എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday 30 October 2011

മഴയിലലിഞ്ഞ്...

   നിനച്ചിരിക്കാതെയാണ് മഴ പെയ്തത്!
ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല...
ഒരു ഇലയനക്കത്തിലോ  , കിളിനാദത്തിലോ , കാറ്റിന്‍റെ കിന്നാരത്തിലോ മണ്ണിന്‍റെ നെടുവീര്‍പ്പിലോ  ഒക്കെ മഴയുടെ വരവ് അവള്‍ അറിയാറുണ്ട്.
ഒരിക്കലും മുന്‍കൂട്ടി  പറയാതെ മഴയെത്തിയിട്ടില്ല. അല്ലെങ്കില്‍, പറയാതെ തന്നെ മഴ വരുന്നുവെന്ന് അവള്‍ക്കറിയാമായിരുന്നു..
കാരണം അവള്കെന്നും മഴയെ ഇഷ്ടമായിരുന്നു........., മഴ അവളുടെ ഉറ്റ തോഴിയായിരുന്നു.
മഴയറിയാത്ത രഹസ്യങ്ങളൊന്നും അവള്‍ക്കില്ലായിരുന്നു....... മഴയില്‍ അവളുടെ ജീവതാളമുണ്ടായിരുന്നു..

  അവളുടെ നിറം മഴമേഘങ്ങളുടെത്!!
  ഗന്ധം മഴ നനഞ്ഞ മണ്ണിന്റേതു    ..!
  സ്വരം മഴയുടെ സംഗീതം പോലെ ..!
  മുഖം പൂവിതളിലെ മഴത്തുള്ളി പോലെ.!
  വസ്ത്രങ്ങള്‍ മഴനൂലുകലാല്‍  നെയ്തത് ..!  
 പാദസരം മഴത്തുള്ളികള്‍ കോര്‍ത്തത്..!
അവള്‍ മഴയായിരുന്നു !

  അത്രമേല്‍ അഭേദ്യമായ ഹൃദയബന്ധം..
എന്നിട്ടും,.....
അന്ന് കത്തുന്ന വെയിലായിരുന്നു..
അവശേഷിച്ച ഒരേയൊരു മരത്തിന്റെ തണല്‍ പറ്റി നില്‍ക്കയായിരുന്നു അവള്‍.
പെട്ടെന്നാണ് മഴ ആഞ്ഞു പെയ്തത്, വീണ്ടും വീണ്ടും മഴ ശക്തി പ്രാപിച്ചു. 
ആഞ്ഞു പതിക്കുന്ന മഴത്തുള്ളികള്‍ താങ്ങാനാവാതെ തണല്‍ മരം തല കുനിച്ചു.
മഴമുത്തുകള്‍ അവളെ പൊതിഞ്ഞു, 
അവളുടെ ഗന്ധം മണ്ണില്‍ അലിഞ്ഞു; സ്വരം മഴയിരമ്പത്തിലും.
അവള്‍ മഴയിലലിഞ്ഞു, മഴയായി പെയ്തിറങ്ങി,
പൊട്ടിപ്പോയ പാദസരത്തിന്റെ പളുങ്കു മണികള്‍ മാത്രം അവളെ കാത്തിരുന്നു...
    ചേമ്പിന്‍ താളിലെ മഴമുത്തുകളായി ...... 

5 comments:

  1. പ്രിയപ്പെട്ട അവന്തിക,
    മഴയുടെ കൂട്ടുകാരിയാണെന്ന് അറിഞ്ഞു സന്തോഷിക്കുന്നു !മഴത്തുള്ളികള്‍ ഈശ്വരന്റെ വരദാനമാണ്! അത് ശക്തിയാക്കുക...പ്രചോദനവും!
    ഹൃദ്യമായ വരികള്‍ ഇഷ്ടമായി!
    സസ്നേഹം,
    അനു

    ReplyDelete
  2. അനുപമ,
    ദൈവത്തിന്‍റെ ഏറ്റവും വലിയ വരദാനമാണ് മഴ എന്നാണ് എന്‍റെയും വിശ്വാസം,,, ഏറ്റവും സുന്ദരമായ സൃഷ്ടിയും.
    തീര്‍ച്ചയായും ഞാനും മഴയുടെ കൂട്ടുകാരിയാണ്‌.
    അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
    - സ്നേഹപൂര്‍വ്വം അവന്തിക,

    ReplyDelete
  3. അവന്തികാ...

    മഴ പെയ്തിറങ്ങുകയാണ്!! ഓര്മ്മകളെ നനയിച്ച്, മനസ്സിന്‍റെ ഉള്ളില്‍ അറിയാതെ മഴയുടെ ഒരു തണുപ്പുപടരുന്നു. ..ശരിക്കും ഇഷ്ടായീ ഈ മഴ!!!..പ്രത്യേകിച്ചും മഴ മേഘങ്ങളുടെ നിറമുള്ള..മഴത്തുള്ളികള്‍ കോര്‍ത്ത പാദസരമിടുന്ന, മഴയുടെ സംഗീതമുള്ള ആ മഴയുടെ കൂട്ടുകാരിയെ..

    വളരെ ഹൃദ്യമായി..

    സ്നേഹത്തോടെ മനു..

    ReplyDelete
  4. മനു..,
    മഴ പെയ്തിറങ്ങുകയാണ്... ഒരു മഴ സമ്മാനിച്ചുവെന്നു അറിഞ്ഞു സന്തോഷിക്കുന്നു...
    അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  5. ഞാനും മഴയ പ്രണയിക്കുന്നു...
    മഴയ്ക്ക്‌ രൗദ്രഭാവം കൈവരുമ്പോള്‍ അവള്‍ എനിക്കേറ്റവും സുന്ദരിയാകുന്നു...
    മഴയുടെ സംഗീതം എന്റെ ഹൃദയ താളം കൂടി ആണ്...

    ReplyDelete