എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Thursday 15 March 2012

ഈ പുണ്യഭൂവില്‍ ഒരു ദിവസം..



     ഞായറാഴ്ച്ചകള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ്. ഞായറാഴ്ചകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് എപ്പോഴും. അച്ഛനും, അമ്മയ്ക്കും അന്ന് ലീവ് ആണ്.എനിക്കും, കുട്ടനും ക്ലാസ്സ്‌ ഇല്ല.മിക്കവാറും, മുഴുവന്‍ സമയവും അന്ന് ഞങ്ങള്‍ ഒന്നിച്ചാവും. പിന്നെ ഞങ്ങളുടെ ഉത്സവമാണ്.ചിലപ്പോള്‍ അതില്‍ പങ്കു കൊള്ളാന്‍ വിരുന്നുകാരും ഉണ്ടാവും.


     ഞങ്ങളുടെ യാത്രകളേറെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ്.ചിലപ്പോള്‍ അമ്പലങ്ങളിലേക്ക്,അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ വീടുകളിലേക്ക്, അതുമല്ലെങ്കില്‍ ഏതെങ്കിലും ഉല്ലാസ കേന്ദ്രങ്ങളിലേക്ക്, പ്രകൃതി രമണീയമായ ഇടങ്ങളിലേക്ക്, മറ്റു ചിലപ്പോള്‍ പ്രതേകിച്ചു ഒരു ലക്ഷ്യവുമില്ലാതെ അങ്ങനെ...... ഞങ്ങളുടെ മാത്രം ലോകത്തില്‍, കളിചിരികള്‍ പറഞ്ഞ്, കാര്യങ്ങള്‍ പറഞ്ഞ്, അല്പം പരദൂഷണം പറഞ്ഞ്, പാട്ടുകളും, കവിതയും കേട്ട്, സ്വപ്‌നങ്ങള്‍ പങ്കു വെച്ച് ഞങ്ങളുടേത് മാത്രമായ ലോകത്തില്‍ , ഞങ്ങളുടെ സ്വര്‍ഗത്തില്‍ ....
     ഇതുപോലെ മനോഹരമായ ഒരു ഞായറാഴ്ച ഉച്ചയൂണ് കഴിഞ്ഞു ഇരിക്കുമ്പോള്‍ അച്ഛനാണ് ചോദിച്ചത്, നമുക്ക് പൊന്‍കുഴി അമ്പലത്തില്‍ പോയാലോ എന്ന്.. എനിക്കും, കുട്ടനും പിന്നെന്തു വേണം!! അതാണ്‌ പൊന്‍ കുഴിയിലെക്കുള്ള ഞങ്ങളുടെ ആദ്യ യാത്ര. മൂന്നു മണി ആയപ്പോഴേക്കും ഞങ്ങള്‍ പുറപ്പെട്ടു. മൂന്നര കഴിഞ്ഞപ്പോഴേക്കും ബത്തേരി കഴിഞ്ഞു. സുല്‍ത്താന്‍ ബത്തേരി. പണ്ട് പടയോട്ടക്കാലത്ത് ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര ഇവിടെ ആയിരുന്നുവത്രേ! sulthan 's battery ആണ് കാലക്രമേണ സുല്‍ത്താന്‍ ബത്തേരി ആയത്.


     ഇവിടെ ഒരു പുരാതന ജൈനക്ഷേത്രമുണ്ട്. ഇതിന്‍റെ ഉള്ളില്‍ ഒരു തുരങ്കമുണ്ടെന്നും, അത് ചെന്നുനില്‍ക്കുന്നത് മൈസൂരില്‍ ആണെന്നും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ടിപ്പു സുല്‍ത്താന്റെ ഒളിത്താവളം ആയിരുന്നത്രെ ഈ ക്ഷേത്രം. അതെന്തായാലും ഞങ്ങള്‍ വയനാട്ടുകാര്‍ക്ക് ബത്തേരി ഏറെ വിലപ്പെട്ട ഇടമാണ്. കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികള്‍ക്ക് അടുത്താണ് ബത്തേരി. അതിനാല്‍ തന്നെ കച്ചവട കേന്ദ്രവുമാണ്. സ്കൂള്‍. കോളേജ്, ആശുപത്രി തുടങ്ങി ഇതു കാര്യത്തിനും ബത്തേരി വയനാട്ടുകാര്‍ക്ക് ഒരു അനുഗ്രഹമാണ്.
     ബത്തേരി പിന്നിട്ടപോഴേക്കും ചെറിയ തണുപ്പ് പടര്‍ന്നു തുടങ്ങി. മുത്തങ്ങ വന്യജീവി സങ്കേതത്തിന് സമീപമെത്തി ഞങ്ങള്‍. ഇതാ ഈ കാണുന്ന പുല്‍മേടുകളിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സമരാഗ്നി ആളിപ്പടര്‍ന്നതും, ചോരപ്പുഴയൊഴുകിയതും. ഇപ്പോഴും അവിടവിടെയായി തലയുയര്‍ത്തി നില്ക്കുന്നൂ പുല്ലുമേഞ്ഞ കൂരകള്‍- ഒരു ചോദ്യചിഹ്നം പോലെ..
ഇനിയങ്ങോട്ട് ഇരുവശവും കാടാണ്. നിശ്ശബ്ദത കനം വെക്കുന്നു.പൊന്നിന്‍ നിറമുള്ള അന്തിവെയില്‍ മരങ്ങള്‍ക്കിടയിലൂടെ
അരിച്ചു
വരുന്നു. 


മുന്നില്‍ നീണ്ടുകിടക്കുന്ന വിജനമായ വഴി. തേക്കിന്‍ കാടിന് നടുവില്‍ ഇടയ്ക്കിടെ പടര്‍ന്നുനില്‍ക്കുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണാം. മുളംകൂട്ടങ്ങള്‍ക്കടുത്തെത്തുമ്പോള്‍ ശ്വാസമടക്കിയാണ് ഞാനും കുട്ടനും ഇരിക്കുന്നത്. കാരണം മുളംകൂമ്പ് തിന്നാന്‍ ആനകള്‍ വരുമെന്ന് കേട്ടിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കാടിന്‍റെ ആഴംകൂടി വന്നു, ഞങ്ങളുടെ ആകാംക്ഷയുടെയും. പടിയുണ്ട്, എന്നേലും ഒരാനയെ എങ്കിലും കാണണമെന്നുമുണ്ട്‌. ആന പോയിട്ട് ഒരു കുഴിയാനയെ പോലും കണ്ടില്ല, ഇതുവരെ.
     മുത്തങ്ങ ചെക്ക്‌ പോസ്റ്റിനു കുറച്ചകലെയായി വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. വളരെ ശാന്തമായി ഒരു പുഴയോഴുകുന്നുണ്ട് - പതിഞ്ഞ താളത്തില്‍, കാടിന്‍റെ നിശ്ശബ്ദ ഭംഗിയെ തെല്ലു പോലും അലോസരപ്പെടുത്താതെ, കൊലുസ്സിന്റെ വെള്ളിമണികള്‍ കൊഞ്ചാതെ, വളരെ പതിഞ്ഞ കാലടികള്‍ വെച്ച് നടക്കുന്ന പെണ്‍കൊടിയെപ്പോലെ.. ഇത്രയും ശാന്തമായി ഒരു പുഴയ്ക്കു ഒഴുകാന്‍ കഴിയുമെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്.ഇരുകരകളിലും സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന മുളംകൂട്ടങ്ങള്‍ടയില്‍ . അതിനിടയില്‍ ചിതറിക്കിടക്കുന്ന ആദിവാസിക്കുടികളും കാണാം.
     അനിയനാണ് കാണിച്ചു തന്നത്.- ഒരു മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ വെയില്‍ കാഞ്ഞിരിക്കുന്നു, വലിയൊരു മലയണ്ണാന്‍. നിറയെ രോമങ്ങള്‍ തിങ്ങിയ വലിയ വാല്‍ കാണാന്‍ എന്ത് ഭംഗിയാ!! കൊതി തീരെ ഒന്ന് കാണാന്‍ പോലും പറ്റിയില്ലാ, അപ്പോഴേക്കും മരങ്ങള്‍ ചാടിച്ചാടി അത് ഉള്‍ക്കാട്ടില്‍ പോയ്മറഞ്ഞു.
     ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അതാ ത്തിനും അപ്പുറത്താണ് ക്ഷേത്രം - പടര്‍ന്നു നില്‍ക്കുന്ന മുളം കൂട്ടങ്ങള്‍ ചൂണ്ടി അച്ഛന്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഞങ്ങളിറങ്ങി. സമയം നാലര ആവുന്നതെയുള്ളൂ. അഞ്ചു മണിയെങ്കിലും ആവും നട തുറക്കാന്‍. നല്ല സുഖദമായ തണുപ്പുള്ള അന്തരീക്ഷം. അടുത്ത് തന്നെ ഒരു ഏറുമാടം ഉണ്ട്, ഒരു കുഞ്ഞു പെട്ടിക്കടയും. വളരെ കുറച്ചു ആളുകളെ ഉള്ളൂ.. മിക്കവാറും കര്‍ണാടകയില്‍ നിന്ന് വന്ന ടൂറിസ്റ്റുകള്‍ ആണ്.


     നട തുറക്കാന്‍ ഇനിയും സമയം ഉണ്ടല്ലോ, ഞങ്ങള്‍ ചുമ്മാ നടക്കാന്‍ തീരുമാനിച്ചു. അമ്പലത്തിനടുത്തായി ഗ്രാമത്തിന്റെ ഉള്ളിലേക്ക് നീളുന്ന ഒരു ചെമ്മാന്‍ പാതയുണ്ട്. ഞങ്ങള്‍ അതിലെ നടന്നു. ഒരു ഭാഗം മുഴുവന്‍ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന വയലാണ്, നിറയെ പച്ചപ്പുല്ല് നിറഞ്ഞു വിശാലമായ ഇടം. അവിടെ ഓടിത്തിമിര്‍ത്തു കളിക്കുന്ന ആദിവാസിക്കുട്ടികളെ കാണാം. അത് നോക്കിയിരുന്നു കിന്നാരം പറയുന്ന ഒരു കൂട്ടം പെണ്ണുങ്ങള്‍ അവരുടെ അമ്മമാരാവും. കുത്തിമറഞ്ഞു കളിക്കുന്ന , ആര്‍ത്തു ചിരിക്കുന്ന കുട്ടികളോടും, അത് ആസ്വദിച്ചിരിക്കുന്ന അമ്മമാരോടും ഒക്കെ എനിക്ക് അസൂയ തോന്നി. എന്ത് രസാവും, ഒരു ധൃതിയും, ആകുലതകളും ഇല്ലാതെ... നാളെയെക്കുറിച്ചോര്‍ക്കാതെ .. ഇങ്ങനെ ഇരുന്നു.. അന്തിവെയില്‍ കാഞ്ഞു..
വേദപുസ്തകത്തില്‍ പറയുമ്പോലെ അവര്‍ നാളെയെക്കുറിചോര്‍ക്കുന്നില്ല , കൂട്ടിവെയ്ക്കുന്നുമില്ല, അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട് ഇന്ന് സുഭിക്ഷമായി, സമൃദ്ധമായി, സന്തോഷമായി ജീവിക്കുന്നു.
     മറുവശം മുഴുവന്‍ കാടാണ്. വൈദ്യുതകമ്പിവേലി കെട്ടിയിട്ടുണ്ട് ചുറ്റും. അടുത്തായി ഒരു ആദിവാസികോളനി കാണാം. വിശാലമായ മുറ്റം, അതിനു ചുറ്റുമായി തെറിച്ചു വീണത്‌ പോലെ കുഞ്ഞു കുഞ്ഞു വീടുകള്‍. മിക്കതും ഓടു മേഞ്ഞതാണ്, ചിലതൊക്കെ ടെറസ്സും. മുറ്റവും, തരയുമെല്ലാം ചാണകം മെഴുകി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റത്തിന്റെ ഒരു കോണില്‍ പരമ്പില്‍ ഉണക്കാന്‍ മഞ്ഞള്‍ വെച്ചിട്ടുണ്ട്.
        കാലി മേയ്ക്കാന്‍ പോയി വന്ന ഒരു ആദിവാസിപ്പയ്യനെയും  കണ്ടു.  അവന്‍റെ പിറകെ കുടമണി കിലുക്കി വരുന്ന കാലിക്കൂട്ടങ്ങള്‍. കുറച്ചു നേരം കൂടി ചുറ്റിത്തിരിഞ്ഞു അവയെല്ലാം അവന്‍റെ പിറകെ തൊഴുത്തിലേക്ക്‌ പോയി.


     ഞങ്ങള്‍ വീണ്ടും നടന്നു. സമൃദ്ധമായ കൃഷിയിടങ്ങള്‍! പച്ചക്കറികളും, വാഴയും എല്ലാമുണ്ട്. ഒത്ത നടുക്കായി ഒരു കാവല്മാടവും ഉണ്ട്. ഒട്ടുനേരം ഞങ്ങളവിടെ ഇരുന്നു. ആരും ഏറെയൊന്നും സംസാരിച്ചില്ല, ആ കുളിരില്‍, നിശബ്ദതയില്‍ അലിഞ്ഞു അവിടെയിരുന്നു. മനസ്സില്‍ തണുപ്പ് പടരുന്നുണ്ടായിരുന്നു.


     നട തുറന്നുകാണും,സീതാദേവിയും, ശ്രീരാമനും വനവാസ കാലത്ത് ഇവിടെ വസിച്ചിരുന്നു എന്നാണു ഐതിഹ്യം! ഞങ്ങള്‍ ക്ഷേത്രതിനടുതെക്ക് വന്നു. റോഡിനിരുവശവുമായി രണ്ടു ക്ഷേത്രസ്സമുച്ചയമുണ്ട്. ഒരു ഭാഗത്ത് ശ്രീരാമനും, മറുഭാഗത്ത് സീതാദേവിയും. സീതാക്ഷേത്രത്തിനു സമീപമായി ഒരു കൊച്ചു തടാകം കാണാം. പായല്‍ നിറഞ്ഞു, പച്ച നിറമുള്ള വെള്ളം തീര്‍ത്തും നിശ്ചലമാണ്. ഒരു കുഞ്ഞോളം  പോലുമില്ല. വെള്ളത്തിനു കുറുകെ ഒരു മരം വീണു കിടപ്പുണ്ട്.
പൊഴിഞ്ഞുവീഴുന്ന ഒരില പോലും വെള്ളത്തിന്റെ തപസ്സിനു ഭംഗം വരുത്തുന്നില്ല. കാലപ്രവാഹത്തിന്റെ ഗതികളറിയാതെ , ഋതുഭേതങ്ങളറിയാതെ, ഏതോ ഒരു യുഗത്തില്‍ ഉറങ്ങാന്‍ പോയ സുന്ദരിയെ പോലെ.. ഏതോ കാലത്തിന്‍റെ ദീപ്തസ്മരണകളും പേറി തപസ്സു ചെയ്യുന്ന കന്യകയെപ്പോലെ..




     കണ്ണീര്‍ തടാകം എന്നാണു ഇത് അറിയപ്പെടുന്നത്. ശ്രീരാമന്‍ ഉപേക്ഷിച്ചുപോയ സീതാദേവി ദുഃഖം സഹിക്കവയ്യാതെ കരഞ്ഞപ്പോള്‍ ആ കണ്ണുനീര്‍ ഒഴുകി ഉണ്ടായതാണത്രേ ഈ തടാകം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കണ്ണീരു പോലെ തെളിഞ്ഞ വെള്ളമായിരുന്നു. ഏതോ സാമൂഹ്യ വിരുദ്ധര്‍ കൊണ്ടിട്ട ആഫ്രിക്കന്‍ പായല്‍ വളര്‍ന്നു ഇപ്പോള്‍ വല്ലാതെ വൃത്തി കേടായിരിക്കുന്നു.
സങ്കടം തോന്നി. മറ്റേതൊരു നാട്ടിലായിരുന്നെങ്കിലും ഇതിങ്ങനെ കിടക്കുമായിരുന്നില്ല.തടാകക്കരയിലിരുന്നു ഇപ്പോഴും സീതാദേവി കണ്ണീര്‍ പൊഴിക്കുന്നുണ്ടാവുമോ ആവോ?!
നട തുറന്നിരിക്കുന്നു. ആദ്യം ശ്രീരാമ ക്ഷേത്രത്തില്‍ പോയി തൊഴുതു. എത്ര നേരം കിട്ടിയാലും മതി വരില്ല, ആ നിശബ്ദതയില്‍ മനം നിറഞ്ഞു തൊഴാന്‍. മനസ്സ് കൊണ്ട് ശ്രീ രാമനോട് ചോദിച്ചു: എല്ലാ സുഖവും ഉപേക്ഷിച്ചു വനവാസകാലത്ത് പോലും കൂടെ നിന്നിട്ടും, സീതാ ദേവിയോട് അഗ്നിശുദ്ധി വരുത്താന്‍ പറഞ്ഞതെന്തേ? ഈ കൊടും കാട്ടില്‍ നിഷ്കരുണം ഉപേക്ഷിച്ചതെന്തേ?
     ക്ഷേത്രത്തിനു പിന്‍വശത്തായി ഒരു പുഴയൊഴുകുന്നുണ്ട്. പുഴയ്ക്കക്കരെ കാടാണ് . പുഴയിലേക്കുള്ള പടിക്കെട്ടിലിരുന്നു അച്ഛനും, അമ്മയും ഏറെ നേരം സംസാരിച്ചു. ഞാനും കുട്ടനും പോയി ഹനുമാന്‍ സ്വാമിക്ക് നേദിച്ച അവിലും, പഴവും വാങ്ങി വന്നു. അതാണ്‌ ഇവിടത്തെ പ്രസാദം.
റോഡു മുറിച്ചു കടന്നു സീതാദേവിയെ തൊഴാന്‍ പോയി.ഇപ്പ്പോഴും സമീപം തന്നെ കാവല്‍ നില്‍ക്കുന്നുണ്ട് ഹനുമാന്‍. കോവിലിനു പിറകില്‍ വലിയൊരു ചെമ്പകമരം നില്ക്കുന്നു . നിറയെ ചെമ്പകം പൂക്കുന്ന രാത്രികളില്‍
സീതാദേവി ഇതിനു ചുവട്ടില്‍ നിറകണ്ണുകളോടെ നിന്നിരിക്കുമോ? ഒരിതള്‍ ചെമ്പകം പൊഴിച്ചുകൊണ്ട്‌ മരം എന്തോ പറയുന്നുണ്ട്, അതോ സീതാദേവി ഉത്തരം നല്‍കുന്നതോ?
 ഒരിക്കല്‍ കൂടി പ്രദക്ഷിണം വെച്ച് ഞങ്ങള്‍ തിരികെ നടന്നു.
       തിരികെ കാറില്‍ കയറുമ്പോള്‍ അച്ഛന്‍ ചോദിച്ചു, നമുക്ക് കുറച്ചു ദൂരം കൂടി പോയാലോ, സന്ധ്യയാവുന്നല്ലെയുള്ളൂ.. അങ്ങനെ ഞങ്ങള്‍ കര്‍ണാടക അതിര്‍ത്തി വരെ പോകാന്‍ തീരുമാനിച്ചു. കുറച്ചു ദൂരം പോയപ്പോഴേ കണ്ടു ഒരു കൂട്ടം മാനുകള്‍! ചുരുങ്ങിയത് ഒരു നാല്‍പതു എണ്ണമെങ്കിലും ഉണ്ട്. റോഡു മുറിച്ചു കടക്കുകയാണ്. മാനുകളെ മുന്‍പും കണ്ടിട്ടുണ്ട്. എങ്കിലും ഇത്ര അടുത്തു ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന അത്ര അടുത്ത് കാണുന്നത് ആദ്യമായാണ്‌. സാധാരണ മനുഷ്യരെ കാണുമ്പോഴേ ഓടിമറയുകയാണ് പതിവ്. അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു ആനക്കൂട്ടം കണ്ടു.റോഡുവക്കില്‍ നിന്ന് മുളം കൂമ്പുകള്‍ തിന്നുകയാണ്.കൊമ്പനും, പിടിയും പിന്നെ ഒരു ആനക്കുട്ടിയും! അല്പം മാറി വേറെ രണ്ടു പേരും. ഇവരും ഞങ്ങളെപ്പോലെ ഞായറാഴ്ച ആഘോഷിക്കാന്‍ പോയതാണോ ആവോ?


 ഇപ്പോള്‍ ഞങ്ങള്‍ അതിര്‍ത്തി എത്തി. അവിടെ ഒരു കുളമുണ്ട്. ആനക്കുളം എന്നാണ് പറയുന്നത്. അതില്‍ ഒരു വലിയ ആന കുളിക്കുന്നു.(കുളിക്കാവും , മുട്ടറ്റം വെള്ളത്തില്‍ വേറെ എന്ത് ചെയ്യാനാണ്?). രാത്രിയാവാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ തിരിച്ചു പോന്നു.
ഇടയ്ക്ക് ഒരു കൂട്ടം ആളുകള്‍ ഫോട്ടോ എടുക്കുന്നത് കണ്ടു. ഏതെങ്കിലും വന്യജീവി ആവും. ഞങ്ങളും കാര്‍ നിര്‍ത്തി. കാട്ടുപോത്തിന്‍ കൂട്ടമാണ്‌. കുറച്ചു പടമെടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു.


        ഇരുള്‍ പരന്നിരിക്കുന്നു. ഇരുട്ട് കാടിന്റെ വന്യസൌന്ദര്യം വര്‍ധിപ്പിക്കുന്നു. ഈ കാടിന് എത്ര എത്ര ഭാവങ്ങളാണ്. ക്ഷേത്രവും കടന്നു കാര്‍ പോയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ശ്രീരാമനും, സീതാദേവിയും, ലവകുശന്മാരും    യാത്രാ മംഗളം നേര്‍ന്നു കൈ വീശുന്നുവോ? വീണ്ടും വരണമെന്ന് പറയുന്നുവോ? ഞാന്‍ കണ്ണുകളടച്ചു.മനസ്സില്‍ തണുപ്പ് പടരുന്നു. ഇനിയൊരു ഞായരാഴ്ച്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!!