എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday 28 April 2013

ചില സ്റ്റാൻഡേർഡ് ചിന്തകൾ


"ചേച്ചീ, ഇതാ കണ്ടോ 'touch  me not'.. "

"ഊം, എന്ത് ഭംഗിയാ അല്ലെ അതിന്റെ flower. "

ശാരിയും ശിശിരയും തമ്മിലാണ് ഈ സംസാരം.
വീട്ടിൽ വിരുന്നു വന്നതാണ് രണ്ടു പേരും. ഒരു ബന്ധുവിന്റെ മക്കളാണ് . ശാരി ഏഴിലും ശിശിര അഞ്ചിലും പഠിക്കുന്നു.
ദൈവമേ, ഇതാദ്യമായാണോ ഈ കുട്ടികൾ തൊട്ടാവാടി കാണുന്നത്, ഞാൻ അന്തം വിട്ടു!
സംഗതി സത്യമാണ്, ഇവരാദ്യമായാണത്രെ കാണുന്നത്.
നിങ്ങളിതുവരെ തൊട്ടാവാടി കണ്ടിട്ടില്ലേ, ഞാൻ ഒന്നു കൂടി ചോദിച്ചു.
തൊട്ടാവാടിയോ? ഇപ്പൊ അന്തം വിട്ടത് കുട്ടികളാണ് !!
ഇത് 'touch  me not' അല്ലെ? mimosa എന്നാ പറയുക, ചേച്ചിക്ക് doubt ആണേൽ google-ൽ നോക്കിയാൽ മതി!!! എനിക്ക് തന്നെ സംശയം തോന്നി- ഇനി ഇതിനു തൊട്ടാവാടി എന്നൊരു പേരില്ലേ?
ഇതുവരെയും തൊട്ടാവാടി കണ്ടിട്ടില്ലാത്ത, കണ്ടപ്പോഴും അത് തൊട്ടാവാടിയാണ് എന്നറിയാത്ത, വയലോ, പപ്പായ മരങ്ങളോ ഒന്നും കണ്ടിട്ടില്ലാത്ത ഈ കുട്ടികൾ ഗൾഫ്‌ രാഷ്ട്രങ്ങളിലൊന്നുമല്ല ജീവിക്കുന്നതു. നമ്മുടെ കേരളത്തിലാണ്- തലസ്ഥാനനഗരിയിൽ!

                 
                ഞാനവരെയും കൂട്ടി കുറച്ചു ദൂരം നടക്കാൻ പൊയി. മതിയാവോളം തൊട്ടാവാടിപ്പൂക്കൾ കാണിച്ചു കൊടുത്തു. വയൽ കണ്ടപ്പോൾ ശിശിരയ്ക്ക് സന്തോഷം-ഹായ്, ഏഷ്യാനെറ്റിൽ കാണും പോലെ തന്നെ!
മുക്കുറ്റിയും, തുമ്പയും , കിളികളും, തോടും ഒക്കെ കണ്ടു. മണ്ണാത്തിപ്പുള്ളിനെയും, ഇരട്ടത്തലച്ചിയെയും, പച്ചിലക്കുടുക്കയെയും -എന്തിനു നാടൻ കോഴികളെ വരെ- അവരാദ്യമായത്രേ കാണുന്നത്. വൈക്കോൽ കൂന കണ്ടു കുട്ടികൾ അത്ഭുതപ്പെട്ടു.

അതെന്താ ചേച്ചീ മണ്ണുകൊണ്ട് പിരമിഡ് ഉണ്ടാക്കി വെച്ചിരിക്കുന്നെ?
മണ്‍പുറ്റു കണ്ടിട്ടാണ് ഈ ചോദ്യം!


എനിക്ക് സങ്കടം തോന്നി- മണ്ണും മഴയും വെയിലുമറിയാതെ.. മലയാളം പോലുമറിയാതെ,.. നമ്മുടെ കുട്ടികൾ വളരുകയാണ്.
                

                           മലയാളത്തിന്റെ കാര്യം പറഞ്ഞപ്പോഴാണോർത്തത് - അടുത്ത വീട്ടിലെ അപ്പൂസിന്റെ കാര്യം. അവനിപ്പോൾ u.k.g-ൽ ആണ്. അപ്പൂസേ ആ നീല ബക്കറ്റിങ്ങേടുത്തെ എന്ന് പറഞ്ഞാല അവനറിയില്ല. ബ്ലൂ ആണേൽ കൃത്യമായി എടുത്തുതരും. താറാവിനെ അവനിതു വരെ കണ്ടിട്ടില്ല, പക്ഷെ duck-നെ അറിയാം കേട്ടോ. 
                      എന്റെയൊരു കൂട്ടുകാരിയുടെ മോനും ഇപ്പോൾ u.k.g -ൽ പഠിക്കുന്നു. അവനു മലയാളമേ അറിയില്ല. പഠിക്കുന്ന സ്കൂളിൽ മലയാളം സംസാരിച്ചാൽ പിഴയടയ്ക്കണം, ശിക്ഷയും കിട്ടും. വീട്ടിലെങ്ങാൻ മലയാളം പറഞ്ഞാൽ പിന്നെ അടിയാണ്‌., അവൻ കാണുന്നതാവട്ടെ ഇംഗ്ലീഷ് കാർട്ടൂണുകൾ മാത്രം!ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ മറുപടി- മലയാളം സംസാരിച്ചാൽ സ്റ്റാൻഡേർഡ് ഇല്ലാതാവുമത്രെ! അവന്റെ മുന്നിൽ മലയാളം പറയരുതെന്ന് ഒരു അറിയിപ്പും.

                 മണ്ണിലും  മഴയിലും കളിച്ചും, തളരുവോളം വെയിൽ കൊണ്ടും, ആവോളം മഴ നനഞ്ഞും, ആലിപ്പഴം നുണഞ്ഞും, കാക്ക കൊത്തിയ മാമ്പഴത്തിന്റെ മറുപാതി കഴിച്ചുമൊക്കെ വളര്ന്ന കുട്ടിക്കാലം ഞാനോർത്തു . അല്ലെങ്കിലും കൂട്ടുകാർ പറയും പോലെ ഞാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കേണ്ടതാവാം- പഴഞ്ചൻ.


                    അല്ലെങ്കിലും ഇന്ന് കളിക്കാനും പൂവിറുക്കാനും ഒക്കെ മരമുണ്ടോ?
അതും ഒരു സ്റ്റാൻഡേർഡ്ന്റെ കാര്യം തന്നെ. എത്രയേറെ മരങ്ങൾ കുറയുന്നോ അത്രയേറെ സ്റ്റാൻഡേർഡ് കൂടി എന്നാണല്ലോ. അല്ലെങ്കിലും മരമൊക്കെ ഇപ്പോൾ ആക്ക് വേണം. നമുക്ക് വേണ്ടത് ഷോപ്പിംഗ്‌ മാളുകളും, എക്സ്പ്രസ്സ്‌ ഹൈവേയും ടാർ ചെയ്ത വഴിയോരങ്ങളും, ടൈലിട്ട മുറ്റവും, നാലുനില ബംഗ്ലാവും ഒക്കെയല്ലേ? വികസനമെന്നാൽ മണ്ണിടിയ്ക്കലും, മരം വെട്ടലുമാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവരാണ് നാം.
                   വയനാട്ടുകാരിയാണ് എന്ന് പറയുന്നത് എനിക്കഭിമാനമാണ്. കാട്ടുജാതിക്കാരി എന്ന് പറയുന്നതും ഇഷ്ടമാണ്. പക്ഷെ ഇപ്പോഴിവിടെ കാടൊന്നും ഇല്ലാതാവുകയാണ്. കൊടുംവരൾച്ചയിലാണ് ഇന്ന് വയനാട്. മിക്ക ഇടങ്ങളിലും കുടിയ്ക്കാൻ ഒരു തുള്ളി വെള്ളമില്ല.  കിണർ ഇപ്പോൾ out of fashion ആയതു കൊണ്ട് ഞങ്ങളത് കുഴിക്കാറില്ല. ഇപ്പോൾ കുഴൽക്കിണർ ആണ് fashion. അതും എന്റെ വീട്ടിൽ രണ്ടു കുഴൽക്കിണർ എന്ന് പറയുമ്പോൾ ഗമ അല്പം കൂടി കൂടും . അങ്ങനെ സ്റ്റാൻഡേർഡ് കൂട്ടാനുള്ള ഓട്ടത്തിലാണ് ഇപ്പൊൾ . 

          നമുക്കുള്ളതും അതിലധികവും നാം കവർന്നെടുത്തു കഴിഞ്ഞു, ഇനി വറ്റാൻ പുഴകളോ, വെട്ടാൻ മരങ്ങളോ, നിരത്താൻ കുന്നുകളോ ഏറെയില്ല. എന്നിട്ടും ഒരു തുള്ളി വെള്ളം  മണ്ണിലിറങ്ങാൻ പോലും അനുവദിക്കാതെ സ്റ്റാൻഡേർഡ് കൂട്ടുകയാണ് നാം. എത്രയോ കാലങ്ങളായി വരും തലമുറകൾക്ക് കൂടി കരുതി വെച്ച ഭൂഗർഭജലവും ഊറ്റുകയാണ് . 

    
                             എന്റെ വീടിനു അടുത്തൊരു കുന്നുണ്ട്, അവിടെ ഇപ്പോൾ മണ്ണെടുക്കുകയാണ് . ഞാനിതെഴുതുമ്പോഴും മണ്ണുമാന്തിയന്ത്രം അലറിവിളിക്കുന്നുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരുപാട് പാമ്പുകളെ കൊന്നു. മാളം നഷ്ടപ്പെട്ടാൽ അവരെന്തു ചെയ്യാനാണ്?! ഇവർ  മാത്രമല്ല, മുപ്പതിലേറെ വലിയ മരങ്ങൾ , അവയിൽ  ചേക്കേറുന്ന കിളികൾ, ചീവീടുകൾ, മുയലുകൾ, ശലഭങ്ങൾ, ചെറുപ്രാണികൾ എത്രയധികം പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഭൂമിയുടെ അവകാശികൾ!  നമ്മെപ്പോലെ നഷ്ടപരിഹാരം ചോദിക്കാനോ, സമരം  ചെയ്യാനോ അവർക്കറിയില്ലല്ലോ. 

              നാമെങ്ങോട്ടാണ് വളരുന്നത്‌? അമ്മയെ കൊന്നിട്ട് അമ്മിഞ്ഞപ്പാൽ കുടിയ്ക്കണം എന്ന പോലെയാണ് നമ്മുടെ പോക്ക്. ഇതാണ് വികസനമെങ്കിൽ ഞാൻ വികസനത്തിനെതിരാണ്. ഇങ്ങനെയാണ് സ്റ്റാൻഡേർഡ് ആയി ജീവിക്കുന്നതെങ്കിൽ എനിക്കതും കുറവാണ്. 


      ഇനിയില്ലിവിടെ പച്ചപ്പ്‌
     ബാക്കിയുള്ളത് ഉഷ്ണക്കാറ്റും , ഊഷരഭൂവും,   

      ഊർദ്ധ്വൻ വലിക്കുന്ന     പ്രകൃതിയും മാത്രം 
      

            
  ഇനിയെങ്കിലും നമുക്ക് പ്രവർത്തിച്ചു തുടങ്ങാം. ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി പ്രവൃത്തിയാണ്‌ ആവശ്യം. പ്രകൃതിയെ പറ്റി ഘോരഘോരം പ്രസംഗിച്ചതു  കൊണ്ടോ എന്നെപോലെ ഇവിടിരുന്നു ഒരു ബ്ലോഗ്‌ എഴുതിയത് കൊണ്ടോ ഒന്നിനും പരിഹാരമാവുന്നില്ല. നമുക്ക് ഇറങ്ങിയേ തീരൂ..
 



                  സ്വപ്നം കാണാനെങ്കിലും നമുക്ക് മലയാളം ഉപയോഗിക്കാം. നമ്മുടെ മക്കളെ സംസ്കാരത്തോടെ വളർത്താം . പ്രകൃതിയെ അറിഞ്ഞും, മലയാളം അറിഞ്ഞും, സ്വപ്നം കണ്ടും അവർ വളരട്ടെ. ജീവിതവിജയം എന്നാൽ പണം മാത്രമല്ലെന്ന്, വൈറ്റ് കോളർ ജോലി മാത്രമല്ലെന്ന്, അവർ മനസ്സിലാക്കട്ടെ. മനുഷ്യത്വവും, സംസ്കാരവും, വിവേകവും ഉള്ള ഒരു തലമുറ ഉണ്ടാകട്ടെ. പച്ചപ്പ്‌ നിറഞ്ഞ ഒരു ഭൂമിയും, അതിൽ സന്തോഷത്തോടെ ജീവിക്കുന്ന ജീവജാലങ്ങളും ഉണ്ടാകട്ടെ 

Thursday 18 April 2013



എന്റെ പ്രണയത്തിനു അഭിജ്ഞാനങ്ങളില്ലതെളിവുകളും.
അതിനാൽ ‍ നീ സ്വതന്ത്രനാണ്.
തെളിവുകൾ ‍ ഞാ‍ അവശേഷിപ്പിക്കുന്നില്ല
പോവുക... നീ സ്വതന്ത്രനാണ്.
നീ കണ്ട കെട്ട സ്വപ്നമല്ല ഞാനെന്നു അറിയുമ്പോൾ 
 താളുകളില്‍ ഞാന്‍ കുറിച്ചിട്ട പ്രണയം നീ വായിക്കുമ്പോൾ
ഒരു വാക്കിന്റെ പോലും നീറ്റലില്ലാതെ എന്റെ പ്രണയമറിയുമ്പോൾ 
പ്രണയിക്കുകയായിരുന്നു നാമെന്നു തിരിച്ചറിയുമ്പോൾ 
വരിക നീ... എന്നിലേക്ക്‌..
മുറിവുണക്കാം നമുക്ക്നിറഞ്ഞ സ്നേഹത്താൽ ..,.
എങ്കിലും എന്നേക്കുമായി എന്റെ ഹൃദയം നിന്നിൽ‍ കൊരുത്തിരിക്കുന്നുവെന്നറിക.

Thursday 11 April 2013

നീല പൂക്കുന്ന താഴ്വര

ഒരുനാള്‍ ഞാന്‍ ഉറങ്ങുക മരണത്തിലേക്കായിരിക്കും, 

അന്ന് നിറയെ നീലപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന മരണത്തിന്റെ 


താഴ്വരയിലാവും ഞാന്‍ ഉണര്‍ന്നെഴുന്നെല്‍ക്കുക ... നിറയെ മരണം പൂത്ത

 കുഞ്ഞുനീലപൂക്കള്‍..,. താഴ്വരയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു മരത്തില്‍ നിന്നും 

ഴുത്ത ഇലകളും, ചുവന്ന പൂക്കളും സദാ പൊഴിഞ്ഞുവീഴുന്നുണ്ടാകും.

 മഞ്ഞിന്റെ നീലപ്പുകയാല്‍ കുന്നു മൂടിയിരിക്കും.


താഴെ നീലപ്പൂക്കളുടെ പരവതാനി,

മുകളില്‍ മരവിപ്പിക്കുന്ന നിസ്സംഗതയുടെ ആകാശനീലം.

കുന്നിലാകെ ഒഴുകിനടക്കുന്ന മരണഗന്ധമുള്ള നീല മഞ്ഞിന്‍ധൂപം.

എങ്ങും നീല.. നീലിമ..

അവിടെ വിളര്‍ത്ത മിഴികളും, പകച്ച മനസ്സും, മഞ്ഞച്ച 


മുഖവുമായി ഉഴറിനടക്കുന്ന പെണ്‍കുട്ടി-ഞാന്‍.

മരവിപ്പിക്കുന്ന നീലയല്ലാതൊരു നിറം തിരഞ്ഞു നടക്കുന്നവള്‍..

ഈ മരണനീലിമയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവാന്‍


 വരുന്ന ഗന്ധര്‍വനേയും കാത്തിരിക്കുന്നവള്‍.

ഒരു പക്ഷെ,,, പിന്മടക്കങ്ങളില്ല ഈ നീലവസന്തത്തിനു എന്നറിഞ്ഞിട്ടും


 അവളുടെ പകല്‍ക്കിനാവുകളില്‍..പേടിപ്പെടുത്തുന്ന നീലിമയ്ക്കിടയിലും

 നിറക്കൂട്ടുകള്‍ കടന്നുവരുന്നു ..


മരണത്തിന്റെ പൂക്കള്‍ക്കിടയില്‍ വാടിയ ഒരു നീല പൂവായി ഞാനും ...


ഇനിയവളുടെ സ്വപ്നങ്ങളില്‍ നിന്ന് നീല മാഞ്ഞുപോവുമോ?


"മകളുടെ ഉമിത്തീയിലെരിയുന്നു ഞാ ,
ഇതെനിക്കുള്ള ശിക്ഷ!
നേരല്ലെന്നറിഞ്ഞിട്ടും വഴി മാറിയൊഴുകിയതിന് ..
അല്ലെങ്കി കാലത്തിനൊപ്പം ഒഴുകാതിരുന്നതിന്...
ഇപ്പോഴുമിങ്ങനെ കെട്ടിക്കിടക്കുന്നതിന് ...

Saturday 6 April 2013

വഴികൾ അവസാനിക്കുന്നത്

വഴികളേറെ ഞാൻ നടന്നുനോക്കി-
നിന്നിൽ  നിന്നകന്നു മാറാൻ.
പക്ഷേ  ഒടുവിൽ  എല്ലാ വഴികളും 
എത്തിച്ചേരുന്നത് നിന്നിലേക്കാണ്.
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ് -
എന്റെ  വഴികൾ നിന്നിലേക്ക്‌ നീളുന്നവയെന്ന്;
മൃതിയിലേക്കായാലും, പുനർജനിയിലേക്കായാലും.

തെറ്റെങ്കിലാവട്ടെ, ഞാൻ നടക്കുന്നു-
നിന്നിലേക്ക്‌... ഒരുപക്ഷെ മൃതിയിലേക്ക്..

Friday 5 April 2013

പ്രണയം

പകൽമാന്യന്മാർ കല്പ്പിച്ച സീമകൾക്കപ്പുറം 
കടൽ ആകാശത്തെ പ്രണയിച്ചു; പരിണയിച്ചു.
അവർ ഒരാത്മാവായി.
കടലിന്റെ പരിരംഭണത്തിൽ 
ആകാശം ചുവന്നു തുടുത്തു.

ഇപ്പോൾ കടലിനും ആകാശത്തിനും ഒരേ നിറം-
പ്രണയത്തിന്റെ ചുവപ്പ്!

കാത്തിരിപ്പിനൊടുവിൽ
      ആകാശം മഴക്കാറിനെ ഗർഭം  ധരിച്ചു 
സ്നേഹവർഷമായ് 
     കടലിനെ പുല്കുന്നു മഴക്കുഞ്ഞുങ്ങൾ.


ഇപ്പോഴും കടലിനും ആകാശത്തിനും ഒരേ നിറം-
സ്നേഹസാഫല്യത്തിൻ കാർവർണം!


അഹങ്കാരം




അവർ പറയുന്നു-
എനിക്കഹങ്കാരമത്രെ.
അഹങ്കാരം ഉണ്ടായിരുന്നെന്നും 
അത് നീയായിരുന്നെന്നും 
ഇപ്പോഴെനിക്ക് 'അഹം' പോലുമില്ലെന്നും 
അവർക്കറിയില്ലല്ലോ ..
മണ്ടന്മാർ!; ഞാൻ ചിരിച്ചു
പിന്നെ തിരിച്ചുപോന്നു.
ഞാൻ ജീവിക്കുന്ന ഭൂതകാലങ്ങളിലേക്ക് 
നമ്മുടെ ലോകത്തേക്ക്...
ഇനി നീയും പറയുമോ 
          എനിക്കഹങ്കാരമെന്ന്?!