എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday, 5 February 2012

മഞ്ഞു മൂടിയ കാഴ്ചകള്‍..

            വളരെ നാളുകള്‍ക്കു ശേഷം വീണു കിട്ടിയ അവധി ദിനങ്ങളാണ്.തിരക്ക് പിടിച്ച ഈ ഓട്ടത്തിനിടയില്‍ ഒരുപാട് നാളുകള്‍ക്കൊടുവിലാണ് രണ്ടു മൂന്നു ദിവസം വീട്ടില്‍ നില്ക്കാന്‍ പറ്റുന്നത്.
             എന്റെ നാട് വളരെ സുന്ദരിയായിരിക്കുന്നു, പതിവിലുമധികം. ജനുവരിയിലും മഞ്ഞുപുതപ്പ് അഴിച്ചു മാറ്റിയിട്ടില്ല!മൂടുപടം മാറ്റാന്‍ മടിച്ചു നില്‍ക്കുന്ന മണവാട്ടിയെപ്പോലെ ഇനിയും മഞ്ഞുപുതപ്പിലോളിച്ച്ചു വെക്കയാണ് ഈ സൌന്ദര്യം..മനോഹരമായ ഒരു പ്രഭാതം! ഈ മൂടല്‍മഞ്ഞു സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതെയുള്ളൂ..! പടര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ സൂര്യ രശ്മികള്‍ ഒളിഞ്ഞു നോക്കുന്നുണ്ട്. ഞാന്‍ മുറ്റത്തേക്കിറങ്ങി. പതിയെ അരിച്ചു കേറുന്നു സുഖമുള്ള തണുപ്പ്. തണുപ്പകറ്റാനായി  മുറ്റത്തു വിറകും , ഉണങ്ങിയ  ഇലകളും കൂട്ടി കത്തിച്ചു തീ കായുനുണ്ട് അയല്‍പക്കത്തെ വല്യമ്മച്ചിയും കൊച്ചു മക്കളും. അല്‍പസമയം അവരുമായി കുശലം പറഞ്ഞു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള അപ്പൂസ് ഈ തണുപ്പൊന്നും വക വെയ്ക്കാതെ മുറ്റത്തും, തൊടിയിലുമെല്ലാം  ചറുപിരുന്നനെ  ഓടി നടപ്പുണ്ട്. തണുപ്പൊന്നും ഒരു പ്രശ്നമെയല്ലെന്നാണ്   അവന്റെ ഭാവം.      

           തൊട്ടടുത്ത വീട്ടിലെ അക്കന്‍ ഈ തണുപ്പത്തും കുളി കഴിഞ്ഞു ചാണകം മെഴുകിയ മുറ്റത്തു കോലം വരയ്ക്കുന്നു. അവര്‍ തമിഴ്നാട്ടുകാരിയാണ്, കല്യാണം കഴിഞ്ഞു 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല.. ഇപ്പോഴും രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞു , മുറ്റം അടിച്ചുവാരി, ചാണകം തളിച്ച് അവര്‍ കോലം വരയ്ക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ വെങ്കിടേശ്വര സുപ്രഭാതം. എത്ര പെട്ടെന്നാണ് കുറെ കുത്തുകള്‍ യോജിപ്പിച്ചു അവര്‍ മനോഹരമായ രൂപങ്ങള്‍ വരയ്ക്കുന്നത്.  രണ്ടു മൂന്നു നിമിഷങ്ങള്‍ക്കുള്ളില്‍ കോലം പൂര്‍ത്തിയായി. ഉം.. ഗംഭീരമായിരിക്കുന്നു.!! 

         വീടിനു മുന്നില്‍ മുറ്റത്തിനും താഴെ നീളമുള്ള റോഡ്‌ ആണ്. തിരക്കില്ലാത്ത പോക്കറ്റ്‌ റോഡ്‌. മതിലരികില്‍ ഇരുന്നു  ഈ വഴിയിലേക്കും, തൊടിയിലെക്കും സ്വപ്നജാലകങ്ങള്‍ തുറന്നു എത്ര നേരമെങ്കിലും ഇരിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്.വഴി നിറയെ മഞ്ഞു പുതച്ചിരിക്കുന്നതിനാല്‍ ദൂരെയൊന്നും കാണാന്‍ വയ്യ.. ഈ വഴി ചെന്ന് നില്‍ക്കുന്നത് പുഴയിലെക്കാണ്.  പുഴയെത്തുന്നതിനും മുന്‍പ് ഇടയ്ക്ക് വീടിനു അടുത്തായി ഒരു കുന്നുണ്ട്. പച്ചയുടുത്തു , ഓരങ്ങളില്‍ നിറയെ കൊങ്ങിണിപ്പൂവും, തുമ്പയും, കാക്കപ്പൂവും, ഓണപ്പൂവും, ഇനിയും പേരറിയാത്ത ഒരായിരം പൂക്കളും വിരിഞ്ഞു നിന്ന,നിറയെ തുമ്പികളും , പൂമ്പാറ്റകളും പറന്നു നടന്ന  ഒരു വസന്ത കാലം ഈ കുന്നിനുമുണ്ടായിരുന്നു. എന്നാലിന്ന് മരണം കാത്തു കിടക്കുന്ന രോഗിയെപ്പോലാണ്. മണ്ണെടുത്ത് ഒരു ഹെല്‍ത്ത്‌ സെന്റര്‍ പണിതു ഇവിടെ. നിറയെ മണ്ണ് മാന്തി, പൂച്ചെടികള്‍ വെട്ടി, ഓരങ്ങളില്‍ ആള്‍പ്പൊക്കത്തില്‍ മതില്‍ പണിതു, ഹൃദയം കീറി മുറിച്ചു ടാറിട്ട റോഡ്‌ പണിതു ഞങ്ങളെല്ലാരും കൂടി കൊന്നു ആ കുന്നിനെ.. ഇനി അല്പം ശ്വാസം കൂടിയേ ബാക്കിയുള്ളൂ .. എങ്കിലുമിന്നും വെയില്‍ മങ്ങിയ വൈകുന്നേരങ്ങളില്‍ അനിയനും, സുഹൃത്തുക്കള്‍ക്കുമൊപ്പം  കത്തിയടിച്ചിരിക്കാനും, മറ്റു ചിലപ്പോള്‍ സ്വപ്നം കാണാനും, എന്റെ സങ്കടങ്ങള്‍ പറയാനുമെല്ലാം ഞാന്‍ അവിടെ ചെല്ലാറുണ്ട്‌. കുന്നിന്മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന ഗുല്‍മോഹറിന് ചുവട്ടിലിരുന്നാല്‍ അങ്ങ് ദൂരെ ഒരു മലയുടെ  മുകള്‍ഭാഗം  കാണാം. ചുറ്റും വെള്ള മേഘങ്ങള്‍ നിറഞ്ഞു നീലനിറത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ മലമുകളിലേക്ക് നോക്കി അങ്ങനെ ഇരുന്നാല്‍ നേരം പോകുന്നതെ അറിയില്ല.!! 


             മുറ്റത്തെ ഗോള്‍ഡെന്‍  ബുഷില്‍ രണ്ടു ഇരട്ടതലച്ചികള്‍ കൂട് വെച്ചിട്ടുണ്ട്. ഒന്നില്‍ രണ്ടു മുട്ടയും ഉണ്ട്! അമ്മക്കിളി കൂട്ടില്‍ അടയിരിക്കുന്നു. അച്ഛന്കിളി പുറത്തു കാവലുണ്ട്. ഇടയ്ക്ക് രണ്ടു പേരുമോന്നിച്ചു  പുറത്തു പോവുന്നത് കാണാം. ആരെങ്കിലും കൂടിനടുത്ത് വന്നാല്‍ ആണ്‍കിളി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും . അപ്പോള്‍ പെണ്‍കിളിയും  കൂട്ടിനു പുറത്തുവരും. പിന്നെ രണ്ടു പേരും കൂടി മാറിനിന്നു ചുറ്റുപാടും നിരീക്ഷണമാണ്. കുഴപ്പമൊന്നുമില്ലെന്നു കണ്ടാല്‍ അമ്മക്കിളി കൂടിലേക്ക് മടങ്ങും. നാം മനുഷ്യര്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു ഈ സ്നേഹം. 
           തൊടി നിറയെ ശീമക്കൊന്നകള്‍ പൂത്തിരിക്കുന്നു ,ഇളം റോസ് നിറത്തില്‍ പൂമാലയണിഞ്ഞു നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുന്നു. ചെറു കാറ്റില്‍ പ്രണയം പൊഴിച്ചു ഇളം റോസ് ഇതളുകള്‍ അടര്‍ന്നു വീഴുന്നു.തേന്‍ കുടിക്കുന്ന സൂചിമുഖി കുരുവികളേയും കാണാം. ശീമക്കൊന്ന എനിക്ക് നിറയെ ഇഷ്ടമാണ്, എന്റെ സ്വപ്നങ്ങളുടെ ഒരു പങ്കു ഞാന്‍ ഒളിച്ചു വെച്ചിരിക്കുന്നത് ഈ പൂക്കളിലാണ്. നിറയെ പൂത്ത ശീമക്കൊന്നയും, അതിലിരുന്നു പാടുന്ന വണ്ണാത്തിക്കിളിയും, നിലാവുള്ള രാത്രികളില്‍ പൂക്കള്‍ക്കിടയിലൂടെ കാണുന്ന പൂര്‍ണചന്ദ്രനുമെല്ലാം  എന്റെ സ്വപ്നങ്ങളുടെ മാത്രമല്ല; ആത്മാവിന്റെ.. ജീവിതത്തിന്റെ തന്നെ ഭാഗമാണ്. 

          പിന്നാമ്പുറത്തെ തൊടിയിലെ മയിലെള്ള്  ഇലപൊഴിച്ചിരിക്കുന്നു. ഒറ്റ ഇല പോലുമില്ല. അവിടവിടെയായി ഉയര്‍ന്നു കാണുന്ന മുരിക്ക്‌ മരങ്ങളിലും ഇലയില്ല. എന്നാല്‍ മുരിക്ക്‌ ചെമന്ന പട്ടു ചുറ്റി നിറയെ പൂവണിഞ്ഞിട്ടുണ്ട് . ഹാ!! എന്തൊരു ചേലാണ്.!! കുട്ടിക്കാലത്ത് നീണ്ടു കൂര്‍ത്ത മുരിക്കിന്‍ പൂക്കള്‍ കൊണ്ട് യക്ഷി നഖമുണ്ടാക്കി കളിക്കാറുണ്ടായിരുന്നു. ഇല തിങ്ങിയ ഇടലമരത്തിന്റെ ഉള്ളിലിരുന്നു ഒരു ഉപ്പന്‍ ഇണയെ വിളിക്കുന്നുണ്ട്. ദൂരെയെങ്ങോ നിന്ന് പ്രിയതമന്‍ മറുമൊഴി ചൊല്ലുന്നതും കേള്‍ക്കാം. 

         അമ്മയോടൊപ്പം ഇടിച്ചക്ക പൊട്ടിക്കാന്‍ തോട്ടത്തില്‍ പോയപ്പോള്‍ കരിയിലക്കിളികളെ കണ്ടു. വളരെക്കാലത്തിനു ശേഷമാണ് ഞാന്‍ ഇവറ്റയെ കാണുന്നത്. പണ്ടൊക്കെ ഇപ്പോഴും കാണാമായിരുന്നു  വാലിട്ടു കണ്ണെഴുതി, കുണുങ്ങി നടക്കുന്ന കരിയിലക്കിളികള്‍, പ്രതേകിച്ചു മഞ്ഞുകാലത്ത്. ഇപ്പോള്‍ അധികം കാണാറേയില്ല.വളരെ അപൂര്‍വമായി ഒന്നോ രണ്ടോ കാണാം. എന്തൊരു സൌന്ദര്യമാണ് ഇവറ്റക്ക്!!.. ആരാണാവോ ഇത്ര ഭംഗിയായി നീണ്ടവാലിട്ടു കണ്ണെഴുതികൊടുക്കുന്നത്! 

                കൊക്കോ മരത്തില്‍ നിറയെ കായ്കളുണ്ട്. പക്ഷെ ഒന്ന് പോലും തിന്നാന്‍ പറ്റിയില്ല. അണ്ണാരക്കണ്ണന്‍മാര്‍ തിന്നു ഉള്ളു പൊള്ളയാണ്‌. ഒരു കോണില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് നിറയെ പൂത്തിരിക്കുന്നു .. മാവില്‍ നിറയെ അമ്പലപ്രാവുകള്‍ പരദൂഷണം പറയുന്നുണ്ട്. വെയിലേറ്റു തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് വജ്രശോഭയേകുന്നു!
              "മോളെ.. മതി, വാ.. ഭക്ഷണം കഴിച്ചിട്ടു മതി ഇനി കറക്കം".. അച്ഛന്‍ വിളിക്കുന്നുണ്ട്. എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമാണ്‌ അച്ഛന്.. അമ്മ നല്ല പഞ്ഞി പോലത്തെ ഇഡലിയും, സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ കഥ പറച്ചിലും, കുളിയും, ഊണും, ഉച്ചമയക്കവും എല്ലാം കഴിഞ്ഞപ്പോളെക്കും വെയില്‍ മങ്ങിത്തുടങ്ങിയിരുന്നു. അച്ഛനും, അമ്മയും, അനിയനും, ഞാനും കൂടി മുറ്റത്തിന്റെ ഒരു കോണില്‍ പോയിരുന്നു.. ഇതാണ് ഞങ്ങളുടെ പാര്‍ക്ക്‌. ഞങ്ങളുടെ വൈകുന്നേരങ്ങള്‍ സ്നേഹസാന്ദ്രമാകുന്നത് ഇവിടെയാണ്‌. കളി പറഞ്ഞും, കാര്യം പറഞ്ഞും, തല്ലു കൂടിയും സ്വപ്‌നങ്ങള്‍ പങ്കു വെച്ചും ഞങ്ങളങ്ങനെ ഏറെ നേരമിരിക്കും.. താഴെ റോഡിലൂടെ പോവുന്ന ഒരാളെയും അച്ഛന്‍ വെറുതെ വിടില്ല. എല്ലാരേയും വിളിച്ചു എന്തെങ്കിലും കളി പറഞ്ഞു, കുശലം പറഞ്ഞു.....അങ്ങനെ..
             വൈക്കോല്‍ക്കൂന  മേല്‍ കയറി താഴേക്ക്‌ ഊര്‍ന്നു വീണു കളിക്കുന്നു കുട്ടികള്‍.. കുറെ നേരം അത് നോക്കിയിരുന്നു ഞാന്‍, ഒരു നഷ്ടബോധം."വലുതാവേണ്ടായിരുന്നു അല്ലെ അച്ഛാ.." സ്നേഹത്തോടെ എന്നെ ചേര്‍ത്തുപിടിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു:"എത്ര വലുതായാലും നീ അച്ഛനെപ്പോഴും ചെറിയ കുട്ടിതന്നെയാണ് " എന്താ അച്ഛനും മോളും കൂടി ഒരു സ്വകാര്യം, എന്ന് ചോദിച്ചുകൊണ്ട് അയല്‍പക്കത്തെ ഇക്കക്കയും, ആന്റിയും വന്നു. കയ്യിലൊരു പാത്രം നിറയെ ഉന്നക്കായും. അവര്‍ വലിയ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ ഞാനും , അനിയനും മാറിപ്പോന്നു. ഉന്നക്കായ തിന്നു, ഉയര്‍ന്നു പറക്കുന്ന മഴപ്പക്ഷികളെ നോക്കി ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. 

             അസ്തമയം കഴിഞ്ഞു. പ്ലാവിന്മേല്‍ ഒരു പറ്റം ദേശാടനക്കിളികള്‍ ബഹളം വെക്കുന്നുണ്ട്. ചേക്കേറും മുന്‍പ് അതവരുടെ പതിവാണ്. "മോളെ, വിളക്ക് വെക്കാറായി,നേരം സന്ധ്യ കഴിഞ്ഞു ." - അമ്മയാണ്.  ഞാന്‍ എഴുന്നേറ്റു. പോവും മുന്‍പ് ഒരിക്കല്‍ കൂടി ജനാലയ്കടുത്തു വന്നു നോക്കി- മനോഹരമായ ഒരു ദിവസം കൂടി അവസാനിക്കുകയാണ്. താഴെ  പേരറിയാത്ത എന്റെ പ്രിയപ്പെട്ട മരം നിറയെ തളിരണിഞ്ഞിരിക്കുന്നു- ചുവപ്പും, മഞ്ഞയും നിറത്തില്‍ ഇലകള്‍! എന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, വ്യഥകളും എല്ലാം ഞാന്‍ ഈ മരത്തോടു പങ്കു വെക്കാറുണ്ട്. വല്ലത്തോരാത്മബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍..

          എനിക്കെന്തോ സങ്കടം വരുന്നു, രണ്ടു തുള്ളി കണ്ണുനീര്‍ തുളുമ്പാന്‍ മടിച്ചു നിന്നു. "നീ എഴുന്നേറ്റില്ലേ ഇത് വരെ.. നേരമിരുട്ടി " - വീണ്ടും അമ്മയാണ്. വിളക്ക് കൊളുത്താറായിരിക്കുന്നു ... ഞാന്‍ പോട്ടെ..