എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 11 May 2013

അവസാനത്തെ കവിത


അവസാനത്തെ കവിത കുറിക്കുകയാണ് ഞാൻ.
സ്വപ്നങ്ങളുടെ നേർത്ത കമ്പളത്തിനുള്ളിൽ 
ലോകം സുഖമായുറങ്ങുമ്പോഴും 
ഞാൻ അവസാനത്തെ കവിതയെഴുതുകയാണ്.

ഇനിയെന്റെ പേനത്തുമ്പിൽ 
ഒരു വേനൽ ചിറകു വിരിക്കയില്ല 
ഒരു മഴക്കാലം പെയ്തു നിറയുകയില്ല.
പ്രണയം കവിൾ  തുടുപ്പിക്കുകയോ 
ഗുൽമോഹർ ഋതുമതിയാവുകയോ ഇല്ല.
വേദനയുടെ മൂർച്ഛയിൽ നിന്നുമൊരു
 കവിതക്കുഞ്ഞും ഇനി പിറന്നു വീഴുകയില്ല.

പൂത്തുവിടർന്നതും പൂക്കാൻ മറന്നതുമായ 
സ്വപ്നങ്ങളുടെ വർണങ്ങൾ ചാലിച്ച് 
എന്നിലെ പ്രണയഹർഷങ്ങളെല്ലാം 
തൂലികത്തുമ്പിലാവാഹിച്ചു 
നോവിന്റെ അവസാനതുള്ളിയും ഊറ്റി 
ഞാനെഴുതുകയാണ് - അവസാനകവിത.

കവിതയാം ലഹരിയുടെ മഷി കുടിച്ചുവറ്റിച്ച 
തൂലികയിൽ നിന്നിനി പിറന്നുവീഴുക 
മൌനത്തിൻ ചാപിള്ളക്കുഞ്ഞുങ്ങളാവും.

രാവേറെയായെന്നൊരു കിളി ചിലയ്ക്കുമ്പോഴും 
പാരിജാതത്തിൻ മദഗന്ധം പരക്കുമ്പോഴും 
രാത്രിമഴയിൽ ഭൂമി പുളകിതയാവുമ്പോഴും 
ഇരുളിലേക്ക് ജാലകങ്ങൾ തുറന്നിട്ട്‌ 
പാതിരാക്കാറ്റിൽ ഇളകുന്ന മുടിയൊതുക്കി 
ഞാൻ എഴുത്തുമേശയ്ക്കു മുൻപിലാണ്.

അതെ,
ഞാൻ കവിത കുറിക്കുകയാണ് 
അവസാനത്തെ കവിത!

8 comments:

 1. എഴുതാതിരിക്കെ നിന്‍ വിരല്‍ത്തുമ്പില്‍ വെമ്പല്‍ കൊള്ളും മനസ്സിന്‍ ജാലകങ്ങളില്‍ എന്നും മഴയുണ്ടാകും; മഴവില്ലുണ്ടാകും...
  സ്വപ്നങ്ങളുടെ സാന്ദ്ര ഗന്ധം പേറി എത്തുന്ന വസന്തവും ഗുല്‍മോഹറും നിന്റെ ഹൃദയത്തില്‍ ഇനിയും കവിത വിരിയിക്കുക തന്നെ ചെയ്യും. എഴുതാതിരിക്കാനേ നിനക്കാവൂ...

  ReplyDelete
 2. നന്നായിരിക്കുന്നു രചന
  മൌനങ്ങളില്‍നിന്നു് മഹത്തായ രചനകള്‍ പിറന്നുവീഴും!
  ആശംസകള്‍

  ReplyDelete
 3. ഇഷ്ട്ടായി അവന്തിക .. ഇനിയും എഴുതു

  ReplyDelete
 4. അവസാനത്തെ കവിത കഴിഞ്ഞെഴുതുന്ന കവിതയായിരിയ്ക്കും ഏറ്റം മനോഹരം

  ReplyDelete
 5. ഒരൊ വരികള്‍ക്കുമിപ്പുറം , നിന്റെ ചിന്ത -
  എപ്പൊഴുമിതായിരിക്കും , " എന്റെ അവസ്സാനത്തേത് "..
  അടുത്ത മഴക്ക് മുന്നെ വരെ , വേനല്‍ വേവുകള്‍
  പകര്‍ത്തുമ്പൊഴും .. അറിഞ്ഞിരിക്കില്ല ഒരു പുതുമഴക്ക്
  നിന്റെ വിരലുകള്‍ മനസ്സില്‍ നിന്നും വീണ്ടും ചലിക്കുമെന്ന് .
  ഈ വരികളിലൂടെ , വേദന ഇല്ലാണ്ടാകുമെന്നും
  പ്രണയം നരച്ച് പൊഴിയുമെന്നും , ഇനിയൊരൊറ്റ
  തുള്ളിക്ക് പൊലും പാത്രമാകുവാന്‍ മനസ്സിനിടമില്ലെന്നും
  പരിതപിക്കുമ്പൊഴും , ഒരു കുഞ്ഞു കാറ്റില്‍ തളിര്‍ക്കുന്ന
  നിന്റെ മഴ മനസ്സ് .. വീണ്ടും വീണ്ടും മൊട്ടിടുന്ന ഒന്ന് ..
  ""കവിതയാം ലഹരിയുടെ മഷി കുടിച്ചുവറ്റിച്ച
  തൂലികയില്‍ നിന്നിനി പിറന്നുവീഴുക
  മൌനത്തില്‍ ചാപിള്ളക്കുഞ്ഞുങ്ങളാവും.""
  മൗനത്തില്‍ പിറന്നു വീഴുന്ന ചാപിള്ള കുഞ്ഞുങ്ങള്‍ക്കും
  നിന്നിലേക്ക് നട്ട പ്രണയവര്‍ണ്ണങ്ങളുടെ നഷ്ട്മേഘങ്ങള്‍
  പെയ്യിക്കുവാന്‍ ആവോളമുണ്ടാകാം ..
  ഒരൊ പുതുമഴക്കും കിളിര്‍ക്കുന്ന ചിന്തകള്‍ക്ക് ജീവന്‍ വയ്പ്പിക്കുവാന്‍
  നീ ഉണ്ടാകണം , നിന്നില്‍ നിന്നും ഊര്‍ന്ന് വീഴുന്ന വരികളില്‍
  മഴസ്പര്‍ശമേറ്റ് പരന്ന് കുളിരുവാന്‍ , എന്നും അവസ്സാനിക്കാത്ത
  കവിതയുടെ തുടിപ്പുകളുമായി ..

  ReplyDelete
 6. കവിത വറ്റാതിരിക്കട്ടെ...പൂത്ത് വിടര്ന്നതും പൂക്കാൻ മറന്നതു മായ സ്വപ്നങ്ങളുടെ വർണങ്ങൾ ചാലിച്ചു ഇനിയും എഴുതുക.....

  ReplyDelete
 7. puthiya oru thudakkathinayi oru avasanam anivaryam.............

  ReplyDelete