എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Wednesday, 30 November 2011

ജാലകങ്ങള്‍ക്കപ്പുറത്തെ മഴ

ഈ ജാലകങ്ങള്‍ തുറക്കുന്നത് പൊള്ളുന്ന വെയിലിലെക്കാണ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന  മണലാരണ്യവും വീശിയടിക്കുന്ന മണല്‍ക്കാറ്റും; മനസ്സ് പോലും മരവിച്ചു പോകുന്നു.
ഒരു മഴ കണ്ടിട്ട് നാളെത്രയായി!!!

      ഊഷരമായ മനസ്സ് ഒരു മഴയ്ക്ക്‌ വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നുണ്ട്.
ഒരു നിമിഷം കൊണ്ട് മനസ്സ് നാട്ടിലേക്കു പോയി. അവിടെ എന്റെ മുറിയുടെ ജാലകങ്ങള്‍ തുറക്കുന്നത് പാടത്തെക്കാണ്. എത്രയോ പകലുകളില്‍ നിറഞ്ഞു പെയ്യുന്ന  മഴയും പച്ചപ്പട്ടു പാവാടയുടുത്ത, നനുത്ത ചാറ്റല്‍മഴ പോലെ സുന്ദരിയായ പെണ്‍കുട്ടിയെയും നോക്കിനിന്നിരിക്കുന്നു!!
നെറ്റിയില്‍ ചന്ദനക്കുറിയും, ഇലച്ചീന്തില്‍ പ്രസാദവും, കവിളില്‍ നുണക്കുഴിയുമായി അവള്‍ ഹൃദയത്തിലേക്ക് കയറിവന്നതും  ഒരു മഴക്കാലത്താണ്.പിന്നെ എത്രയോ മഴക്കാലങ്ങളില്‍ അവളുമൊത്ത്‌ പ്രണയസ്വപ്നങ്ങളുടെ മാരിവില്ല് തീര്‍ത്തിരിക്കുന്നു! 
ഒടുവില്‍ കോരിച്ചൊരിയുന്ന ഒരു പേമാരിയില്‍ എന്നെ തീര്‍ത്തും തനിച്ചാക്കി അവളിറങ്ങി പോയി . എത്രയോ മഴക്കാലങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ ബാക്കിയാക്കിയ നൊമ്പരങ്ങള്‍ ഒഴുക്കിക്കളയാന്‍ കഴിഞ്ഞില്ല. 
പിന്നെയും എത്രയോ മഴ പെയ്തു തോര്‍ന്നു-സന്തോഷത്തിന്‍റെ, സൌഹൃദത്തിന്റെ , വിരഹത്തിന്റെ, വേദനയുടെ,വഞ്ചനയുടെ, ഏകാന്തതയുടെ മഴക്കാലങ്ങള്‍!!
ഒടുവില്‍ കാത്തിരിക്കാനും, സ്നേഹിക്കാനും ആരുമില്ലാതായപ്പോള്‍ ആര്‍ത്തലച്ചു മഴ പെയ്യുന്ന ഒരു കര്‍ക്കിടക സന്ധ്യയിലാണ് ഓര്‍മകള്‍ക്കും, മോഹഭംഗങ്ങള്‍ക്കും ചിതയൊരുക്കി പടിയിറങ്ങിയത്. 

നീണ്ട നാല് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു..
ജാലകങ്ങള്‍ക്കപ്പുറത്ത്  വീണ്ടുമെത്രയോ തവണ മഴ മുടിയഴിച്ചാടിയിരിക്കാം ,  മഴ തോര്‍ന്ന മാനത്തു മഴവില്ല് തീര്‍ത്തിരിക്കാം.. ഒന്നും അറിഞ്ഞില്ല..  ജാലകങ്ങള്‍ കൊട്ടിയടച്ചു പൊള്ളുന്ന കനല്‍ചൂടില്‍ സ്വയം എരിഞ്ഞടങ്ങി. വീശിയടിക്കുന്ന   ച്ചുടുകാറ്റില്‍ നെടുവീര്‍പ്പുകള്‍ ഒളിപ്പിച്ചു,,
സമയം രാത്രിയായിരിക്കുന്നു..
ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് ജാലകങ്ങള്‍ വലിച്ചടച്ചു. പിന്നെ കണ്ണുകള്‍ മുറുക്കിയടച്ചു,,
മഴനിലാവും മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികളും, മഴത്തുള്ളികളും, മഴവില്ലും,.........പിന്നെയും മഴ സമ്മാനിച്ച ഒരു പിടി നനഞ്ഞ ഓര്‍മകളും ബാക്കിയാവുന്നു..;മഴ കാത്തിരിക്കുന്ന മനസ്സിന്‍റെ കോണില്‍.. 
ഈ ഏകാന്തത എന്നെ പുണരുമ്പോള്‍,
രാത്രിയുടെ ഈ നിശ്ശബ്ദത എന്നിലലിയുമ്പോള്‍
മനസ്സ് ഉരുകിയൊലിക്കുകയാണ്. 
ഒരു മഴ എനിക്കായി പെയ്തെങ്കില്‍..
മഴയായ് പെയ്യാന്‍ കഴിഞ്ഞെങ്കില്‍...!!!

Friday, 4 November 2011

എന്‍റെ തെറ്റ്

എന്‍റെ മൌനം മനസ്സിലാക്കുവാന്‍ 
നിനക്ക് കഴിയുമെന്നാണ് ഞാന്‍ കരുതിയത്‌.
നിനക്കറിയാമല്ലോ 
വാക്കുകളേക്കാള്‍  ആഴമുണ്ട് മൌനത്തിനെന്ന്‍!

നീ മാറിപ്പോയി    
നിന്‍റെ കണ്ണുകളിലിപ്പോള്‍    ശാന്തതയില്ല ,
ചില നേരങ്ങളില്‍ നിന്‍റെ കണ്ണുകളെ എനിക്ക് ഭയമാണ്,
മറ്റു ചിലപ്പോള്‍ അവയെന്നെ വേദനിപ്പിക്കുന്നു.

തെറ്റ് എന്റേതു  തന്നെയാണ്- 
കണ്ണുകള്‍ കൊണ്ട് ഹൃദയത്തിലേക്ക് നോക്കാന്‍ 
നിന്നെ പഠിപ്പിച്ചത് ഞാനായിരുന്നുവല്ലോ?!

Tuesday, 1 November 2011

നിന്‍റെ കണ്ണുനീരില്‍ കുതിര്‍ന്ന എന്‍റെ ഹൃദയം, 
ഇറ്റുവീഴുന്ന ഹൃദയരക്തം നക്കിത്തുടയ്ക്കുന്ന നായ്ക്കുട്ടികള്‍,
അവയുടെ കണ്ണിലെ വന്യമായ തിളക്കം,
എല്ലാറ്റിനുമപ്പുറം എനിക്ക് ചുറ്റും മാറ്റൊലി കൊള്ളുന്ന 
ഒരിക്കലും നിലയ്ക്കാത്ത നിന്‍റെ നിശ്ശബ്ദ നിലവിളികള്‍..
എല്ലാം എന്നില്‍ ഉളവാക്കുന്നത് തികഞ്ഞ നിര്‍വികാരത മാത്രം!

കരയാന്‍ എന്‍റെ കണ്ണുകള്‍ മറന്നു പോയിരിക്കുന്നു!
ഞാന്‍ കാത്തിരിക്കുകയാണ്; ഒരിക്കലും വരാത്ത ആരെയോ...
നിന്‍റെ മൌനവിലാപങ്ങള്‍ക്കുമപ്പുറം  
ഞാന്‍ വിളിക്കുകയാണ്‌; ഒരിക്കലും ആ വിളി കേള്‍ക്കാത്ത ആരെയോ...
 

Monday, 31 October 2011

പൂത്ത ഗുല്‍മോഹര്‍ മരത്തിന്‍റെ ചുവട്ടില്‍ 
ഋതുഭേദങ്ങളറിയാതെ  കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി!                                                                                       (ഗുല്‍മോഹര്‍ )
അവള്‍ കാത്തു നില്‍ക്കുകയാണ്, 
ഉതിര്‍ന്നുവീണ   രക്തപുഷ്പങ്ങളുടെ   പട്ടുമെത്തയ്ക്ക്  മീതെ
കൊഴിഞ്ഞു വീണ ശിശിരത്തിനുമപ്പുറം
വര്‍ണ്ണാഭമായ മറ്റൊരു വസന്തോല്‍സവത്തിനായ്...........    
ആരവങ്ങളും ബഹളങ്ങളുമില്ലാതെ തികച്ചും ശാന്തമായ , 
 അവളുടെതു മാത്രമായ ഒരു   പൂക്കാലത്തിനായി..
കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി,
ചുണ്ടുകളില്‍ ഒളി മങ്ങാത്ത പുഞ്ചിരിയുമായി  ..
മനസ്സില്‍ സ്നേഹത്തിന്‍റെ വെളിച്ചവുമായി,
ഹൃദയത്തില്‍ സ്നേഹമേല്‍പ്പിച്ച മുറിവുകളുമായി,
വെളുത്ത മെഴുതിരി പോലെ,
           ഉരുകിയൊലിക്കുമ്പോഴും ശാന്തയായി... തീര്‍ത്തും ശാന്തയായി....
 

Sunday, 30 October 2011

കാലഭേദങ്ങള്‍അന്ന്...

  രാത്രികളില്‍ നിലാവ് പെയ്തിരുന്നു..
 ചെറിമരങ്ങള്‍ മഞ്ഞുപുതപ്പ് അണിഞ്ഞിരുന്നു  ..
 സ്വപ്‌നങ്ങള്‍ ഗുല്‍മോഹര്‍ മരങ്ങളെ ചുവന്ന പട്ടുടുപ്പിച്ചിരുന്നു..
നിറയെ പൂത്ത ശീമക്കൊന്നയിലിരുന്നു 
      വാനമ്പാടികള്‍ ആഹ്ലാദഗീതം ആലപിച്ചിരുന്നു.....  
    മഴനൂലുകളാല്‍ ആകാശം ഭൂമിയെ തന്റെ പ്രണയം അറിയിച്ചിരുന്നു..


   ആകാശം നിറയെ പ്രതീക്ഷയുടെ പൂത്താരകള്‍...........      

ഇന്ന്.....
  നിലാവ് പെയ്യാത്ത ഭീതി ജനകമായ രാത്രികള്‍..
  ജരാനരകള്‍ ബാധിച്ചു വൃദ്ധയായ ചെറിമരം.........
  സ്വപ്നഭംഗങ്ങളുടെ  മരുഭൂമിയില്‍ മാറാല കെട്ടിയ കൊമ്പുകളില്‍ 
  വാകമരത്തിന്റെ നെടുവീര്പുകള്‍ കേട്ട് ചരമഗീതമാലപിക്കുന്ന കഴുകന്മാര്‍..
  നഷ്ടപ്രണയമോര്‍ത്തു  കരയാന്‍ പോലുമാകാതെ കണ്ണീര്‍ വറ്റിയ ആകാശമേഘങ്ങള്‍..
  നിരാശയുടെ ആകാശം നിറയെ കറങ്ങി നടക്കുന്ന ധൂമകേതുക്കള്‍....
  
ഇനി....... 
   മുന്നില്‍ ശൂന്യത , ശൂന്യത മാത്രം...!!
   ഉത്തരം കിട്ടാത്ത ശൂന്യത......
    
  

മഴയിലലിഞ്ഞ്...

   നിനച്ചിരിക്കാതെയാണ് മഴ പെയ്തത്!
ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല...
ഒരു ഇലയനക്കത്തിലോ  , കിളിനാദത്തിലോ , കാറ്റിന്‍റെ കിന്നാരത്തിലോ മണ്ണിന്‍റെ നെടുവീര്‍പ്പിലോ  ഒക്കെ മഴയുടെ വരവ് അവള്‍ അറിയാറുണ്ട്.
ഒരിക്കലും മുന്‍കൂട്ടി  പറയാതെ മഴയെത്തിയിട്ടില്ല. അല്ലെങ്കില്‍, പറയാതെ തന്നെ മഴ വരുന്നുവെന്ന് അവള്‍ക്കറിയാമായിരുന്നു..
കാരണം അവള്കെന്നും മഴയെ ഇഷ്ടമായിരുന്നു........., മഴ അവളുടെ ഉറ്റ തോഴിയായിരുന്നു.
മഴയറിയാത്ത രഹസ്യങ്ങളൊന്നും അവള്‍ക്കില്ലായിരുന്നു....... മഴയില്‍ അവളുടെ ജീവതാളമുണ്ടായിരുന്നു..

  അവളുടെ നിറം മഴമേഘങ്ങളുടെത്!!
  ഗന്ധം മഴ നനഞ്ഞ മണ്ണിന്റേതു    ..!
  സ്വരം മഴയുടെ സംഗീതം പോലെ ..!
  മുഖം പൂവിതളിലെ മഴത്തുള്ളി പോലെ.!
  വസ്ത്രങ്ങള്‍ മഴനൂലുകലാല്‍  നെയ്തത് ..!  
 പാദസരം മഴത്തുള്ളികള്‍ കോര്‍ത്തത്..!
അവള്‍ മഴയായിരുന്നു !

  അത്രമേല്‍ അഭേദ്യമായ ഹൃദയബന്ധം..
എന്നിട്ടും,.....
അന്ന് കത്തുന്ന വെയിലായിരുന്നു..
അവശേഷിച്ച ഒരേയൊരു മരത്തിന്റെ തണല്‍ പറ്റി നില്‍ക്കയായിരുന്നു അവള്‍.
പെട്ടെന്നാണ് മഴ ആഞ്ഞു പെയ്തത്, വീണ്ടും വീണ്ടും മഴ ശക്തി പ്രാപിച്ചു. 
ആഞ്ഞു പതിക്കുന്ന മഴത്തുള്ളികള്‍ താങ്ങാനാവാതെ തണല്‍ മരം തല കുനിച്ചു.
മഴമുത്തുകള്‍ അവളെ പൊതിഞ്ഞു, 
അവളുടെ ഗന്ധം മണ്ണില്‍ അലിഞ്ഞു; സ്വരം മഴയിരമ്പത്തിലും.
അവള്‍ മഴയിലലിഞ്ഞു, മഴയായി പെയ്തിറങ്ങി,
പൊട്ടിപ്പോയ പാദസരത്തിന്റെ പളുങ്കു മണികള്‍ മാത്രം അവളെ കാത്തിരുന്നു...
    ചേമ്പിന്‍ താളിലെ മഴമുത്തുകളായി ...... 
ഒരു തുള്ളി കണ്ണുനീര്‍ എന്നും എന്‍റെ ഹൃദയത്തില്‍ ഉണ്ടായിരിക്കും;
നീ നല്‍കിയ സ്നേഹത്തിന്‍റെ ഒരു നനുത്ത മഞ്ഞുതുള്ളിയായ്....
വാത്സല്യത്തിന്റെ ഒരു തൂവല്സ്പര്‍ശമായി .......... 
നിനക്കായ്‌ മറ്റൊന്നും എനിക്ക് നല്കാനില്ലല്ലോ, 
                                ഒരു തുള്ളി കണ്ണുനീരല്ലാതെ .......!!

Friday, 28 October 2011

തിരികെ യാത്ര


ഈ യാത്ര എനിക്കൊരു  തിരിച്ചുപോക്കാണ് ,
പാതി വഴിയിലെന്ഗോ   നഷ്ടമായതിനെ തേടി 
       ഭൂതകാലതിന്റെ അഗാധതകളിലെക്കുള്ള  തിരിച്ചുപോക്ക് ...
ഇളവെയില്‍ പെയ്ത സായഹ്നങ്ങളിലെവിടെയോ കേട്ടുമറന്ന   
      വിരഹാര്‍ദ്രമായ ഒരു കുയില്‍പ്പാട്ടിന്റെ      ഈണം തേടി......
ഒരു രാത്രി മറന്നുവെച്ച നീര്തുള്ളിയുടെ ഭാരം താങ്ങാതെ 
     ഇതളടര്‍ന്ന പവിഴമല്ലിയിലെ  ഇനിയും വറ്റാത്ത തേന്‍ തുള്ളി തേടി.... 
വസന്തം മറന്ന ഗുല്‍മോഹറിന്റെ നെറ്റിയില്‍
                    ചാര്‍ത്താന്‍ ഒരു നുള്ള് കുങ്കുമം തേടി......
കൊടിയ വേനലിന്റെ ദാഹം തീര്‍ക്കാന്‍ 
ഇനിയും ജനിക്കാത്ത മഴ മുകിലുകള്‍ തേടി....
വാടിക്കരിഞ്ഞ സൌഹൃദത്തിന്റെ 
               എന്നോ പൊലിഞ്ഞു പോയ  സുഗന്ധം തേടി.......
തിരികെഎത്താത്ത ഗന്ധര്‍വനേയും കാത്തു 
കാട്ടു ചെമ്പകത്തിന്റെ ചുവട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന രാജകുമാരിയെ തേടി..... 

Thursday, 27 October 2011

സ്വപ്‌നങ്ങള്‍..

സ്വപ്‌നങ്ങള്‍ എന്‍റെ ജീവിതം തന്നെയാണ്. ഉറക്കത്തിലല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന പക്ഷിയെ പോലെ ,, മനസിന്‍റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍....
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക് ... 
ഒത്തിരി സ്വപ്‌നങ്ങള്‍...   നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത് .....
 പൂവിന്‍റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത്....
ശ്.. ശ്..
ഇനി ഞാനൊരു സ്വപ്നം കാണട്ടെ..

ഒരു ചുവടുവെപ്പ്. ..

നമസ്കാരം.. 
 ഞാന്‍ അവന്തിക ഭാസ്കര്‍. ഈ അത്ഭുത ലോകത്തേക്ക് ആദ്യമായി വരുകയാണ്. കൂടുതലൊന്നും പറയാനില്ല.