എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Tuesday 21 August 2012

നീയെന്നെ പ്രണയിക്കുക


അരുത്,ഒരു ചുംബനം കൊണ്ടെന്നെ ഒറ്റുകൊടുക്കരുത് .
യൂദാസിനെപ്പോലെ നീ ചുംബനം കൊണ്ടെന്നെ ഒറ്റുകൊടുക്കരുത്.
നിന്‍റെ മരവിച്ച ചുണ്ടുകളുടെ വരണ്ട ചുംബനത്തെ ഞാന്‍ ഭയക്കുന്നു.

അരുത്, കപടസ്നേഹം കൊണ്ടെന്നെ പ്രലോഭിപ്പിക്കരുത്.

എനിക്ക് നീ വിലക്കപ്പെട്ട കനിയെന്നറിഞ്ഞിട്ടും 
പാപങ്ങളുടെ പറുദീസയിലെക്കെന്നെ ക്ഷണിക്കരുത്.

അരുത്, കാമം കത്തുന്ന തീക്ഷ്ണമിഴികളാലെന്നെ നോക്കരുത്.

ഞാന്‍ വെറും പെണ്ണ്, നിന്‍റെ നോട്ടത്തില്‍ തരളിതയാവുന്നവള്‍.,
ഒരു നനുത്ത സ്പര്‍ശത്തില്‍ അലിഞ്ഞുപോകുന്നവള്‍

ഈ അരുതുകള്‍ക്കപ്പുറം നീയെന്നെ പ്രണയിക്കുക,
ഹൃദയം കൊണ്ടെന്നെ സ്നേഹിക്കുക. 

സ്നേഹത്താല്‍ ഊഷ്മളമായ അധരങ്ങള്‍ കൊണ്ട് മുദ്ര വെയ്ക്കുക.
പ്രണയം തിളങ്ങുന്ന മിഴികളാലെ ആര്‍ദ്രസ്വപ്‌നങ്ങള്‍ പകരുക. 
നമുക്കൊരുമിച്ചു സ്നേഹം കൊണ്ടൊരു പറുദീസ തീര്‍ക്കാം,

Saturday 28 July 2012

ഭാസ്ക്കരാസ്തമയം


ഇവിടെന്‍റെ താതനാം സൂര്യന്‍ മരിക്കുന്നു
ഇവിടെയെന്‍ പകലുകള്‍ എരിഞ്ഞടങ്ങീടുന്നു 
ഇനിയില്ലുഷസ്സിന്റെ വെള്ളിവെളിച്ചങ്ങള്‍
തമസ്സിന്‍ തിരശീല എന്‍ മുന്നില്‍ വീഴുന്നു 
ഇവിടെ ഞാന്‍ തളരുന്നൊ, രനാഥയായ് മാറുന്നു.

ഓര്‍മ തന്‍ പിന്നാമ്പുറങ്ങളിലെവിടെയോ
ഒരു വസന്തോത്സവത്തിന്‍ വര്‍ണങ്ങള്‍ ചിതറുന്നു.
പടിയിറങ്ങിപ്പോയ നിറവസന്തത്തിന്റെ 
കാഴ്ചകളാലെന്റെ കണ്ണുകള്‍ പുകയുന്നു,
പാതിയില്‍ മുറിഞ്ഞ ഗാനത്തിന്‍ ഈണമെന്‍ 
തൊണ്ടയിലൊരു ഗദ്ഗദമായ്‌ കുരുങ്ങുന്നു,

പകുതിക്ക് വെച്ച് നീ മീട്ടാന്‍ മറന്ന 
വീണതന്‍ തന്തികള്‍ വിറയാര്‍ന്നു തേങ്ങുന്നു.
ഇളവെയില്‍ പോലെ നീ സ്നേഹം പകര്‍ന്നോരീ 
വീടിന്‍റെ മുറ്റത്ത് കരിനിഴല്‍ വീഴുന്നു,
സ്നേഹത്തിന്‍ മഴവില്ല് വിരിയിച്ചൊരാ- 
കാശചെരിവിന്നു കാര്‍മുകില്‍ മൂടുന്നു.

അന്തമില്ലാത്ത വസന്തോത്സവങ്ങളില്‍ 
ഒരു കുഞ്ഞുപൂവായ് ചിരിതൂകി വിലസുവാന്‍ 
നിന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി നടക്കുന്ന 
പിഞ്ചിളം പൈതലായ് പുഞ്ചിരി തൂകുവാന്‍ 
നിന്‍ നെഞ്ചിന്‍ ചൂടേറ്റുറങ്ങിയുണരുവാന്‍ 
നീ പാടും താരാട്ടിന്നീണമായ്‌ മാറുവാന്‍ 

ഒരു സൂര്യപുത്രിയായ് ഇനിയും ജനിക്കുവാന്‍
എന്നുമെന്‍ സൂര്യനായ് നീ വിളങ്ങീടുവാന്‍
ഇനിയെത്ര കാലം തപസ്സു ചെയ്യേണ്ടു ഞാന്‍?

Monday 11 June 2012

ഭ്രാന്ത്




നീയെനിക്ക് തന്നതും മറ്റൊരു ചായാമുഖിയോ?
നോക്കുമ്പോഴെല്ലാം നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി!
നീയെന്റെ പ്രതിബിംബമോ?
ഇതോ പ്രണയം?!!
.................
ഞാനാ കണ്ണാടി ഉടച്ചുകളഞ്ഞു;
ഇപ്പോള്‍ നൂറായിരം കണ്ണാടിചില്ലുകളില്‍ നീ ചിരിക്കുന്നു.!!
അരുത്, ഇങ്ങനെ ചിരിക്കരുത് - നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു..
എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്തെന്ന്...

Monday 7 May 2012

ചുവന്നു പെയ്യുന്ന മഴ!!


എന്‍റെയീ ഒളിച്ചു വെച്ച വികാരങ്ങളെ
പ്രതിഫലിപ്പിക്കാന്‍ ഈ തൂലികതുമ്പിനു കഴിയുമോ?
നോക്കൂ...
പറഞ്ഞിട്ടില്ലേ ഞാന്‍, മോഹങ്ങ-
ളേറെയൊന്നും എനിക്കില്ലെന്ന്...
ഒരു മഴനീര്‍ത്തുള്ളിയില്‍ സ്വയം ഒളിച്ചി-
രിക്കാനായിരുന്നു എനിക്കിഷ്ടം.
പക്ഷേ...
ഒരു നീര്‍ക്കുമിളയുടെ ആയുസ്സേ എന്‍റെ
സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..
പിന്നെ,
ഒരു ഗുല്‍മോഹര്‍ നട്ടു ഞാന്‍ സ്വപ്‌നങ്ങള്‍
പൂക്കുന്നതും കാത്തിരുന്നു.
പക്ഷേ...
കാലം തെറ്റിപ്പൂത്തത് സ്വപ്ന ഭംഗങ്ങളായിരുന്നു.

എനിക്ക് ചുറ്റും കനം വെച്ച് കിടന്ന
ഏകാന്തതയില്‍ കേട്ട ഓരോ പദസ്വനവും
നിന്റെ പ്രണയനിസ്വനങ്ങലാനെന്നു ഞാന്‍ പ്രതീക്ഷിച്ചു .
പക്ഷേ..
അവ എന്നെയും കടന്നു അകന്നു പോയപ്പോള്‍
തിളച്ചു തൂവിയ പ്രണയം ഞാന്‍ ശവപ്പെട്ടിയിലാക്കി.

എങ്കിലുമീ തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
നിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!

Tuesday 24 April 2012

മഴ ബാക്കിവെച്ചത്..



ഉടഞ്ഞ വളപ്പൊട്ടുകള്‍..

ചിതറിത്തെറിച്ച മഞ്ചാടി മണികള്‍. ..

മണ്ണില്‍ പതിഞ്ഞ അപ്പൂപ്പന്‍താടി..

പൊട്ടിത്തകര്‍ന്ന നീര്‍ക്കുമിളകള്‍..

പടര്‍ന്നിറങ്ങിയ രക്തസിന്ദൂരം...

അലിഞ്ഞമര്‍ന്ന ആലിപ്പഴങ്ങള്‍.. 

കരഞ്ഞുപെയ്യുന്ന ഈ മഴയില്‍ ഒലിച്ചുപോയത് 

നീ എന്നിലെഴുതിയ സ്നേഹചിത്രങ്ങളാണ് . 

ഇല്ലാതായത്ഞാന്‍ തന്നെയാണ്..!!

ഞാന്‍ - നീ വരച്ച തെളിമയാര്‍ന്ന ചിത്രം..

ഇപ്പോള്‍ ഞാനെവിടെയാണ്?????

Thursday 15 March 2012

ഈ പുണ്യഭൂവില്‍ ഒരു ദിവസം..



     ഞായറാഴ്ച്ചകള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ്. ഞായറാഴ്ചകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് എപ്പോഴും. അച്ഛനും, അമ്മയ്ക്കും അന്ന് ലീവ് ആണ്.എനിക്കും, കുട്ടനും ക്ലാസ്സ്‌ ഇല്ല.മിക്കവാറും, മുഴുവന്‍ സമയവും അന്ന് ഞങ്ങള്‍ ഒന്നിച്ചാവും. പിന്നെ ഞങ്ങളുടെ ഉത്സവമാണ്.ചിലപ്പോള്‍ അതില്‍ പങ്കു കൊള്ളാന്‍ വിരുന്നുകാരും ഉണ്ടാവും.


     ഞങ്ങളുടെ യാത്രകളേറെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ്.ചിലപ്പോള്‍ അമ്പലങ്ങളിലേക്ക്,അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ വീടുകളിലേക്ക്, അതുമല്ലെങ്കില്‍ ഏതെങ്കിലും ഉല്ലാസ കേന്ദ്രങ്ങളിലേക്ക്, പ്രകൃതി രമണീയമായ ഇടങ്ങളിലേക്ക്, മറ്റു ചിലപ്പോള്‍ പ്രതേകിച്ചു ഒരു ലക്ഷ്യവുമില്ലാതെ അങ്ങനെ...... ഞങ്ങളുടെ മാത്രം ലോകത്തില്‍, കളിചിരികള്‍ പറഞ്ഞ്, കാര്യങ്ങള്‍ പറഞ്ഞ്, അല്പം പരദൂഷണം പറഞ്ഞ്, പാട്ടുകളും, കവിതയും കേട്ട്, സ്വപ്‌നങ്ങള്‍ പങ്കു വെച്ച് ഞങ്ങളുടേത് മാത്രമായ ലോകത്തില്‍ , ഞങ്ങളുടെ സ്വര്‍ഗത്തില്‍ ....
     ഇതുപോലെ മനോഹരമായ ഒരു ഞായറാഴ്ച ഉച്ചയൂണ് കഴിഞ്ഞു ഇരിക്കുമ്പോള്‍ അച്ഛനാണ് ചോദിച്ചത്, നമുക്ക് പൊന്‍കുഴി അമ്പലത്തില്‍ പോയാലോ എന്ന്.. എനിക്കും, കുട്ടനും പിന്നെന്തു വേണം!! അതാണ്‌ പൊന്‍ കുഴിയിലെക്കുള്ള ഞങ്ങളുടെ ആദ്യ യാത്ര. മൂന്നു മണി ആയപ്പോഴേക്കും ഞങ്ങള്‍ പുറപ്പെട്ടു. മൂന്നര കഴിഞ്ഞപ്പോഴേക്കും ബത്തേരി കഴിഞ്ഞു. സുല്‍ത്താന്‍ ബത്തേരി. പണ്ട് പടയോട്ടക്കാലത്ത് ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര ഇവിടെ ആയിരുന്നുവത്രേ! sulthan 's battery ആണ് കാലക്രമേണ സുല്‍ത്താന്‍ ബത്തേരി ആയത്.


     ഇവിടെ ഒരു പുരാതന ജൈനക്ഷേത്രമുണ്ട്. ഇതിന്‍റെ ഉള്ളില്‍ ഒരു തുരങ്കമുണ്ടെന്നും, അത് ചെന്നുനില്‍ക്കുന്നത് മൈസൂരില്‍ ആണെന്നും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ടിപ്പു സുല്‍ത്താന്റെ ഒളിത്താവളം ആയിരുന്നത്രെ ഈ ക്ഷേത്രം. അതെന്തായാലും ഞങ്ങള്‍ വയനാട്ടുകാര്‍ക്ക് ബത്തേരി ഏറെ വിലപ്പെട്ട ഇടമാണ്. കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികള്‍ക്ക് അടുത്താണ് ബത്തേരി. അതിനാല്‍ തന്നെ കച്ചവട കേന്ദ്രവുമാണ്. സ്കൂള്‍. കോളേജ്, ആശുപത്രി തുടങ്ങി ഇതു കാര്യത്തിനും ബത്തേരി വയനാട്ടുകാര്‍ക്ക് ഒരു അനുഗ്രഹമാണ്.
     ബത്തേരി പിന്നിട്ടപോഴേക്കും ചെറിയ തണുപ്പ് പടര്‍ന്നു തുടങ്ങി. മുത്തങ്ങ വന്യജീവി സങ്കേതത്തിന് സമീപമെത്തി ഞങ്ങള്‍. ഇതാ ഈ കാണുന്ന പുല്‍മേടുകളിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സമരാഗ്നി ആളിപ്പടര്‍ന്നതും, ചോരപ്പുഴയൊഴുകിയതും. ഇപ്പോഴും അവിടവിടെയായി തലയുയര്‍ത്തി നില്ക്കുന്നൂ പുല്ലുമേഞ്ഞ കൂരകള്‍- ഒരു ചോദ്യചിഹ്നം പോലെ..
ഇനിയങ്ങോട്ട് ഇരുവശവും കാടാണ്. നിശ്ശബ്ദത കനം വെക്കുന്നു.പൊന്നിന്‍ നിറമുള്ള അന്തിവെയില്‍ മരങ്ങള്‍ക്കിടയിലൂടെ
അരിച്ചു
വരുന്നു. 


മുന്നില്‍ നീണ്ടുകിടക്കുന്ന വിജനമായ വഴി. തേക്കിന്‍ കാടിന് നടുവില്‍ ഇടയ്ക്കിടെ പടര്‍ന്നുനില്‍ക്കുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണാം. മുളംകൂട്ടങ്ങള്‍ക്കടുത്തെത്തുമ്പോള്‍ ശ്വാസമടക്കിയാണ് ഞാനും കുട്ടനും ഇരിക്കുന്നത്. കാരണം മുളംകൂമ്പ് തിന്നാന്‍ ആനകള്‍ വരുമെന്ന് കേട്ടിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കാടിന്‍റെ ആഴംകൂടി വന്നു, ഞങ്ങളുടെ ആകാംക്ഷയുടെയും. പടിയുണ്ട്, എന്നേലും ഒരാനയെ എങ്കിലും കാണണമെന്നുമുണ്ട്‌. ആന പോയിട്ട് ഒരു കുഴിയാനയെ പോലും കണ്ടില്ല, ഇതുവരെ.
     മുത്തങ്ങ ചെക്ക്‌ പോസ്റ്റിനു കുറച്ചകലെയായി വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. വളരെ ശാന്തമായി ഒരു പുഴയോഴുകുന്നുണ്ട് - പതിഞ്ഞ താളത്തില്‍, കാടിന്‍റെ നിശ്ശബ്ദ ഭംഗിയെ തെല്ലു പോലും അലോസരപ്പെടുത്താതെ, കൊലുസ്സിന്റെ വെള്ളിമണികള്‍ കൊഞ്ചാതെ, വളരെ പതിഞ്ഞ കാലടികള്‍ വെച്ച് നടക്കുന്ന പെണ്‍കൊടിയെപ്പോലെ.. ഇത്രയും ശാന്തമായി ഒരു പുഴയ്ക്കു ഒഴുകാന്‍ കഴിയുമെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്.ഇരുകരകളിലും സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന മുളംകൂട്ടങ്ങള്‍ടയില്‍ . അതിനിടയില്‍ ചിതറിക്കിടക്കുന്ന ആദിവാസിക്കുടികളും കാണാം.
     അനിയനാണ് കാണിച്ചു തന്നത്.- ഒരു മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ വെയില്‍ കാഞ്ഞിരിക്കുന്നു, വലിയൊരു മലയണ്ണാന്‍. നിറയെ രോമങ്ങള്‍ തിങ്ങിയ വലിയ വാല്‍ കാണാന്‍ എന്ത് ഭംഗിയാ!! കൊതി തീരെ ഒന്ന് കാണാന്‍ പോലും പറ്റിയില്ലാ, അപ്പോഴേക്കും മരങ്ങള്‍ ചാടിച്ചാടി അത് ഉള്‍ക്കാട്ടില്‍ പോയ്മറഞ്ഞു.
     ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അതാ ത്തിനും അപ്പുറത്താണ് ക്ഷേത്രം - പടര്‍ന്നു നില്‍ക്കുന്ന മുളം കൂട്ടങ്ങള്‍ ചൂണ്ടി അച്ഛന്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഞങ്ങളിറങ്ങി. സമയം നാലര ആവുന്നതെയുള്ളൂ. അഞ്ചു മണിയെങ്കിലും ആവും നട തുറക്കാന്‍. നല്ല സുഖദമായ തണുപ്പുള്ള അന്തരീക്ഷം. അടുത്ത് തന്നെ ഒരു ഏറുമാടം ഉണ്ട്, ഒരു കുഞ്ഞു പെട്ടിക്കടയും. വളരെ കുറച്ചു ആളുകളെ ഉള്ളൂ.. മിക്കവാറും കര്‍ണാടകയില്‍ നിന്ന് വന്ന ടൂറിസ്റ്റുകള്‍ ആണ്.


     നട തുറക്കാന്‍ ഇനിയും സമയം ഉണ്ടല്ലോ, ഞങ്ങള്‍ ചുമ്മാ നടക്കാന്‍ തീരുമാനിച്ചു. അമ്പലത്തിനടുത്തായി ഗ്രാമത്തിന്റെ ഉള്ളിലേക്ക് നീളുന്ന ഒരു ചെമ്മാന്‍ പാതയുണ്ട്. ഞങ്ങള്‍ അതിലെ നടന്നു. ഒരു ഭാഗം മുഴുവന്‍ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന വയലാണ്, നിറയെ പച്ചപ്പുല്ല് നിറഞ്ഞു വിശാലമായ ഇടം. അവിടെ ഓടിത്തിമിര്‍ത്തു കളിക്കുന്ന ആദിവാസിക്കുട്ടികളെ കാണാം. അത് നോക്കിയിരുന്നു കിന്നാരം പറയുന്ന ഒരു കൂട്ടം പെണ്ണുങ്ങള്‍ അവരുടെ അമ്മമാരാവും. കുത്തിമറഞ്ഞു കളിക്കുന്ന , ആര്‍ത്തു ചിരിക്കുന്ന കുട്ടികളോടും, അത് ആസ്വദിച്ചിരിക്കുന്ന അമ്മമാരോടും ഒക്കെ എനിക്ക് അസൂയ തോന്നി. എന്ത് രസാവും, ഒരു ധൃതിയും, ആകുലതകളും ഇല്ലാതെ... നാളെയെക്കുറിച്ചോര്‍ക്കാതെ .. ഇങ്ങനെ ഇരുന്നു.. അന്തിവെയില്‍ കാഞ്ഞു..
വേദപുസ്തകത്തില്‍ പറയുമ്പോലെ അവര്‍ നാളെയെക്കുറിചോര്‍ക്കുന്നില്ല , കൂട്ടിവെയ്ക്കുന്നുമില്ല, അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട് ഇന്ന് സുഭിക്ഷമായി, സമൃദ്ധമായി, സന്തോഷമായി ജീവിക്കുന്നു.
     മറുവശം മുഴുവന്‍ കാടാണ്. വൈദ്യുതകമ്പിവേലി കെട്ടിയിട്ടുണ്ട് ചുറ്റും. അടുത്തായി ഒരു ആദിവാസികോളനി കാണാം. വിശാലമായ മുറ്റം, അതിനു ചുറ്റുമായി തെറിച്ചു വീണത്‌ പോലെ കുഞ്ഞു കുഞ്ഞു വീടുകള്‍. മിക്കതും ഓടു മേഞ്ഞതാണ്, ചിലതൊക്കെ ടെറസ്സും. മുറ്റവും, തരയുമെല്ലാം ചാണകം മെഴുകി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റത്തിന്റെ ഒരു കോണില്‍ പരമ്പില്‍ ഉണക്കാന്‍ മഞ്ഞള്‍ വെച്ചിട്ടുണ്ട്.
        കാലി മേയ്ക്കാന്‍ പോയി വന്ന ഒരു ആദിവാസിപ്പയ്യനെയും  കണ്ടു.  അവന്‍റെ പിറകെ കുടമണി കിലുക്കി വരുന്ന കാലിക്കൂട്ടങ്ങള്‍. കുറച്ചു നേരം കൂടി ചുറ്റിത്തിരിഞ്ഞു അവയെല്ലാം അവന്‍റെ പിറകെ തൊഴുത്തിലേക്ക്‌ പോയി.


     ഞങ്ങള്‍ വീണ്ടും നടന്നു. സമൃദ്ധമായ കൃഷിയിടങ്ങള്‍! പച്ചക്കറികളും, വാഴയും എല്ലാമുണ്ട്. ഒത്ത നടുക്കായി ഒരു കാവല്മാടവും ഉണ്ട്. ഒട്ടുനേരം ഞങ്ങളവിടെ ഇരുന്നു. ആരും ഏറെയൊന്നും സംസാരിച്ചില്ല, ആ കുളിരില്‍, നിശബ്ദതയില്‍ അലിഞ്ഞു അവിടെയിരുന്നു. മനസ്സില്‍ തണുപ്പ് പടരുന്നുണ്ടായിരുന്നു.


     നട തുറന്നുകാണും,സീതാദേവിയും, ശ്രീരാമനും വനവാസ കാലത്ത് ഇവിടെ വസിച്ചിരുന്നു എന്നാണു ഐതിഹ്യം! ഞങ്ങള്‍ ക്ഷേത്രതിനടുതെക്ക് വന്നു. റോഡിനിരുവശവുമായി രണ്ടു ക്ഷേത്രസ്സമുച്ചയമുണ്ട്. ഒരു ഭാഗത്ത് ശ്രീരാമനും, മറുഭാഗത്ത് സീതാദേവിയും. സീതാക്ഷേത്രത്തിനു സമീപമായി ഒരു കൊച്ചു തടാകം കാണാം. പായല്‍ നിറഞ്ഞു, പച്ച നിറമുള്ള വെള്ളം തീര്‍ത്തും നിശ്ചലമാണ്. ഒരു കുഞ്ഞോളം  പോലുമില്ല. വെള്ളത്തിനു കുറുകെ ഒരു മരം വീണു കിടപ്പുണ്ട്.
പൊഴിഞ്ഞുവീഴുന്ന ഒരില പോലും വെള്ളത്തിന്റെ തപസ്സിനു ഭംഗം വരുത്തുന്നില്ല. കാലപ്രവാഹത്തിന്റെ ഗതികളറിയാതെ , ഋതുഭേതങ്ങളറിയാതെ, ഏതോ ഒരു യുഗത്തില്‍ ഉറങ്ങാന്‍ പോയ സുന്ദരിയെ പോലെ.. ഏതോ കാലത്തിന്‍റെ ദീപ്തസ്മരണകളും പേറി തപസ്സു ചെയ്യുന്ന കന്യകയെപ്പോലെ..




     കണ്ണീര്‍ തടാകം എന്നാണു ഇത് അറിയപ്പെടുന്നത്. ശ്രീരാമന്‍ ഉപേക്ഷിച്ചുപോയ സീതാദേവി ദുഃഖം സഹിക്കവയ്യാതെ കരഞ്ഞപ്പോള്‍ ആ കണ്ണുനീര്‍ ഒഴുകി ഉണ്ടായതാണത്രേ ഈ തടാകം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കണ്ണീരു പോലെ തെളിഞ്ഞ വെള്ളമായിരുന്നു. ഏതോ സാമൂഹ്യ വിരുദ്ധര്‍ കൊണ്ടിട്ട ആഫ്രിക്കന്‍ പായല്‍ വളര്‍ന്നു ഇപ്പോള്‍ വല്ലാതെ വൃത്തി കേടായിരിക്കുന്നു.
സങ്കടം തോന്നി. മറ്റേതൊരു നാട്ടിലായിരുന്നെങ്കിലും ഇതിങ്ങനെ കിടക്കുമായിരുന്നില്ല.തടാകക്കരയിലിരുന്നു ഇപ്പോഴും സീതാദേവി കണ്ണീര്‍ പൊഴിക്കുന്നുണ്ടാവുമോ ആവോ?!
നട തുറന്നിരിക്കുന്നു. ആദ്യം ശ്രീരാമ ക്ഷേത്രത്തില്‍ പോയി തൊഴുതു. എത്ര നേരം കിട്ടിയാലും മതി വരില്ല, ആ നിശബ്ദതയില്‍ മനം നിറഞ്ഞു തൊഴാന്‍. മനസ്സ് കൊണ്ട് ശ്രീ രാമനോട് ചോദിച്ചു: എല്ലാ സുഖവും ഉപേക്ഷിച്ചു വനവാസകാലത്ത് പോലും കൂടെ നിന്നിട്ടും, സീതാ ദേവിയോട് അഗ്നിശുദ്ധി വരുത്താന്‍ പറഞ്ഞതെന്തേ? ഈ കൊടും കാട്ടില്‍ നിഷ്കരുണം ഉപേക്ഷിച്ചതെന്തേ?
     ക്ഷേത്രത്തിനു പിന്‍വശത്തായി ഒരു പുഴയൊഴുകുന്നുണ്ട്. പുഴയ്ക്കക്കരെ കാടാണ് . പുഴയിലേക്കുള്ള പടിക്കെട്ടിലിരുന്നു അച്ഛനും, അമ്മയും ഏറെ നേരം സംസാരിച്ചു. ഞാനും കുട്ടനും പോയി ഹനുമാന്‍ സ്വാമിക്ക് നേദിച്ച അവിലും, പഴവും വാങ്ങി വന്നു. അതാണ്‌ ഇവിടത്തെ പ്രസാദം.
റോഡു മുറിച്ചു കടന്നു സീതാദേവിയെ തൊഴാന്‍ പോയി.ഇപ്പ്പോഴും സമീപം തന്നെ കാവല്‍ നില്‍ക്കുന്നുണ്ട് ഹനുമാന്‍. കോവിലിനു പിറകില്‍ വലിയൊരു ചെമ്പകമരം നില്ക്കുന്നു . നിറയെ ചെമ്പകം പൂക്കുന്ന രാത്രികളില്‍
സീതാദേവി ഇതിനു ചുവട്ടില്‍ നിറകണ്ണുകളോടെ നിന്നിരിക്കുമോ? ഒരിതള്‍ ചെമ്പകം പൊഴിച്ചുകൊണ്ട്‌ മരം എന്തോ പറയുന്നുണ്ട്, അതോ സീതാദേവി ഉത്തരം നല്‍കുന്നതോ?
 ഒരിക്കല്‍ കൂടി പ്രദക്ഷിണം വെച്ച് ഞങ്ങള്‍ തിരികെ നടന്നു.
       തിരികെ കാറില്‍ കയറുമ്പോള്‍ അച്ഛന്‍ ചോദിച്ചു, നമുക്ക് കുറച്ചു ദൂരം കൂടി പോയാലോ, സന്ധ്യയാവുന്നല്ലെയുള്ളൂ.. അങ്ങനെ ഞങ്ങള്‍ കര്‍ണാടക അതിര്‍ത്തി വരെ പോകാന്‍ തീരുമാനിച്ചു. കുറച്ചു ദൂരം പോയപ്പോഴേ കണ്ടു ഒരു കൂട്ടം മാനുകള്‍! ചുരുങ്ങിയത് ഒരു നാല്‍പതു എണ്ണമെങ്കിലും ഉണ്ട്. റോഡു മുറിച്ചു കടക്കുകയാണ്. മാനുകളെ മുന്‍പും കണ്ടിട്ടുണ്ട്. എങ്കിലും ഇത്ര അടുത്തു ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന അത്ര അടുത്ത് കാണുന്നത് ആദ്യമായാണ്‌. സാധാരണ മനുഷ്യരെ കാണുമ്പോഴേ ഓടിമറയുകയാണ് പതിവ്. അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു ആനക്കൂട്ടം കണ്ടു.റോഡുവക്കില്‍ നിന്ന് മുളം കൂമ്പുകള്‍ തിന്നുകയാണ്.കൊമ്പനും, പിടിയും പിന്നെ ഒരു ആനക്കുട്ടിയും! അല്പം മാറി വേറെ രണ്ടു പേരും. ഇവരും ഞങ്ങളെപ്പോലെ ഞായറാഴ്ച ആഘോഷിക്കാന്‍ പോയതാണോ ആവോ?


 ഇപ്പോള്‍ ഞങ്ങള്‍ അതിര്‍ത്തി എത്തി. അവിടെ ഒരു കുളമുണ്ട്. ആനക്കുളം എന്നാണ് പറയുന്നത്. അതില്‍ ഒരു വലിയ ആന കുളിക്കുന്നു.(കുളിക്കാവും , മുട്ടറ്റം വെള്ളത്തില്‍ വേറെ എന്ത് ചെയ്യാനാണ്?). രാത്രിയാവാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ തിരിച്ചു പോന്നു.
ഇടയ്ക്ക് ഒരു കൂട്ടം ആളുകള്‍ ഫോട്ടോ എടുക്കുന്നത് കണ്ടു. ഏതെങ്കിലും വന്യജീവി ആവും. ഞങ്ങളും കാര്‍ നിര്‍ത്തി. കാട്ടുപോത്തിന്‍ കൂട്ടമാണ്‌. കുറച്ചു പടമെടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു.


        ഇരുള്‍ പരന്നിരിക്കുന്നു. ഇരുട്ട് കാടിന്റെ വന്യസൌന്ദര്യം വര്‍ധിപ്പിക്കുന്നു. ഈ കാടിന് എത്ര എത്ര ഭാവങ്ങളാണ്. ക്ഷേത്രവും കടന്നു കാര്‍ പോയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ശ്രീരാമനും, സീതാദേവിയും, ലവകുശന്മാരും    യാത്രാ മംഗളം നേര്‍ന്നു കൈ വീശുന്നുവോ? വീണ്ടും വരണമെന്ന് പറയുന്നുവോ? ഞാന്‍ കണ്ണുകളടച്ചു.മനസ്സില്‍ തണുപ്പ് പടരുന്നു. ഇനിയൊരു ഞായരാഴ്ച്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!!





Sunday 5 February 2012

മഞ്ഞു മൂടിയ കാഴ്ചകള്‍..

            വളരെ നാളുകള്‍ക്കു ശേഷം വീണു കിട്ടിയ അവധി ദിനങ്ങളാണ്.തിരക്ക് പിടിച്ച ഈ ഓട്ടത്തിനിടയില്‍ ഒരുപാട് നാളുകള്‍ക്കൊടുവിലാണ് രണ്ടു മൂന്നു ദിവസം വീട്ടില്‍ നില്ക്കാന്‍ പറ്റുന്നത്.
             എന്റെ നാട് വളരെ സുന്ദരിയായിരിക്കുന്നു, പതിവിലുമധികം. ജനുവരിയിലും മഞ്ഞുപുതപ്പ് അഴിച്ചു മാറ്റിയിട്ടില്ല!മൂടുപടം മാറ്റാന്‍ മടിച്ചു നില്‍ക്കുന്ന മണവാട്ടിയെപ്പോലെ ഇനിയും മഞ്ഞുപുതപ്പിലോളിച്ച്ചു വെക്കയാണ് ഈ സൌന്ദര്യം..മനോഹരമായ ഒരു പ്രഭാതം! ഈ മൂടല്‍മഞ്ഞു സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതെയുള്ളൂ..! പടര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ സൂര്യ രശ്മികള്‍ ഒളിഞ്ഞു നോക്കുന്നുണ്ട്. ഞാന്‍ മുറ്റത്തേക്കിറങ്ങി. പതിയെ അരിച്ചു കേറുന്നു സുഖമുള്ള തണുപ്പ്. തണുപ്പകറ്റാനായി  മുറ്റത്തു വിറകും , ഉണങ്ങിയ  ഇലകളും കൂട്ടി കത്തിച്ചു തീ കായുനുണ്ട് അയല്‍പക്കത്തെ വല്യമ്മച്ചിയും കൊച്ചു മക്കളും. അല്‍പസമയം അവരുമായി കുശലം പറഞ്ഞു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള അപ്പൂസ് ഈ തണുപ്പൊന്നും വക വെയ്ക്കാതെ മുറ്റത്തും, തൊടിയിലുമെല്ലാം  ചറുപിരുന്നനെ  ഓടി നടപ്പുണ്ട്. തണുപ്പൊന്നും ഒരു പ്രശ്നമെയല്ലെന്നാണ്   അവന്റെ ഭാവം.      

           തൊട്ടടുത്ത വീട്ടിലെ അക്കന്‍ ഈ തണുപ്പത്തും കുളി കഴിഞ്ഞു ചാണകം മെഴുകിയ മുറ്റത്തു കോലം വരയ്ക്കുന്നു. അവര്‍ തമിഴ്നാട്ടുകാരിയാണ്, കല്യാണം കഴിഞ്ഞു 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല.. ഇപ്പോഴും രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞു , മുറ്റം അടിച്ചുവാരി, ചാണകം തളിച്ച് അവര്‍ കോലം വരയ്ക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ വെങ്കിടേശ്വര സുപ്രഭാതം. എത്ര പെട്ടെന്നാണ് കുറെ കുത്തുകള്‍ യോജിപ്പിച്ചു അവര്‍ മനോഹരമായ രൂപങ്ങള്‍ വരയ്ക്കുന്നത്.  രണ്ടു മൂന്നു നിമിഷങ്ങള്‍ക്കുള്ളില്‍ കോലം പൂര്‍ത്തിയായി. ഉം.. ഗംഭീരമായിരിക്കുന്നു.!! 

         വീടിനു മുന്നില്‍ മുറ്റത്തിനും താഴെ നീളമുള്ള റോഡ്‌ ആണ്. തിരക്കില്ലാത്ത പോക്കറ്റ്‌ റോഡ്‌. മതിലരികില്‍ ഇരുന്നു  ഈ വഴിയിലേക്കും, തൊടിയിലെക്കും സ്വപ്നജാലകങ്ങള്‍ തുറന്നു എത്ര നേരമെങ്കിലും ഇരിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്.വഴി നിറയെ മഞ്ഞു പുതച്ചിരിക്കുന്നതിനാല്‍ ദൂരെയൊന്നും കാണാന്‍ വയ്യ.. ഈ വഴി ചെന്ന് നില്‍ക്കുന്നത് പുഴയിലെക്കാണ്.  പുഴയെത്തുന്നതിനും മുന്‍പ് ഇടയ്ക്ക് വീടിനു അടുത്തായി ഒരു കുന്നുണ്ട്. പച്ചയുടുത്തു , ഓരങ്ങളില്‍ നിറയെ കൊങ്ങിണിപ്പൂവും, തുമ്പയും, കാക്കപ്പൂവും, ഓണപ്പൂവും, ഇനിയും പേരറിയാത്ത ഒരായിരം പൂക്കളും വിരിഞ്ഞു നിന്ന,നിറയെ തുമ്പികളും , പൂമ്പാറ്റകളും പറന്നു നടന്ന  ഒരു വസന്ത കാലം ഈ കുന്നിനുമുണ്ടായിരുന്നു. എന്നാലിന്ന് മരണം കാത്തു കിടക്കുന്ന രോഗിയെപ്പോലാണ്. മണ്ണെടുത്ത് ഒരു ഹെല്‍ത്ത്‌ സെന്റര്‍ പണിതു ഇവിടെ. നിറയെ മണ്ണ് മാന്തി, പൂച്ചെടികള്‍ വെട്ടി, ഓരങ്ങളില്‍ ആള്‍പ്പൊക്കത്തില്‍ മതില്‍ പണിതു, ഹൃദയം കീറി മുറിച്ചു ടാറിട്ട റോഡ്‌ പണിതു ഞങ്ങളെല്ലാരും കൂടി കൊന്നു ആ കുന്നിനെ.. ഇനി അല്പം ശ്വാസം കൂടിയേ ബാക്കിയുള്ളൂ .. എങ്കിലുമിന്നും വെയില്‍ മങ്ങിയ വൈകുന്നേരങ്ങളില്‍ അനിയനും, സുഹൃത്തുക്കള്‍ക്കുമൊപ്പം  കത്തിയടിച്ചിരിക്കാനും, മറ്റു ചിലപ്പോള്‍ സ്വപ്നം കാണാനും, എന്റെ സങ്കടങ്ങള്‍ പറയാനുമെല്ലാം ഞാന്‍ അവിടെ ചെല്ലാറുണ്ട്‌. കുന്നിന്മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന ഗുല്‍മോഹറിന് ചുവട്ടിലിരുന്നാല്‍ അങ്ങ് ദൂരെ ഒരു മലയുടെ  മുകള്‍ഭാഗം  കാണാം. ചുറ്റും വെള്ള മേഘങ്ങള്‍ നിറഞ്ഞു നീലനിറത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ മലമുകളിലേക്ക് നോക്കി അങ്ങനെ ഇരുന്നാല്‍ നേരം പോകുന്നതെ അറിയില്ല.!! 


             മുറ്റത്തെ ഗോള്‍ഡെന്‍  ബുഷില്‍ രണ്ടു ഇരട്ടതലച്ചികള്‍ കൂട് വെച്ചിട്ടുണ്ട്. ഒന്നില്‍ രണ്ടു മുട്ടയും ഉണ്ട്! അമ്മക്കിളി കൂട്ടില്‍ അടയിരിക്കുന്നു. അച്ഛന്കിളി പുറത്തു കാവലുണ്ട്. ഇടയ്ക്ക് രണ്ടു പേരുമോന്നിച്ചു  പുറത്തു പോവുന്നത് കാണാം. ആരെങ്കിലും കൂടിനടുത്ത് വന്നാല്‍ ആണ്‍കിളി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും . അപ്പോള്‍ പെണ്‍കിളിയും  കൂട്ടിനു പുറത്തുവരും. പിന്നെ രണ്ടു പേരും കൂടി മാറിനിന്നു ചുറ്റുപാടും നിരീക്ഷണമാണ്. കുഴപ്പമൊന്നുമില്ലെന്നു കണ്ടാല്‍ അമ്മക്കിളി കൂടിലേക്ക് മടങ്ങും. നാം മനുഷ്യര്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു ഈ സ്നേഹം. 
           തൊടി നിറയെ ശീമക്കൊന്നകള്‍ പൂത്തിരിക്കുന്നു ,ഇളം റോസ് നിറത്തില്‍ പൂമാലയണിഞ്ഞു നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുന്നു. ചെറു കാറ്റില്‍ പ്രണയം പൊഴിച്ചു ഇളം റോസ് ഇതളുകള്‍ അടര്‍ന്നു വീഴുന്നു.തേന്‍ കുടിക്കുന്ന സൂചിമുഖി കുരുവികളേയും കാണാം. ശീമക്കൊന്ന എനിക്ക് നിറയെ ഇഷ്ടമാണ്, എന്റെ സ്വപ്നങ്ങളുടെ ഒരു പങ്കു ഞാന്‍ ഒളിച്ചു വെച്ചിരിക്കുന്നത് ഈ പൂക്കളിലാണ്. നിറയെ പൂത്ത ശീമക്കൊന്നയും, അതിലിരുന്നു പാടുന്ന വണ്ണാത്തിക്കിളിയും, നിലാവുള്ള രാത്രികളില്‍ പൂക്കള്‍ക്കിടയിലൂടെ കാണുന്ന പൂര്‍ണചന്ദ്രനുമെല്ലാം  എന്റെ സ്വപ്നങ്ങളുടെ മാത്രമല്ല; ആത്മാവിന്റെ.. ജീവിതത്തിന്റെ തന്നെ ഭാഗമാണ്. 

          പിന്നാമ്പുറത്തെ തൊടിയിലെ മയിലെള്ള്  ഇലപൊഴിച്ചിരിക്കുന്നു. ഒറ്റ ഇല പോലുമില്ല. അവിടവിടെയായി ഉയര്‍ന്നു കാണുന്ന മുരിക്ക്‌ മരങ്ങളിലും ഇലയില്ല. എന്നാല്‍ മുരിക്ക്‌ ചെമന്ന പട്ടു ചുറ്റി നിറയെ പൂവണിഞ്ഞിട്ടുണ്ട് . ഹാ!! എന്തൊരു ചേലാണ്.!! കുട്ടിക്കാലത്ത് നീണ്ടു കൂര്‍ത്ത മുരിക്കിന്‍ പൂക്കള്‍ കൊണ്ട് യക്ഷി നഖമുണ്ടാക്കി കളിക്കാറുണ്ടായിരുന്നു. ഇല തിങ്ങിയ ഇടലമരത്തിന്റെ ഉള്ളിലിരുന്നു ഒരു ഉപ്പന്‍ ഇണയെ വിളിക്കുന്നുണ്ട്. ദൂരെയെങ്ങോ നിന്ന് പ്രിയതമന്‍ മറുമൊഴി ചൊല്ലുന്നതും കേള്‍ക്കാം. 

         അമ്മയോടൊപ്പം ഇടിച്ചക്ക പൊട്ടിക്കാന്‍ തോട്ടത്തില്‍ പോയപ്പോള്‍ കരിയിലക്കിളികളെ കണ്ടു. വളരെക്കാലത്തിനു ശേഷമാണ് ഞാന്‍ ഇവറ്റയെ കാണുന്നത്. പണ്ടൊക്കെ ഇപ്പോഴും കാണാമായിരുന്നു  വാലിട്ടു കണ്ണെഴുതി, കുണുങ്ങി നടക്കുന്ന കരിയിലക്കിളികള്‍, പ്രതേകിച്ചു മഞ്ഞുകാലത്ത്. ഇപ്പോള്‍ അധികം കാണാറേയില്ല.വളരെ അപൂര്‍വമായി ഒന്നോ രണ്ടോ കാണാം. എന്തൊരു സൌന്ദര്യമാണ് ഇവറ്റക്ക്!!.. ആരാണാവോ ഇത്ര ഭംഗിയായി നീണ്ടവാലിട്ടു കണ്ണെഴുതികൊടുക്കുന്നത്! 

                കൊക്കോ മരത്തില്‍ നിറയെ കായ്കളുണ്ട്. പക്ഷെ ഒന്ന് പോലും തിന്നാന്‍ പറ്റിയില്ല. അണ്ണാരക്കണ്ണന്‍മാര്‍ തിന്നു ഉള്ളു പൊള്ളയാണ്‌. ഒരു കോണില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് നിറയെ പൂത്തിരിക്കുന്നു .. മാവില്‍ നിറയെ അമ്പലപ്രാവുകള്‍ പരദൂഷണം പറയുന്നുണ്ട്. വെയിലേറ്റു തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് വജ്രശോഭയേകുന്നു!
              "മോളെ.. മതി, വാ.. ഭക്ഷണം കഴിച്ചിട്ടു മതി ഇനി കറക്കം".. അച്ഛന്‍ വിളിക്കുന്നുണ്ട്. എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമാണ്‌ അച്ഛന്.. അമ്മ നല്ല പഞ്ഞി പോലത്തെ ഇഡലിയും, സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ കഥ പറച്ചിലും, കുളിയും, ഊണും, ഉച്ചമയക്കവും എല്ലാം കഴിഞ്ഞപ്പോളെക്കും വെയില്‍ മങ്ങിത്തുടങ്ങിയിരുന്നു. അച്ഛനും, അമ്മയും, അനിയനും, ഞാനും കൂടി മുറ്റത്തിന്റെ ഒരു കോണില്‍ പോയിരുന്നു.. ഇതാണ് ഞങ്ങളുടെ പാര്‍ക്ക്‌. ഞങ്ങളുടെ വൈകുന്നേരങ്ങള്‍ സ്നേഹസാന്ദ്രമാകുന്നത് ഇവിടെയാണ്‌. കളി പറഞ്ഞും, കാര്യം പറഞ്ഞും, തല്ലു കൂടിയും സ്വപ്‌നങ്ങള്‍ പങ്കു വെച്ചും ഞങ്ങളങ്ങനെ ഏറെ നേരമിരിക്കും.. താഴെ റോഡിലൂടെ പോവുന്ന ഒരാളെയും അച്ഛന്‍ വെറുതെ വിടില്ല. എല്ലാരേയും വിളിച്ചു എന്തെങ്കിലും കളി പറഞ്ഞു, കുശലം പറഞ്ഞു.....അങ്ങനെ..
             വൈക്കോല്‍ക്കൂന  മേല്‍ കയറി താഴേക്ക്‌ ഊര്‍ന്നു വീണു കളിക്കുന്നു കുട്ടികള്‍.. കുറെ നേരം അത് നോക്കിയിരുന്നു ഞാന്‍, ഒരു നഷ്ടബോധം."വലുതാവേണ്ടായിരുന്നു അല്ലെ അച്ഛാ.." സ്നേഹത്തോടെ എന്നെ ചേര്‍ത്തുപിടിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു:"എത്ര വലുതായാലും നീ അച്ഛനെപ്പോഴും ചെറിയ കുട്ടിതന്നെയാണ് " എന്താ അച്ഛനും മോളും കൂടി ഒരു സ്വകാര്യം, എന്ന് ചോദിച്ചുകൊണ്ട് അയല്‍പക്കത്തെ ഇക്കക്കയും, ആന്റിയും വന്നു. കയ്യിലൊരു പാത്രം നിറയെ ഉന്നക്കായും. അവര്‍ വലിയ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ ഞാനും , അനിയനും മാറിപ്പോന്നു. ഉന്നക്കായ തിന്നു, ഉയര്‍ന്നു പറക്കുന്ന മഴപ്പക്ഷികളെ നോക്കി ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. 

             അസ്തമയം കഴിഞ്ഞു. പ്ലാവിന്മേല്‍ ഒരു പറ്റം ദേശാടനക്കിളികള്‍ ബഹളം വെക്കുന്നുണ്ട്. ചേക്കേറും മുന്‍പ് അതവരുടെ പതിവാണ്. "മോളെ, വിളക്ക് വെക്കാറായി,നേരം സന്ധ്യ കഴിഞ്ഞു ." - അമ്മയാണ്.  ഞാന്‍ എഴുന്നേറ്റു. പോവും മുന്‍പ് ഒരിക്കല്‍ കൂടി ജനാലയ്കടുത്തു വന്നു നോക്കി- മനോഹരമായ ഒരു ദിവസം കൂടി അവസാനിക്കുകയാണ്. താഴെ  പേരറിയാത്ത എന്റെ പ്രിയപ്പെട്ട മരം നിറയെ തളിരണിഞ്ഞിരിക്കുന്നു- ചുവപ്പും, മഞ്ഞയും നിറത്തില്‍ ഇലകള്‍! എന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, വ്യഥകളും എല്ലാം ഞാന്‍ ഈ മരത്തോടു പങ്കു വെക്കാറുണ്ട്. വല്ലത്തോരാത്മബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍..

          എനിക്കെന്തോ സങ്കടം വരുന്നു, രണ്ടു തുള്ളി കണ്ണുനീര്‍ തുളുമ്പാന്‍ മടിച്ചു നിന്നു. "നീ എഴുന്നേറ്റില്ലേ ഇത് വരെ.. നേരമിരുട്ടി " - വീണ്ടും അമ്മയാണ്. വിളക്ക് കൊളുത്താറായിരിക്കുന്നു ... ഞാന്‍ പോട്ടെ..

Tuesday 31 January 2012

നിത്യകാമുകി

നിന്നെ മാത്രം കാത്തു കാത്തിരിക്കുന്ന രാധയാവേണ്ടെനിക്ക്...
നീ കരം ഗ്രഹിച്ച രുഗ്മിനിയായാല്‍ മതി..!!!!