എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Tuesday, 6 January 2015

ഉയിർപ്പ്


മൂന്നല്ല, മൂവായിരം വട്ടം 
നീയെന്നെ തള്ളിപ്പറഞ്ഞു.
മുപ്പതു വെള്ളിക്കാശിനു പോലുമല്ലാതെ 
ചുംബനം കൊണ്ടെന്നെയും ഒറ്റുകൊടുത്തു.
ചെയ്യാത്ത കുറ്റത്തിനെന്നെ കുരിശേറ്റിയപ്പോഴും 
പങ്കില്ലയെന്നോതി കൈ കഴുകി.

എന്റെ വേദനയിൽ ചങ്കു പിളർന്ന് 
ഭൂമി കുലുങ്ങിയില്ല,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല.

എങ്കിലും മൂന്നാംനാൾ ഞാനുയിർക്കും.
അന്ന്,
ആണിപ്പഴുതിൽ തൊട്ടുനോക്കാതെ
നീയെന്നെ വിശ്വസിക്കും.
തള്ളിപറഞ്ഞ നാവുകൊണ്ട്
എനിയ്ക്ക് സ്തുതി പാടും.

ഞാനോ, നിനക്കുവേണ്ടി കൂടിയാണ്
മുറിഞ്ഞതെന്ന് പുഞ്ചിരിയ്ക്കും.
നിന്റെ കൈപിടിച്ച്
ആകാശത്തിന്റെ അതിരുകൾ താണ്ടും.
നാമൊന്നിച്ച് സ്വർഗാരോഹണം ചെയ്യും.

നമ്മുടെ ആകാശവും ഭൂമിയും നിറഞ്ഞ്
മുന്തിരിവള്ളികളും, മാതളനാരകവും പൂവിടും
ഞാനും നീയും മാഞ്ഞുപോകും,
നാം സ്നേഹം മാത്രമാകും.

ഭൂമിയിലപ്പോഴും
ഇല്ലാത്ത മരത്തിലെ
കായ്ക്കാത്ത പഴം കഴിച്ച്
ആരൊക്കെയോ
സ്വയം ഭ്രഷ്ടരാവുന്നുണ്ടാവും.

6 comments:

 1. സ്നേഹമാണഖിലസാരമൂഴിയില്‍.........
  ആശംസകള്‍

  ReplyDelete
 2. ഭൂമിയിലപ്പോഴും
  ഇല്ലാത്ത മരത്തിലെ
  കായ്ക്കാത്ത പഴം കഴിച്ച്
  ആരൊക്കെയോ
  സ്വയം ഭ്രഷ്ടരാവുന്നുണ്ടാവും.

  ഭൂമിയിലെപ്പോഴും, എല്ലായ്പ്പൊഴും…

  ReplyDelete
 3. ഇവിടെ ആദ്യമാണ് ..പുല്ലും കാടും വളർന്നിരിക്കുന്നല്ലോ ...വിലാപ്പുറത്ത് മുറിവുള്ള കവിതക്ക് സലാം ...

  ReplyDelete
 4. ഇവിടെ ആദ്യമാണ് ..പുല്ലും കാടും വളർന്നിരിക്കുന്നല്ലോ ...വിലാപ്പുറത്ത് മുറിവുള്ള കവിതക്ക് സലാം ...

  ReplyDelete
 5. നോവിന്റെ നീറ്റലിൽ നിന്ന് സ്നേഹക്കൂട്ടിലേക്ക്‌.

  ReplyDelete