എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Tuesday 6 January 2015

ഉയിർപ്പ്


മൂന്നല്ല, മൂവായിരം വട്ടം 
നീയെന്നെ തള്ളിപ്പറഞ്ഞു.
മുപ്പതു വെള്ളിക്കാശിനു പോലുമല്ലാതെ 
ചുംബനം കൊണ്ടെന്നെയും ഒറ്റുകൊടുത്തു.
ചെയ്യാത്ത കുറ്റത്തിനെന്നെ കുരിശേറ്റിയപ്പോഴും 
പങ്കില്ലയെന്നോതി കൈ കഴുകി.

എന്റെ വേദനയിൽ ചങ്കു പിളർന്ന് 
ഭൂമി കുലുങ്ങിയില്ല,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല.

എങ്കിലും മൂന്നാംനാൾ ഞാനുയിർക്കും.
അന്ന്,
ആണിപ്പഴുതിൽ തൊട്ടുനോക്കാതെ
നീയെന്നെ വിശ്വസിക്കും.
തള്ളിപറഞ്ഞ നാവുകൊണ്ട്
എനിയ്ക്ക് സ്തുതി പാടും.

ഞാനോ, നിനക്കുവേണ്ടി കൂടിയാണ്
മുറിഞ്ഞതെന്ന് പുഞ്ചിരിയ്ക്കും.
നിന്റെ കൈപിടിച്ച്
ആകാശത്തിന്റെ അതിരുകൾ താണ്ടും.
നാമൊന്നിച്ച് സ്വർഗാരോഹണം ചെയ്യും.

നമ്മുടെ ആകാശവും ഭൂമിയും നിറഞ്ഞ്
മുന്തിരിവള്ളികളും, മാതളനാരകവും പൂവിടും
ഞാനും നീയും മാഞ്ഞുപോകും,
നാം സ്നേഹം മാത്രമാകും.

ഭൂമിയിലപ്പോഴും
ഇല്ലാത്ത മരത്തിലെ
കായ്ക്കാത്ത പഴം കഴിച്ച്
ആരൊക്കെയോ
സ്വയം ഭ്രഷ്ടരാവുന്നുണ്ടാവും.

Friday 13 December 2013

ഉറുമ്പുകൾ

തുടുത്തുമിനുത്ത കാപ്പിപ്പഴങ്ങൾക്കിടയിൽ 
മധുരം തേടി ചിതറിനടപ്പുണ്ട് ഉറുമ്പുകൾ.

ഓർക്കാപ്പുറത്ത് വീശിയൊരു മുരടൻ കാറ്റിന്റെ 

ഭീഷണിയിൽ കാലിടറി വീഴുന്നുണ്ട്‌ ചിലർ.

നിലം പറ്റിയിട്ടും പൊഴിഞ്ഞുവീണ ഓർമപ്പൂക്കളിൽ 

തേൻ നുകർന്ന് സ്വയം മറക്കുന്നു ചിലരിപ്പോഴും.

പുതുമഴയിൽ അലിഞ്ഞുപോവുമെന്നറിഞ്ഞിട്ടും 
പണിതുയർത്തുന്നുണ്ട് സ്വപ്നസൗധങ്ങൾ.

മോക്ഷമാർഗം തേടി പിൻവലിയുന്ന സന്യാസിയുറുമ്പുകൾ
ഇരുണ്ട ഭൂഗർഭ അറകളിൽ തപസ്സു ചെയ്യുന്നു.

ചിറകു മുളച്ച ചില മാലാഖമാർ
നിരാസങ്ങളുടെ വേവിൽ ഉന്മാദനടനമാടുന്നു.

ഓർമയുടെ ലഹരിയിൽ നിന്നൊരു കടിയാലുണർത്തിയ
                                                     കുഞ്ഞനുറുമ്പിനെ
രണ്ടു വിരലുകൾക്കിടയിൽ ഞെരിച്ചു കളഞ്ഞു ഞാൻ.

എന്നാലുമിപ്പോഴും വരിവരിയായി വരുന്നുണ്ട്
എണ്ണിയാലൊടുങ്ങാങ്ങാത്ത ഉറുമ്പിൻപറ്റം.

Monday 18 November 2013

നിസ്സഹായത


നിനവ് പൂത്ത കണ്ണുകളും,
വസന്തത്തിന്റെ ചുണ്ടുകളുമാ-
ണെനിക്കെന്ന് വലിച്ചെറിയും വരെ
നീ ഓര്മിപ്പിച്ചു കൊണ്ടേയിരുന്നു.

ഇന്നെനിയ്ക്ക് ഗ്രീഷ്മത്തിന്റെ കണ്ണുകളും
അഗ്നിയാളുന്ന ചുണ്ടുകളുമാണ്.
ഒരു ചുംബനത്തിന്റെ ചൂടിൽ
നിന്നെയെരിച്ചുകളയാൻ മാത്രം
അഗ്നി ചുണ്ടുകളിലും
ഒരു നോട്ടത്താൽ ഭസ്മീകരിക്കാനുള്ളത്ര
കണ്ണുകളിലും കാത്തുവെച്ചിട്ടുണ്ട്.
ഞാനിന്ന് അഗ്നിയാണ്.

എന്നിട്ടുമെന്താണ് അഗ്നിയാളുന്ന കണ്ണ്
തുറന്നു ഞാൻ നിന്നെ നോക്കാത്തത്?
എന്നിട്ടുമെന്താണ് കനിവും, പ്രണയവുമൊളിപ്പിച്ച
ഒരുൾക്കണ്ണ്‍ നിന്നിലേക്ക്‌ നീളുന്നത്?
കല്പാന്തകാലം അമർത്തിവെച്ചിട്ടും
തുളുമ്പിപ്പോയ കന്മദം ഒഴുകിയ
വഴികളിൽ നിന്റെ പേരുള്ള പൂക്കൾ വിടരുന്നത്?

Sunday 3 November 2013

അരുണ ഷാൻബാഗ്....


പ്രിയപ്പെട്ട ഷാൻബാഗ്,
നരച്ച ആശുപത്രിച്ചുമരുകൾക്കപ്പുറം
നിന്റെ മിഴികളിൽ പ്രതിഫലിക്കുന്നതെന്താണ്?
കാലങ്ങൾക്ക്  മുൻപ് പ്രണയം പകർന്നു
നീ കൊളുത്തിവെച്ച തിരിവെട്ടമോ,
പലപ്പോഴായി കൂട്ടിവെച്ച
മോഹത്തിൻ ശബളമാമൊരിതളോ,
അതോ, മോചനത്തിന്റെ സന്ദേശവുമായ്
വരുന്ന മരണദൂതനായുള്ള കാത്തിരിപ്പോ?

നാല്പത് സംവത്സരങ്ങൾക്കു മുൻപ്
നിന്റെ ഘടികാരം നിലച്ചുപോയെങ്കിലും
കാലമിപ്പോഴും കറങ്ങുന്നുണ്ട്,
ഏതു ദിശയിൽ തിരിഞ്ഞാലാണ്
ചങ്ങലയിൽ ഞെരിച്ചുകൊന്ന
പളുങ്കുസ്വപ്നങ്ങളുടെ വസന്തകാലത്തിലെത്തുക?

മാപ്പ് ചോദിക്കിലോ, പശ്ചാത്തപിക്കിലോ
നീ തിന്ന വേദനകൾ അലിഞ്ഞുപോവില്ല-
യെങ്കിലും മാപ്പിരക്കട്ടെ ഞങ്ങൾ.
കാമാർത്തനായ കാട്ടാളനോട്
'മാനിഷാദ' യെന്നോതാതെ
'ഭാവശുദ്ധി'യ്ക്ക് കോട്ടം വരുത്താതെ
സുവർണവൽമീകം ചമച്ചു കാത്ത
സംസ്കാരചിത്തരാം ജനത ഞങ്ങൾ;

ബാക്കിയായൊരുയിരിൻ തുടിപ്പിനെ
ആളിക്കത്തിക്കാനോ, ഊതിയണയ്ക്കാനോ
പറ്റാത്ത ഏതു ശാസ്ത്രത്തിനാണ്
നിന്നിലെ സ്മൃതിമണ്ഡലങ്ങൾ
അസ്തമിച്ചെന്നു  പറയാൻ കഴിയുക?!

ആർക്കാണറിയുക-
അവിടെയിപ്പോഴുമൊരു പൂ വിടരുന്നുവെന്ന്,
ഒരു കടലിരമ്പുന്നുവെന്ന്,
വരണ്ടുവിണ്ട  ചുണ്ടുമായി
ഒരു തണുപ്പൻകാറ്റ് ഉഴറിനടക്കുന്നുവെന്ന്,
നിസ്സഹായതയുടെ പാരമ്യതയിൽ
സുന്ദരിയായൊരു പെണ്‍കൊടി അലറിച്ചിരിക്കുന്നുവെന്ന്...


കണ്ണ് കെട്ടിയ നീതിദേവതയ്ക്കും,
അന്ധരായ ജനതയ്ക്കും മുന്നില്
നീ ചിരിക്കുകയാണ് അരുണാ ;
നീതിനിഷേധങ്ങളുടെ ജീവനുള്ള സ്മാരകമായി.

Saturday 11 May 2013

അവസാനത്തെ കവിത


അവസാനത്തെ കവിത കുറിക്കുകയാണ് ഞാൻ.
സ്വപ്നങ്ങളുടെ നേർത്ത കമ്പളത്തിനുള്ളിൽ 
ലോകം സുഖമായുറങ്ങുമ്പോഴും 
ഞാൻ അവസാനത്തെ കവിതയെഴുതുകയാണ്.

ഇനിയെന്റെ പേനത്തുമ്പിൽ 
ഒരു വേനൽ ചിറകു വിരിക്കയില്ല 
ഒരു മഴക്കാലം പെയ്തു നിറയുകയില്ല.
പ്രണയം കവിൾ  തുടുപ്പിക്കുകയോ 
ഗുൽമോഹർ ഋതുമതിയാവുകയോ ഇല്ല.
വേദനയുടെ മൂർച്ഛയിൽ നിന്നുമൊരു
 കവിതക്കുഞ്ഞും ഇനി പിറന്നു വീഴുകയില്ല.

പൂത്തുവിടർന്നതും പൂക്കാൻ മറന്നതുമായ 
സ്വപ്നങ്ങളുടെ വർണങ്ങൾ ചാലിച്ച് 
എന്നിലെ പ്രണയഹർഷങ്ങളെല്ലാം 
തൂലികത്തുമ്പിലാവാഹിച്ചു 
നോവിന്റെ അവസാനതുള്ളിയും ഊറ്റി 
ഞാനെഴുതുകയാണ് - അവസാനകവിത.

കവിതയാം ലഹരിയുടെ മഷി കുടിച്ചുവറ്റിച്ച 
തൂലികയിൽ നിന്നിനി പിറന്നുവീഴുക 
മൌനത്തിൻ ചാപിള്ളക്കുഞ്ഞുങ്ങളാവും.

രാവേറെയായെന്നൊരു കിളി ചിലയ്ക്കുമ്പോഴും 
പാരിജാതത്തിൻ മദഗന്ധം പരക്കുമ്പോഴും 
രാത്രിമഴയിൽ ഭൂമി പുളകിതയാവുമ്പോഴും 
ഇരുളിലേക്ക് ജാലകങ്ങൾ തുറന്നിട്ട്‌ 
പാതിരാക്കാറ്റിൽ ഇളകുന്ന മുടിയൊതുക്കി 
ഞാൻ എഴുത്തുമേശയ്ക്കു മുൻപിലാണ്.

അതെ,
ഞാൻ കവിത കുറിക്കുകയാണ് 
അവസാനത്തെ കവിത!

Thursday 2 May 2013

വിഭജനം

നിമിഷാർദ്ധത്തിന്റെ (അ)വിവേകത്തിൽ 
ആരോ വരച്ചിട്ട നിയന്ത്രണരേഖ. 
അർത്ഥശൂന്യമായൊരു വരയ്ക്കിരുപുറം 
വിഭജിക്കപ്പെട്ടതറിയാതെ ഇരുമനസ്സുകൾ 
വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ
 ഹൃദയത്തിൽ നിന്നും മസ്തിഷ്കത്തിലേക്ക്‌
 പലായനം ചെയ്യുന്ന അഭയാർഥി- പ്രണയം. 
പറിച്ചുനടലിന്റെ ആഘാതത്തിൽ 
ആത്മാവിന്റെ പുറമ്പോക്കുകളിൽ
വേരുപേക്ഷിച്ചു പാഞ്ഞ പ്രണയത്തിന്റെ നഗ്നത!
പൊള്ളയായ പ്രത്യയശാസ്ത്രങ്ങളും 
പ്രായോഗികതയുടെ ()ധർമബോധങ്ങളും കൊണ്ട് 
ആരൊക്കെയോ ചമച്ച ചക്രവ്യൂഹത്തിൽ 
സ്വത്വം നഷ്ടപ്പെട്ടു,ലോകം നഷ്ടപ്പെട്ട് നാം. 
ഇപ്പോഴും നിസ്സംഗതയുടെ പൊയ്മുഖത്തിനടിയിൽ 
തിളച്ചു തൂവുകയാണ്-എന്നിൽ നീയും നിന്നിൽ ഞാനും.

Sunday 28 April 2013

ചില സ്റ്റാൻഡേർഡ് ചിന്തകൾ


"ചേച്ചീ, ഇതാ കണ്ടോ 'touch  me not'.. "

"ഊം, എന്ത് ഭംഗിയാ അല്ലെ അതിന്റെ flower. "

ശാരിയും ശിശിരയും തമ്മിലാണ് ഈ സംസാരം.
വീട്ടിൽ വിരുന്നു വന്നതാണ് രണ്ടു പേരും. ഒരു ബന്ധുവിന്റെ മക്കളാണ് . ശാരി ഏഴിലും ശിശിര അഞ്ചിലും പഠിക്കുന്നു.
ദൈവമേ, ഇതാദ്യമായാണോ ഈ കുട്ടികൾ തൊട്ടാവാടി കാണുന്നത്, ഞാൻ അന്തം വിട്ടു!
സംഗതി സത്യമാണ്, ഇവരാദ്യമായാണത്രെ കാണുന്നത്.
നിങ്ങളിതുവരെ തൊട്ടാവാടി കണ്ടിട്ടില്ലേ, ഞാൻ ഒന്നു കൂടി ചോദിച്ചു.
തൊട്ടാവാടിയോ? ഇപ്പൊ അന്തം വിട്ടത് കുട്ടികളാണ് !!
ഇത് 'touch  me not' അല്ലെ? mimosa എന്നാ പറയുക, ചേച്ചിക്ക് doubt ആണേൽ google-ൽ നോക്കിയാൽ മതി!!! എനിക്ക് തന്നെ സംശയം തോന്നി- ഇനി ഇതിനു തൊട്ടാവാടി എന്നൊരു പേരില്ലേ?
ഇതുവരെയും തൊട്ടാവാടി കണ്ടിട്ടില്ലാത്ത, കണ്ടപ്പോഴും അത് തൊട്ടാവാടിയാണ് എന്നറിയാത്ത, വയലോ, പപ്പായ മരങ്ങളോ ഒന്നും കണ്ടിട്ടില്ലാത്ത ഈ കുട്ടികൾ ഗൾഫ്‌ രാഷ്ട്രങ്ങളിലൊന്നുമല്ല ജീവിക്കുന്നതു. നമ്മുടെ കേരളത്തിലാണ്- തലസ്ഥാനനഗരിയിൽ!

                 
                ഞാനവരെയും കൂട്ടി കുറച്ചു ദൂരം നടക്കാൻ പൊയി. മതിയാവോളം തൊട്ടാവാടിപ്പൂക്കൾ കാണിച്ചു കൊടുത്തു. വയൽ കണ്ടപ്പോൾ ശിശിരയ്ക്ക് സന്തോഷം-ഹായ്, ഏഷ്യാനെറ്റിൽ കാണും പോലെ തന്നെ!
മുക്കുറ്റിയും, തുമ്പയും , കിളികളും, തോടും ഒക്കെ കണ്ടു. മണ്ണാത്തിപ്പുള്ളിനെയും, ഇരട്ടത്തലച്ചിയെയും, പച്ചിലക്കുടുക്കയെയും -എന്തിനു നാടൻ കോഴികളെ വരെ- അവരാദ്യമായത്രേ കാണുന്നത്. വൈക്കോൽ കൂന കണ്ടു കുട്ടികൾ അത്ഭുതപ്പെട്ടു.

അതെന്താ ചേച്ചീ മണ്ണുകൊണ്ട് പിരമിഡ് ഉണ്ടാക്കി വെച്ചിരിക്കുന്നെ?
മണ്‍പുറ്റു കണ്ടിട്ടാണ് ഈ ചോദ്യം!


എനിക്ക് സങ്കടം തോന്നി- മണ്ണും മഴയും വെയിലുമറിയാതെ.. മലയാളം പോലുമറിയാതെ,.. നമ്മുടെ കുട്ടികൾ വളരുകയാണ്.
                

                           മലയാളത്തിന്റെ കാര്യം പറഞ്ഞപ്പോഴാണോർത്തത് - അടുത്ത വീട്ടിലെ അപ്പൂസിന്റെ കാര്യം. അവനിപ്പോൾ u.k.g-ൽ ആണ്. അപ്പൂസേ ആ നീല ബക്കറ്റിങ്ങേടുത്തെ എന്ന് പറഞ്ഞാല അവനറിയില്ല. ബ്ലൂ ആണേൽ കൃത്യമായി എടുത്തുതരും. താറാവിനെ അവനിതു വരെ കണ്ടിട്ടില്ല, പക്ഷെ duck-നെ അറിയാം കേട്ടോ. 
                      എന്റെയൊരു കൂട്ടുകാരിയുടെ മോനും ഇപ്പോൾ u.k.g -ൽ പഠിക്കുന്നു. അവനു മലയാളമേ അറിയില്ല. പഠിക്കുന്ന സ്കൂളിൽ മലയാളം സംസാരിച്ചാൽ പിഴയടയ്ക്കണം, ശിക്ഷയും കിട്ടും. വീട്ടിലെങ്ങാൻ മലയാളം പറഞ്ഞാൽ പിന്നെ അടിയാണ്‌., അവൻ കാണുന്നതാവട്ടെ ഇംഗ്ലീഷ് കാർട്ടൂണുകൾ മാത്രം!ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ മറുപടി- മലയാളം സംസാരിച്ചാൽ സ്റ്റാൻഡേർഡ് ഇല്ലാതാവുമത്രെ! അവന്റെ മുന്നിൽ മലയാളം പറയരുതെന്ന് ഒരു അറിയിപ്പും.

                 മണ്ണിലും  മഴയിലും കളിച്ചും, തളരുവോളം വെയിൽ കൊണ്ടും, ആവോളം മഴ നനഞ്ഞും, ആലിപ്പഴം നുണഞ്ഞും, കാക്ക കൊത്തിയ മാമ്പഴത്തിന്റെ മറുപാതി കഴിച്ചുമൊക്കെ വളര്ന്ന കുട്ടിക്കാലം ഞാനോർത്തു . അല്ലെങ്കിലും കൂട്ടുകാർ പറയും പോലെ ഞാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കേണ്ടതാവാം- പഴഞ്ചൻ.


                    അല്ലെങ്കിലും ഇന്ന് കളിക്കാനും പൂവിറുക്കാനും ഒക്കെ മരമുണ്ടോ?
അതും ഒരു സ്റ്റാൻഡേർഡ്ന്റെ കാര്യം തന്നെ. എത്രയേറെ മരങ്ങൾ കുറയുന്നോ അത്രയേറെ സ്റ്റാൻഡേർഡ് കൂടി എന്നാണല്ലോ. അല്ലെങ്കിലും മരമൊക്കെ ഇപ്പോൾ ആക്ക് വേണം. നമുക്ക് വേണ്ടത് ഷോപ്പിംഗ്‌ മാളുകളും, എക്സ്പ്രസ്സ്‌ ഹൈവേയും ടാർ ചെയ്ത വഴിയോരങ്ങളും, ടൈലിട്ട മുറ്റവും, നാലുനില ബംഗ്ലാവും ഒക്കെയല്ലേ? വികസനമെന്നാൽ മണ്ണിടിയ്ക്കലും, മരം വെട്ടലുമാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവരാണ് നാം.
                   വയനാട്ടുകാരിയാണ് എന്ന് പറയുന്നത് എനിക്കഭിമാനമാണ്. കാട്ടുജാതിക്കാരി എന്ന് പറയുന്നതും ഇഷ്ടമാണ്. പക്ഷെ ഇപ്പോഴിവിടെ കാടൊന്നും ഇല്ലാതാവുകയാണ്. കൊടുംവരൾച്ചയിലാണ് ഇന്ന് വയനാട്. മിക്ക ഇടങ്ങളിലും കുടിയ്ക്കാൻ ഒരു തുള്ളി വെള്ളമില്ല.  കിണർ ഇപ്പോൾ out of fashion ആയതു കൊണ്ട് ഞങ്ങളത് കുഴിക്കാറില്ല. ഇപ്പോൾ കുഴൽക്കിണർ ആണ് fashion. അതും എന്റെ വീട്ടിൽ രണ്ടു കുഴൽക്കിണർ എന്ന് പറയുമ്പോൾ ഗമ അല്പം കൂടി കൂടും . അങ്ങനെ സ്റ്റാൻഡേർഡ് കൂട്ടാനുള്ള ഓട്ടത്തിലാണ് ഇപ്പൊൾ . 

          നമുക്കുള്ളതും അതിലധികവും നാം കവർന്നെടുത്തു കഴിഞ്ഞു, ഇനി വറ്റാൻ പുഴകളോ, വെട്ടാൻ മരങ്ങളോ, നിരത്താൻ കുന്നുകളോ ഏറെയില്ല. എന്നിട്ടും ഒരു തുള്ളി വെള്ളം  മണ്ണിലിറങ്ങാൻ പോലും അനുവദിക്കാതെ സ്റ്റാൻഡേർഡ് കൂട്ടുകയാണ് നാം. എത്രയോ കാലങ്ങളായി വരും തലമുറകൾക്ക് കൂടി കരുതി വെച്ച ഭൂഗർഭജലവും ഊറ്റുകയാണ് . 

    
                             എന്റെ വീടിനു അടുത്തൊരു കുന്നുണ്ട്, അവിടെ ഇപ്പോൾ മണ്ണെടുക്കുകയാണ് . ഞാനിതെഴുതുമ്പോഴും മണ്ണുമാന്തിയന്ത്രം അലറിവിളിക്കുന്നുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരുപാട് പാമ്പുകളെ കൊന്നു. മാളം നഷ്ടപ്പെട്ടാൽ അവരെന്തു ചെയ്യാനാണ്?! ഇവർ  മാത്രമല്ല, മുപ്പതിലേറെ വലിയ മരങ്ങൾ , അവയിൽ  ചേക്കേറുന്ന കിളികൾ, ചീവീടുകൾ, മുയലുകൾ, ശലഭങ്ങൾ, ചെറുപ്രാണികൾ എത്രയധികം പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഭൂമിയുടെ അവകാശികൾ!  നമ്മെപ്പോലെ നഷ്ടപരിഹാരം ചോദിക്കാനോ, സമരം  ചെയ്യാനോ അവർക്കറിയില്ലല്ലോ. 

              നാമെങ്ങോട്ടാണ് വളരുന്നത്‌? അമ്മയെ കൊന്നിട്ട് അമ്മിഞ്ഞപ്പാൽ കുടിയ്ക്കണം എന്ന പോലെയാണ് നമ്മുടെ പോക്ക്. ഇതാണ് വികസനമെങ്കിൽ ഞാൻ വികസനത്തിനെതിരാണ്. ഇങ്ങനെയാണ് സ്റ്റാൻഡേർഡ് ആയി ജീവിക്കുന്നതെങ്കിൽ എനിക്കതും കുറവാണ്. 


      ഇനിയില്ലിവിടെ പച്ചപ്പ്‌
     ബാക്കിയുള്ളത് ഉഷ്ണക്കാറ്റും , ഊഷരഭൂവും,   

      ഊർദ്ധ്വൻ വലിക്കുന്ന     പ്രകൃതിയും മാത്രം 
      

            
  ഇനിയെങ്കിലും നമുക്ക് പ്രവർത്തിച്ചു തുടങ്ങാം. ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി പ്രവൃത്തിയാണ്‌ ആവശ്യം. പ്രകൃതിയെ പറ്റി ഘോരഘോരം പ്രസംഗിച്ചതു  കൊണ്ടോ എന്നെപോലെ ഇവിടിരുന്നു ഒരു ബ്ലോഗ്‌ എഴുതിയത് കൊണ്ടോ ഒന്നിനും പരിഹാരമാവുന്നില്ല. നമുക്ക് ഇറങ്ങിയേ തീരൂ..
 



                  സ്വപ്നം കാണാനെങ്കിലും നമുക്ക് മലയാളം ഉപയോഗിക്കാം. നമ്മുടെ മക്കളെ സംസ്കാരത്തോടെ വളർത്താം . പ്രകൃതിയെ അറിഞ്ഞും, മലയാളം അറിഞ്ഞും, സ്വപ്നം കണ്ടും അവർ വളരട്ടെ. ജീവിതവിജയം എന്നാൽ പണം മാത്രമല്ലെന്ന്, വൈറ്റ് കോളർ ജോലി മാത്രമല്ലെന്ന്, അവർ മനസ്സിലാക്കട്ടെ. മനുഷ്യത്വവും, സംസ്കാരവും, വിവേകവും ഉള്ള ഒരു തലമുറ ഉണ്ടാകട്ടെ. പച്ചപ്പ്‌ നിറഞ്ഞ ഒരു ഭൂമിയും, അതിൽ സന്തോഷത്തോടെ ജീവിക്കുന്ന ജീവജാലങ്ങളും ഉണ്ടാകട്ടെ