നൃത്തം ചെയ്തു 
മഴയിൽ കുതിർന്നറ്റു വീണ
 പ്രണയസ്വപ്നങ്ങളുടെ ചിറകുകൾ തേടി 
അർദ്ധപ്രാണനായി നിലത്തിഴയുന്ന നിസ്സാരജന്മങ്ങൾ.
തിരസ്ക്കരണത്തിന്റെ തീച്ചൂടിൽ 
ചിറകറ്റു വീഴുന്ന ഈയലുകൾ -
മെഴുതിരിച്ചൂടിൽ സ്വയമെരിച്ചു കളയുന്ന അല്പ്പായുസ്സുകൾ.

എനിക്ക് കാണാം- എന്നിൽ നിന്നിറങ്ങിപ്പോകുന്ന ഈയലിനെ ;
ഇനിയെത്ര രാവുകളിൽ വിളക്കുമരത്തിനു  ചുറ്റും 
നൃത്തം ചെയ്താലാണ് നീയെനിക്കു ചിറകുകൾ മടക്കിത്തരിക?