എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday 12 January 2013

ഈ പുണ്യഭൂവില്‍.. .,......

വീണ്ടും ഒരു ഡിസംബര്‍!.,
           ഇനിയും പോകാന്‍ കൂട്ടാക്കാതെ ദൂരെയൊരു മലമുകളില്‍ നിന്ന് ഒളിഞ്ഞു നോക്കുന്നുണ്ട് അസ്തമയസൂര്യന്‍.1., കുങ്കുമം പുരണ്ട സുന്ദരമായൊരു  സന്ധ്യയില്‍ ചായ കുടിച്ചു വര്ത്തമാനം  പരഞ്ഞിരിക്കുകയായിരുന്നു ഞങ്ങള്‍.,. ഇത്തവണ വിരുന്നുകാരും കൂടെയുണ്ട്. മാമനും കുടുംബവും. എല്ലാ വര്‍ഷവും ക്രിസ്മസ് അവധിക്കു അവര്‍ ഇവിടെ വരാറുണ്ട്.  ഞങ്ങളൊന്നിച്ചാണ് പിന്നെ യാത്രകള്‍.. അച്ഛന് വല്യ നിര്‍ബന്ധമാണ്‌ ഓരോ തവണയും ഒരു പുതിയ സ്ഥലമെങ്കിലും അവരെ കാണിക്കണം എന്ന്. 
        ഇത്തവണ അവര്‍ക്ക് തിരുനെല്ലി ക്ഷേത്രം കാണണമെന്ന് നിര്‍ബന്ധം. എങ്കില്‍ നാളെ രാവിലെ തന്നെ പോകാമെന്നായി അച്ഛന്‍., പക്ഷേ ഒരു വ്യവസ്ഥ - വെളുപ്പിന് 5 മണിയാവുമ്പോഴേക്കും എല്ലാവരും തയ്യാറായിരിക്കണം. (ഇത് ഞങ്ങള്‍ സ്ത്രീജനങ്ങളെ മാത്രം ഉദ്ദേശിച്ചാണ്. ഒരിക്കല്‍ പോലും ഞങ്ങള്‍ കൃത്യസമയത്ത്  ഇറങ്ങാറില്ലെന്നും , മാത്രമല്ല ഒരു  മണിക്കൂറെങ്കിലും വൈകിയാലെ ഞങ്ങള്‍ക്കൊരു സമാധാനം കിട്ടൂ എന്നുമാണ് അച്ഛന്റെ വാദം. എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ അര മണിക്കൂര്‍ മുന്‍പ് തന്നെ തയ്യാറായി നില്‍ക്കുന്നതാണ് അച്ഛന്റെ സ്വഭാവം . ) ഏതായാലും വ്യവസ്ഥ ഞങ്ങള്‍ അംഗീകരിച്ചു. 
        തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രം പിതൃതര്‍പ്പണത്തിനു വളരെ പേര് കേട്ടതാണ്. ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമാണ് ഇവിടം എന്നാണ് വിശ്വാസം.ദക്ഷിണ ഗയ , തെക്കന്‍ കാശി എന്നാ പേരിലൊക്കെ അറിയപ്പെടുന്നു.  ഞങ്ങള്‍ ഇടയ്ക്ക് പോവാറുണ്ട്. കഴിഞ്ഞ യാത്രയെക്കുറിച്ച് പറഞ്ഞും, നാളത്തെ പോക്ക് സ്വപ്നം കണ്ടുമാണ്‌ ഉറങ്ങാന്‍ കിടന്നത്. 
     പുലര്‍ച്ചെ നാല് മണിക്ക് അച്ഛന്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. കുട്ടികളടക്കം എല്ലാവരും ഉണര്ന്നിട്ടുണ്ട്. നല്ല തണുപ്പ്. ഇത്തിരി നേരം കൂടി  കിടക്കണം എന്നുണ്ടായിരുന്നു, പക്ഷെ അമ്മ സമ്മതിച്ചില്ല പിന്നെ തിരക്കോട് തിരക്കായിരുന്നു. എല്ലാവരും ഒരുങ്ങി ഇറങ്ങിയപ്പോള്‍ സമയം അഞ്ചര ആയി.
       അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. വഴികള്‍ തീര്‍ത്തും വിജനമാണ്. മൂടല്‍മഞ്ഞുള്ളതിനാല്‍ ദൂരക്കാഴ്ച വ്യക്തമല്ല അവിടവിടെയായി ഓര്‍മത്തെറ്റ് പോലെ വിളറിയ ചിരിയുമായി വഴിവിളക്കുകള്‍., മിക്കയിടത്തും വിളക്കുകാല്‍ മാത്രമേ ഉള്ളൂ, വെളിച്ചമില്ല. മഞ്ഞിനിയിലൂടെ അരിച്ചു വരുന്ന ഈ മഞ്ഞ വെളിച്ചത്തില്‍ പുറംകാഴ്ചകള്‍ക്ക് ഒരു ദിവ്യമായ ഭംഗി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഞ്ഞുകണങ്ങള്‍ പൊഴിഞ്ഞു വീഴുന്നത് കാണാം. 
       കാട്ടിക്കുളം എത്തി. ഇനിയങ്ങോട്ട് വനമാണ്. ഞങ്ങള്‍ ഇവിടെ ഇറങ്ങി കുറച്ചു ദൂരം വെറുതെ നടന്നു. ചുറ്റും കാപ്പിത്തോട്ടമാണ്. കാപ്പി പഴുത്തിട്ടുണ്ട്. എങ്ങും കാപ്പിയുടെ രൂക്ഷഗന്ധം. തോട്ടത്തില്‍ ഒരിടത്ത് കളത്തില്‍ കാപ്പി  ഉണങ്ങാനിട്ടിരിക്കുന്നു. കുറച്ചു നേരം  നടക്കണമെന്നുണ്ടായിരുന്നു എനിക്ക്, പക്ഷെ എല്ലാരും തിരികെ വണ്ടിയില്‍ കയറി. 
          ഇപ്പോള്‍ പാതയ്ക്കിരുവശവും കാടാണ്. വാനോളം പൊക്കത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വന്മരങ്ങള്‍, അതിനിടയില്‍ ഒരു വികൃതിക്കുട്ടി വരച്ച് ചേര്‍ത്തത് പോലെ തുറസ്സായ കൊച്ചു കൊച്ചു പുല്‍മേടുകള്‍. , ആരോ എടുത്തുവെച്ച കുഞ്ഞുവീടുകള്‍ പോലെ ചില മരങ്ങളില്‍ ഏറുമാടങ്ങള്‍.., മിക്കതും കൃഷിയിടങ്ങളോട് ചേര്‍ന്നാണ്, കാവല്‍പ്പുരകളാവും. റോഡരികില്‍ ഒരു പുല്‍മേട്ടില്‍  ഒരു കുഞ്ഞു മാന്‍ കൂട്ടം മേഞ്ഞു നടക്കുന്നുണ്ട്,
അഞ്ചാറ്പേരുണ്ട്. ഇവര്‍ക്കൊന്നും തണുപ്പില്ലേ  ആവോ? ഇത്ര നേരത്തെ എഴുന്നേറ്റുവരേണ്ട വല്ല കാര്യവുമുണ്ടോ? ഞങ്ങളുടെ സാമീപ്യം മനസ്സിലായിട്ടാവണം- തീറ്റയൊക്കെ നിര്‍ത്തി പരിസരം ശ്രദ്ധിച്ചു. പിന്നെ ഒറ്റയോട്ടമായിരുന്നു. ഒരു ഫോട്ടോ എടുക്കാന്‍ കൂടി പറ്റിയില്ല. കുറച്ചു കൂടി പോയപ്പോള്‍ രണ്ടു  മാനുകളെ കണ്ടു. ഭാഗ്യം! ഇക്കൂട്ടര്‍ ഏതായാലും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു.

     പ്രേതസിനിമകളിലൊക്കെ കേള്‍ക്കും പോലെ ഭീകരമായ ഒരു ശബ്ദം കേട്ടു. മയിലിന്റെ കരച്ചിലാണ് കാടിന്റെ നിശ്ശബ്ദതയില്‍ അത് വീണ്ടും പ്രതിധ്വനിക്കുകയാണ്. കേള്‍ക്കുമ്പോള്‍ പേടി തോന്നും. രണ്ടു പേരുണ്ട്, തീറ്റ തേടി ഇറങ്ങിയതാവും. എനിക്ക് പീലി നീര്‍ത്തി കാണണം എന്നുണ്ട്, പക്ഷെ ആളിത്തിരി തിരക്കിലാണെന്ന് തോന്നുന്നു. നിങ്ങള്‍ പൊക്കോളൂ എന്ന മട്ടില്‍ വഴിയൊഴിഞ്ഞു കാട്ടിനുള്ളിലേക്ക്‌ നടന്നു പോയി. 
      ഏകദേശം 8 മണിയോടെ ഞങ്ങള്‍ തിരുനെല്ലിയിലെത്തി. അമൃത ഹോട്ടെലിന് മുന്നില്‍ വണ്ടി നിന്നു. ഇനി ഒരു കയറ്റമാണ്. ഈ കയറ്റം അവസാനിക്കുന്നിടത്താണ് അമ്പലം, ഇതിനിടയില്‍ ഇടത് ഭാഗത്തായി കാണുന്ന കൊച്ചു ക്ഷേത്രമാണ് ദൈവത്താര്‍ മണ്ഡപം. അല്പം കൂടെ മുന്നോട്ടു പോയാല്‍ കാണുന്നതാണ് ക്ഷേത്രം വക പഞ്ചതീര്‍ത്ഥം ഗസ്റ്റ്‌ ഹൗസ്. ഇപ്പോള്‍ മലമുകളില്‍ തലയുയാര്‍ത്തി നില്‍ക്കുന്ന അമ്പലം കാണാം. 
        ബ്രഹ്മഗിരി, ഉദയഗിരി, നരി നിരങ്ങി മല, കരിമല എന്നിങ്ങനെ നാല് മലകള്‍ക്ക് നടുവിലാണ് തിരുനെല്ലി. ശരിക്കും അത്ഭുതം തന്നെ- കൊടും കാടിന് നടുവില്‍ ഒരു റോഡിനാല്‍ മാത്രം പുറംലോകവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു തുരുത്ത് .
       വലിയ ശിലാഫലകങ്ങള്‍ കൊണ്ടാണ് ക്ഷേത്രവും, കല്‍മണ്ഡപവും, നടപ്പാതകളും, പടിക്കെട്ടും ഒക്കെ നിര്‍മിച്ചിരിക്കുന്നത്, പടികള്‍ അവസാനിക്കുന്നിടത്ത് യാതൊരു ആര്ഭാടവും , അലങ്കാരവും കൂടാതെ ലാളിത്യത്തിന്റെ മൂര്‍ത്തിമദ്  ഭാവം പോലെ (ഇന്നത്തെ കാലത്തിനു ചേരാത്ത വിധത്തില്‍ ) സര്‍വ പ്രൗഡിയോടെയും  തല ഉയര്‍ത്തി നില്‍ക്കുന്നു തിരുനെല്ലിപ്പെരുമാളിന്റെ  ആലയം- തിരുനെല്ലി ക്ഷേത്രം. 
    എവിടെയും പഴമയുടെ ഒരു നിഷ്കളങ്കതയുണ്ട്. വലിയ നടക്കല്ലുകള്‍ പാകിയ പ്രദക്ഷിണവഴി. നല്ല തണുപ്പുള്ള അന്തരീക്ഷം. കോടമഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന ബ്രഹ്മഗിരി. മുറ്റത്തു ഒരു കാട്ടു ചെമ്പകം പൂവിട്ടുണ്ട്. അതാവും നല്ല  ചെമ്പകഗന്ധമുള്ള കാറ്റ്.

      തിരുനെല്ലിയെ കുറിച്ച് കുറെ ഐതിഹ്യങ്ങള്‍ ഉണ്ട്.ബ്രഹ്മാവ്‌ ഒരിക്കല്‍ ഹംസ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രകൃതി ഭംഗി കണ്ടു ബ്രഹ്മഗിരി മലയില്‍ ഇറങ്ങി. വിഷ്ണു ചൈതന്യം കൊണ്ടാണ് ഈ പ്രദേശം  ഇത്ര മേല്‍ മനോഹരമായിരിക്കുന്നത് എന്ന് മനസ്സിലാക്കി. അപ്പോള്‍ ഒരു നെല്ലി മരത്തില്‍ മഹാവിഷ്ണു പ്രത്യക്ഷനായി ഇവിടെ സ്ഥിരപ്രതിഷ്ഠ നടത്താന്‍  ആവശ്യപ്പെട്ടു. ഇവിടം ഭൂമിയിലെ നിത്യവൈകുണ്ഠം ആയിരിക്കുമെന്നും അരുള്‍ ചെയ്തു. അങ്ങനെ ബ്രഹ്മാവ്‌ ആണത്രേ ഇവിടെ പ്രതിഷ്ഠ  നടത്തിയത്. ബ്രഹ്മാവ്‌ യാഗം നടത്തിയ സ്ഥലമൊക്കെ ഇവിടെയുണ്ട്. നെല്ലി മരത്തില്‍ മഹാവിഷ്ണു പ്രത്യക്ഷനായതിനാലാണ് തിരുനെല്ലി എന്ന് പേര് വന്നതെന്നാണ് ഐതിഹ്യം. 
       ഇപ്പോഴും ദിവസത്തിറെ ആദ്യ മുഹൂര്‍ത്തത്തില്‍ ബ്രഹ്മാവാണ് ഇവിടെ പൂജ നടത്തുന്നതെന്നാണ് വിശ്വാസം.  അതിനാല്‍ ഇന്നും രാത്രി നടയടയ്ക്കും മുന്‍പ് ഒരു പൂജയ്ക്കുള്ള സാമഗ്രികള്‍ ബ്രഹ്മയാഗസ്ഥലത്ത് ഒരുക്കി വെയ്ക്കുന്ന പതിവുണ്ട്. 
   ഇവിടത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രക്കിണര്‍ ഇല്ല എന്നതാണ്. ബ്രഹ്മഗിരിയിലെ കാട്ടുചോലയില്‍ നിന്ന് വലിയ കരിങ്കല്‍ പാത്തിയില്‍ എത്തിക്കുന്ന വെള്ളമാണ് ഇന്നും ഉപയോഗിക്കുന്നത്. വളരെ പുരാതനമായ ഒരു പൈപ്പ്  പോലെ. എത്ര കൊടും വേനലിലും ഈ ജലധാര വറ്റാറില്ല 
       പ്രദക്ഷിണം വെച്ച് ഞങ്ങള്‍ പാപനാശിനിയിലേക്കുള്ള പടികളിറങ്ങാന്‍ തുടങ്ങി. പിതൃതര്‍പ്പണത്തിനു പ്രസിദ്ധമാണ് പാപനാശിനി. ഇതില്‍ മുങ്ങിയാല്‍ സര്‍വപാപങ്ങളും കഴുകിക്കളയാം എന്നാണു വിശ്വാസം. വനവാസകാലത്ത് ദശരഥന്റെ വിയോഗമറിഞ്ഞു ശ്രീരാമന്‍ ഇവിടെ പിതൃകര്‍മം ചെയ്തുവത്രെ. പരശുരാമനും ഇവിടെ തര്‍പ്പണം ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. അതെന്തായാലും പിതൃ തര്‍പ്പണത്തിനു ഇപ്പോഴും നിരവധി ആളുകള്‍ ഇവിടെത്താറുണ്ട്. കര്‍ക്കിടക വാവ് ദിവസം ബലിയിടാന്‍ വലിയ തിരക്കാണ് . പാപനാശിനി കാവേരിയുടെ പ്രഭവമാണത്രേ . ഇത് കാവേരിയുടെ പ്രധാന കൈവഴിയായ കാളിന്ദിയില്‍ എത്തുന്നു,

         പാപനാശിനിയിലേക്ക് പോകും വഴിയാണ് പഞ്ച തീര്‍ത്ഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളം. ബ്രഹ്മഗിരിയില്‍ നിന്ന് ഉത്ഭവിക്കുന്ന അഞ്ചു ഉറവകളില്‍ നിന്നുള്ള ജലം കൊണ്ടാണത്രേ ഈ കുളം ഉണ്ടായിരിക്കുന്നത്. ഈ അഞ്ചു തീര്‍ത്ഥങ്ങളെ  മഹാവിഷ്ണുവിന്റെ ശംഖ-ചക്ര-ഗദാ-പത്മ-പാദങ്ങളോട് ഉപമിച്ചിരിക്കുന്നു.

    പാപനാശിനി എത്തുന്നതിനു തൊട്ടു മുന്‍പ് ഒരു ഗുഹ കാണാം. അകത്തു ഇരുട്ടില്‍ ഒരു കെടാവിളക്ക്, നന്നായി കുനിഞ്ഞാല്‍ മാത്രമേ കാണാനാവൂ. ഇതാണ് ഗുണ്ഡികാ  ശിവക്ഷേത്രം. ഇവിടെ പണ്ട് മുനിമാര്‍ തപസ്സു ചെയ്തിരുന്നുവത്രേ. ഇന്നും ഒരു ആശ്രമം പോലെ ശാന്തശീതളമായ ചുറ്റുപാട്.
ചുറ്റും വന്മരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നുണ്ട്. എത്രയോ കാലങ്ങള്‍, ഋതുക്കള്‍, കഥകള്‍ അനുഭവിച്ചവരാവും ഇവര്‍. ഗുണ്ഡികാ ഗുഹയുടെ ഒരറ്റം പക്ഷിപാതാളത്തിലും, അത് വഴി കൊട്ടിയൂരും എത്തുമെന്നും.അതല്ല, തിരുവില്വാമലയിലെ പുനര്‍ജനി ഗുഹയിലാണെന്നും വിശ്വാസമുണ്ട്‌/.. ഇവിടെ നില്ക്കുമ്പോള്‍  നാം കാലത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചത് പോലെ തോന്നും, ഏതോ ഒരു നൂറ്റാണ്ടില്‍ എത്തിപ്പെട്ടത് പോലെ.
       പാപനാശിനിയിലേക്കുള്ള പടവുകള്‍ തുടങ്ങുന്നയിടത്ത് ഒരു കടയില്‍ വനവിഭവങ്ങളും, കൌതുകവസ്തുക്കളും ഒക്കെയുണ്ട്. നല്ല ശുദ്ധമായ കാട്ടുതേന്‍ യാതൊരു മായവും ചേര്‍ക്കാതെ ഇവിടെ കിട്ടും. രാമച്ചവിശറികള്‍, ഔഷധങ്ങള്‍, വനവിഭവങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയൊക്കെ ഇവിടെ ഉണ്ട്. ഞങ്ങള്‍ ഒരു wind chime വാങ്ങി. അതിന്റെ മനോഹര സംഗീതം കേട്ടുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്.
    12 മണിയാവുന്നു. ഞങ്ങള്‍ തിരികെ പോരാനൊരുങ്ങി. ബ്രഹ്മഗിരിയില്‍ മഞ്ഞുരുകി. ഇപ്പോള്‍ നല്ല തെളിഞ്ഞ പച്ചനിറം. മറ്റു 3 മലകളും നീല നിറത്തിലും. ഇടയ്ക്ക് ഇന്നത്തെ ലോകത്തില്‍ നിന്ന് വേര്‍പെട്ടു, തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ കാലം കൂടെക്കൂട്ടാന്‍ മറന്നുപോയ പോലെ തിരുനെല്ലി. ഒന്നുകൂടി അവിടെ നിന്ന് ആ ഗന്ധം വലിച്ചെടുത്തു. ഇനിയും വരാം എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി.
     തിരികെ വരും വഴി കുട്ടേട്ടന്റെ കടയില്‍ നിന്ന് അച്ഛന്‍ ഉണ്ണിയപ്പം വാങ്ങി. കാര്‍ പൊയ്ക്കൊണ്ടിരുന്നു. കഥകളുറങ്ങുന്ന മണ്ണ് കൂടെവരാന്‍ മടിച്ചത് പോലെ അതിവേഗം പിന്നിലേക്കോടി മറഞ്ഞുകൊണ്ടിരുന്നു. കാലത്തിനൊപ്പം പോവാനിഷ്ടമില്ലാത്ത പഴഞ്ചനായ എന്നെ പോലെ....