എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday, 28 April 2013

ചില സ്റ്റാൻഡേർഡ് ചിന്തകൾ


"ചേച്ചീ, ഇതാ കണ്ടോ 'touch  me not'.. "

"ഊം, എന്ത് ഭംഗിയാ അല്ലെ അതിന്റെ flower. "

ശാരിയും ശിശിരയും തമ്മിലാണ് ഈ സംസാരം.
വീട്ടിൽ വിരുന്നു വന്നതാണ് രണ്ടു പേരും. ഒരു ബന്ധുവിന്റെ മക്കളാണ് . ശാരി ഏഴിലും ശിശിര അഞ്ചിലും പഠിക്കുന്നു.
ദൈവമേ, ഇതാദ്യമായാണോ ഈ കുട്ടികൾ തൊട്ടാവാടി കാണുന്നത്, ഞാൻ അന്തം വിട്ടു!
സംഗതി സത്യമാണ്, ഇവരാദ്യമായാണത്രെ കാണുന്നത്.
നിങ്ങളിതുവരെ തൊട്ടാവാടി കണ്ടിട്ടില്ലേ, ഞാൻ ഒന്നു കൂടി ചോദിച്ചു.
തൊട്ടാവാടിയോ? ഇപ്പൊ അന്തം വിട്ടത് കുട്ടികളാണ് !!
ഇത് 'touch  me not' അല്ലെ? mimosa എന്നാ പറയുക, ചേച്ചിക്ക് doubt ആണേൽ google-ൽ നോക്കിയാൽ മതി!!! എനിക്ക് തന്നെ സംശയം തോന്നി- ഇനി ഇതിനു തൊട്ടാവാടി എന്നൊരു പേരില്ലേ?
ഇതുവരെയും തൊട്ടാവാടി കണ്ടിട്ടില്ലാത്ത, കണ്ടപ്പോഴും അത് തൊട്ടാവാടിയാണ് എന്നറിയാത്ത, വയലോ, പപ്പായ മരങ്ങളോ ഒന്നും കണ്ടിട്ടില്ലാത്ത ഈ കുട്ടികൾ ഗൾഫ്‌ രാഷ്ട്രങ്ങളിലൊന്നുമല്ല ജീവിക്കുന്നതു. നമ്മുടെ കേരളത്തിലാണ്- തലസ്ഥാനനഗരിയിൽ!

                 
                ഞാനവരെയും കൂട്ടി കുറച്ചു ദൂരം നടക്കാൻ പൊയി. മതിയാവോളം തൊട്ടാവാടിപ്പൂക്കൾ കാണിച്ചു കൊടുത്തു. വയൽ കണ്ടപ്പോൾ ശിശിരയ്ക്ക് സന്തോഷം-ഹായ്, ഏഷ്യാനെറ്റിൽ കാണും പോലെ തന്നെ!
മുക്കുറ്റിയും, തുമ്പയും , കിളികളും, തോടും ഒക്കെ കണ്ടു. മണ്ണാത്തിപ്പുള്ളിനെയും, ഇരട്ടത്തലച്ചിയെയും, പച്ചിലക്കുടുക്കയെയും -എന്തിനു നാടൻ കോഴികളെ വരെ- അവരാദ്യമായത്രേ കാണുന്നത്. വൈക്കോൽ കൂന കണ്ടു കുട്ടികൾ അത്ഭുതപ്പെട്ടു.

അതെന്താ ചേച്ചീ മണ്ണുകൊണ്ട് പിരമിഡ് ഉണ്ടാക്കി വെച്ചിരിക്കുന്നെ?
മണ്‍പുറ്റു കണ്ടിട്ടാണ് ഈ ചോദ്യം!


എനിക്ക് സങ്കടം തോന്നി- മണ്ണും മഴയും വെയിലുമറിയാതെ.. മലയാളം പോലുമറിയാതെ,.. നമ്മുടെ കുട്ടികൾ വളരുകയാണ്.
                

                           മലയാളത്തിന്റെ കാര്യം പറഞ്ഞപ്പോഴാണോർത്തത് - അടുത്ത വീട്ടിലെ അപ്പൂസിന്റെ കാര്യം. അവനിപ്പോൾ u.k.g-ൽ ആണ്. അപ്പൂസേ ആ നീല ബക്കറ്റിങ്ങേടുത്തെ എന്ന് പറഞ്ഞാല അവനറിയില്ല. ബ്ലൂ ആണേൽ കൃത്യമായി എടുത്തുതരും. താറാവിനെ അവനിതു വരെ കണ്ടിട്ടില്ല, പക്ഷെ duck-നെ അറിയാം കേട്ടോ. 
                      എന്റെയൊരു കൂട്ടുകാരിയുടെ മോനും ഇപ്പോൾ u.k.g -ൽ പഠിക്കുന്നു. അവനു മലയാളമേ അറിയില്ല. പഠിക്കുന്ന സ്കൂളിൽ മലയാളം സംസാരിച്ചാൽ പിഴയടയ്ക്കണം, ശിക്ഷയും കിട്ടും. വീട്ടിലെങ്ങാൻ മലയാളം പറഞ്ഞാൽ പിന്നെ അടിയാണ്‌., അവൻ കാണുന്നതാവട്ടെ ഇംഗ്ലീഷ് കാർട്ടൂണുകൾ മാത്രം!ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ മറുപടി- മലയാളം സംസാരിച്ചാൽ സ്റ്റാൻഡേർഡ് ഇല്ലാതാവുമത്രെ! അവന്റെ മുന്നിൽ മലയാളം പറയരുതെന്ന് ഒരു അറിയിപ്പും.

                 മണ്ണിലും  മഴയിലും കളിച്ചും, തളരുവോളം വെയിൽ കൊണ്ടും, ആവോളം മഴ നനഞ്ഞും, ആലിപ്പഴം നുണഞ്ഞും, കാക്ക കൊത്തിയ മാമ്പഴത്തിന്റെ മറുപാതി കഴിച്ചുമൊക്കെ വളര്ന്ന കുട്ടിക്കാലം ഞാനോർത്തു . അല്ലെങ്കിലും കൂട്ടുകാർ പറയും പോലെ ഞാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കേണ്ടതാവാം- പഴഞ്ചൻ.


                    അല്ലെങ്കിലും ഇന്ന് കളിക്കാനും പൂവിറുക്കാനും ഒക്കെ മരമുണ്ടോ?
അതും ഒരു സ്റ്റാൻഡേർഡ്ന്റെ കാര്യം തന്നെ. എത്രയേറെ മരങ്ങൾ കുറയുന്നോ അത്രയേറെ സ്റ്റാൻഡേർഡ് കൂടി എന്നാണല്ലോ. അല്ലെങ്കിലും മരമൊക്കെ ഇപ്പോൾ ആക്ക് വേണം. നമുക്ക് വേണ്ടത് ഷോപ്പിംഗ്‌ മാളുകളും, എക്സ്പ്രസ്സ്‌ ഹൈവേയും ടാർ ചെയ്ത വഴിയോരങ്ങളും, ടൈലിട്ട മുറ്റവും, നാലുനില ബംഗ്ലാവും ഒക്കെയല്ലേ? വികസനമെന്നാൽ മണ്ണിടിയ്ക്കലും, മരം വെട്ടലുമാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവരാണ് നാം.
                   വയനാട്ടുകാരിയാണ് എന്ന് പറയുന്നത് എനിക്കഭിമാനമാണ്. കാട്ടുജാതിക്കാരി എന്ന് പറയുന്നതും ഇഷ്ടമാണ്. പക്ഷെ ഇപ്പോഴിവിടെ കാടൊന്നും ഇല്ലാതാവുകയാണ്. കൊടുംവരൾച്ചയിലാണ് ഇന്ന് വയനാട്. മിക്ക ഇടങ്ങളിലും കുടിയ്ക്കാൻ ഒരു തുള്ളി വെള്ളമില്ല.  കിണർ ഇപ്പോൾ out of fashion ആയതു കൊണ്ട് ഞങ്ങളത് കുഴിക്കാറില്ല. ഇപ്പോൾ കുഴൽക്കിണർ ആണ് fashion. അതും എന്റെ വീട്ടിൽ രണ്ടു കുഴൽക്കിണർ എന്ന് പറയുമ്പോൾ ഗമ അല്പം കൂടി കൂടും . അങ്ങനെ സ്റ്റാൻഡേർഡ് കൂട്ടാനുള്ള ഓട്ടത്തിലാണ് ഇപ്പൊൾ . 

          നമുക്കുള്ളതും അതിലധികവും നാം കവർന്നെടുത്തു കഴിഞ്ഞു, ഇനി വറ്റാൻ പുഴകളോ, വെട്ടാൻ മരങ്ങളോ, നിരത്താൻ കുന്നുകളോ ഏറെയില്ല. എന്നിട്ടും ഒരു തുള്ളി വെള്ളം  മണ്ണിലിറങ്ങാൻ പോലും അനുവദിക്കാതെ സ്റ്റാൻഡേർഡ് കൂട്ടുകയാണ് നാം. എത്രയോ കാലങ്ങളായി വരും തലമുറകൾക്ക് കൂടി കരുതി വെച്ച ഭൂഗർഭജലവും ഊറ്റുകയാണ് . 

    
                             എന്റെ വീടിനു അടുത്തൊരു കുന്നുണ്ട്, അവിടെ ഇപ്പോൾ മണ്ണെടുക്കുകയാണ് . ഞാനിതെഴുതുമ്പോഴും മണ്ണുമാന്തിയന്ത്രം അലറിവിളിക്കുന്നുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരുപാട് പാമ്പുകളെ കൊന്നു. മാളം നഷ്ടപ്പെട്ടാൽ അവരെന്തു ചെയ്യാനാണ്?! ഇവർ  മാത്രമല്ല, മുപ്പതിലേറെ വലിയ മരങ്ങൾ , അവയിൽ  ചേക്കേറുന്ന കിളികൾ, ചീവീടുകൾ, മുയലുകൾ, ശലഭങ്ങൾ, ചെറുപ്രാണികൾ എത്രയധികം പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഭൂമിയുടെ അവകാശികൾ!  നമ്മെപ്പോലെ നഷ്ടപരിഹാരം ചോദിക്കാനോ, സമരം  ചെയ്യാനോ അവർക്കറിയില്ലല്ലോ. 

              നാമെങ്ങോട്ടാണ് വളരുന്നത്‌? അമ്മയെ കൊന്നിട്ട് അമ്മിഞ്ഞപ്പാൽ കുടിയ്ക്കണം എന്ന പോലെയാണ് നമ്മുടെ പോക്ക്. ഇതാണ് വികസനമെങ്കിൽ ഞാൻ വികസനത്തിനെതിരാണ്. ഇങ്ങനെയാണ് സ്റ്റാൻഡേർഡ് ആയി ജീവിക്കുന്നതെങ്കിൽ എനിക്കതും കുറവാണ്. 


      ഇനിയില്ലിവിടെ പച്ചപ്പ്‌
     ബാക്കിയുള്ളത് ഉഷ്ണക്കാറ്റും , ഊഷരഭൂവും,   

      ഊർദ്ധ്വൻ വലിക്കുന്ന     പ്രകൃതിയും മാത്രം 
      

            
  ഇനിയെങ്കിലും നമുക്ക് പ്രവർത്തിച്ചു തുടങ്ങാം. ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി പ്രവൃത്തിയാണ്‌ ആവശ്യം. പ്രകൃതിയെ പറ്റി ഘോരഘോരം പ്രസംഗിച്ചതു  കൊണ്ടോ എന്നെപോലെ ഇവിടിരുന്നു ഒരു ബ്ലോഗ്‌ എഴുതിയത് കൊണ്ടോ ഒന്നിനും പരിഹാരമാവുന്നില്ല. നമുക്ക് ഇറങ്ങിയേ തീരൂ..
                   സ്വപ്നം കാണാനെങ്കിലും നമുക്ക് മലയാളം ഉപയോഗിക്കാം. നമ്മുടെ മക്കളെ സംസ്കാരത്തോടെ വളർത്താം . പ്രകൃതിയെ അറിഞ്ഞും, മലയാളം അറിഞ്ഞും, സ്വപ്നം കണ്ടും അവർ വളരട്ടെ. ജീവിതവിജയം എന്നാൽ പണം മാത്രമല്ലെന്ന്, വൈറ്റ് കോളർ ജോലി മാത്രമല്ലെന്ന്, അവർ മനസ്സിലാക്കട്ടെ. മനുഷ്യത്വവും, സംസ്കാരവും, വിവേകവും ഉള്ള ഒരു തലമുറ ഉണ്ടാകട്ടെ. പച്ചപ്പ്‌ നിറഞ്ഞ ഒരു ഭൂമിയും, അതിൽ സന്തോഷത്തോടെ ജീവിക്കുന്ന ജീവജാലങ്ങളും ഉണ്ടാകട്ടെ 

7 comments:

 1. ""മണ്ണിലും മഴയിലും കളിച്ചും, തളരുവോളം വെയില്‍ കൊണ്ടും,
  ആവോളം മഴ നനഞ്ഞും, ആലിപ്പഴം നുണഞ്ഞും,
  കാക്ക കൊത്തിയ മാമ്പഴത്തിന്റെ മറുപാതി കഴിച്ചുമൊക്കെ
  വളര്ന്ന കുട്ടിക്കാലം ഞാനോര്‍ത്തു . അല്ലെങ്കിലും കൂട്ടുകാര്‍
  പറയും പോലെ ഞാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ജനിക്കെണ്ടതാവാം- പഴഞ്ചന്‍""
  ഈ വരികള്‍ ഒരുപാടിഷ്ടായി , ആ പറച്ചിലില്‍ നന്മയുണ്ട് അവന്തിക
  ആരൊട് പറയാന്‍ ആണ് അവന്തിക ..
  മനസ്സില്‍ ഇന്നും പൂക്കുന്ന ചിലതുണ്ട് ..
  അതേറി വരുമ്പൊള്‍ വല്ലാത്ത ആകുലതയാണ്.
  നഷ്ടമാകുന്ന പലതുമൊര്‍ത്തുള്ള ആധി ..
  നമ്മുക്ക് കിട്ടിയതിന്റെ ഒരംശം പൊലും നമ്മുടെ മക്കള്‍ക്ക്
  പകര്‍ന്നു കൊടുക്കാനാകുന്നില്ല എന്നത് നമ്മുടെ വിധിയാണ്
  നാം എന്ന സമൂഹം തീര്‍ത്ത വിധി , ആര്‍ക്ക് ഉണ്ട് അതിനൊക്കെ സമയം
  കീശയിലേക്ക് നോക്കി നോക്കി നടക്കുന്ന കണ്ണുകള്‍ മാത്രം ..
  സത്യം പറഞ്ഞാല്‍ അവന്തി ഈ തൊട്ടവാടിയുടെ പേര്
  ഞാനുമിപ്പൊള്‍ ദേ ഗൂഗിളില്‍ കേറി നോക്കിയതെ ഉള്ളു
  കുട്ടിയളൊക്കെ വല്ലാത്ത സ്റ്റാണ്ടേര്‍ഡിലായി പൊയത് നേരു തന്നെ ..
  മണ്ണില്‍ ചവിട്ടി നടക്കാന്‍ നാം അവര്‍ക്ക് മണ്ണ് വച്ചിട്ടുണ്ടൊ
  എന്നുള്ള ചോദ്യമാണ് മുന്നിലേക്ക് വരുന്നത് ...
  ഈ പോസ്റ്റായിരുന്നല്ലെ പറഞ്ഞത് അവന്തിക ...
  ഒരെ മനസ്സൊടെ ചിന്തിക്കുന്നവര്‍ ഉണ്ടെന്നുള്ളത്
  ആശ്വാസ്സം തന്നെ , ഉണരുവാന്‍ എല്ലാ മനസ്സുകള്‍ക്കും കഴിയുമാറാകട്ടെ ..

  ReplyDelete
 2. മലയാളം കാണാന്‍ വായോ
  മാമലകള്‍ കാണാന്‍ വായോ

  ReplyDelete
 3. അമ്മയെ കൊന്നിട്ട് അമ്മിഞ്ഞപ്പാൽ കുടിയ്ക്കണം എന്ന പോലെയാണ് നമ്മുടെ പോക്ക്.ഇതിലെല്ലാം ഉണ്ട് അവനി .... നല്ല "standard"ഉണ്ട് ഈ എഴുത്തിന് പഴഞ്ചൻ വയനാട്ടുകാരി;D(അങ്ങനെ ആയി രിക്കുക, അതിൽ അഭിമാനിക്കുക എന്നത് എല്ലാവര്ക്കും കഴിയാന കാര്യമല്ല അവനിക്കുട്ട്യെ ... ഞാനും അഭിമാനിക്കുന്നു നിന്നെയോർത്ത് ).

  ശക്തവും വ്യക്തവും ആണീ എഴുത്ത് !!

  ReplyDelete
 4. എന്നുമുണ്ടാകട്ടെ ഈ ഹരിത ചിത്തം ..

  സലാം

  ReplyDelete
 5. നന്മനിറഞ്ഞ എഴുത്ത്.
  നന്മയുടെ പ്രകാശം എല്ലായിടവും പ്രസരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......
  ആശംസകള്‍

  ReplyDelete
 6. നന്നായിരിക്കുന്നു പോസ്റ്റ്...നല്ല എഴുത്തും നല്ല ചിന്തകളും..

  ReplyDelete
 7. വളരെ നന്നായി അവന്തികാ, ഈ എഴുത്ത്.
  ഹൃദയസ്പര്‍ശിയായി നീ എഴുതിയിരിക്കുന്നു.....
  നിത്യഹരിതയായ അമ്മയെ , മണ്ണിനെ, മലയാളത്തെ സ്നേഹിക്കുന്ന നിന്റെ വാക്കുകള്‍, ഒരാളെയെങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിച്ചാല്‍ അങ്ങനെ ഒരാളെങ്കിലും പ്രകൃതിസ്നേഹി ആയി മാറിയാല്‍ നിനക്കഭിമാനിക്കാം...
  നിന്റെ ഈ പോരാട്ടം തുടരട്ടെ, പെറ്റമ്മയ്ക്ക്‌ വേണ്ടി...  ReplyDelete