എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday 28 July 2012

ഭാസ്ക്കരാസ്തമയം


ഇവിടെന്‍റെ താതനാം സൂര്യന്‍ മരിക്കുന്നു
ഇവിടെയെന്‍ പകലുകള്‍ എരിഞ്ഞടങ്ങീടുന്നു 
ഇനിയില്ലുഷസ്സിന്റെ വെള്ളിവെളിച്ചങ്ങള്‍
തമസ്സിന്‍ തിരശീല എന്‍ മുന്നില്‍ വീഴുന്നു 
ഇവിടെ ഞാന്‍ തളരുന്നൊ, രനാഥയായ് മാറുന്നു.

ഓര്‍മ തന്‍ പിന്നാമ്പുറങ്ങളിലെവിടെയോ
ഒരു വസന്തോത്സവത്തിന്‍ വര്‍ണങ്ങള്‍ ചിതറുന്നു.
പടിയിറങ്ങിപ്പോയ നിറവസന്തത്തിന്റെ 
കാഴ്ചകളാലെന്റെ കണ്ണുകള്‍ പുകയുന്നു,
പാതിയില്‍ മുറിഞ്ഞ ഗാനത്തിന്‍ ഈണമെന്‍ 
തൊണ്ടയിലൊരു ഗദ്ഗദമായ്‌ കുരുങ്ങുന്നു,

പകുതിക്ക് വെച്ച് നീ മീട്ടാന്‍ മറന്ന 
വീണതന്‍ തന്തികള്‍ വിറയാര്‍ന്നു തേങ്ങുന്നു.
ഇളവെയില്‍ പോലെ നീ സ്നേഹം പകര്‍ന്നോരീ 
വീടിന്‍റെ മുറ്റത്ത് കരിനിഴല്‍ വീഴുന്നു,
സ്നേഹത്തിന്‍ മഴവില്ല് വിരിയിച്ചൊരാ- 
കാശചെരിവിന്നു കാര്‍മുകില്‍ മൂടുന്നു.

അന്തമില്ലാത്ത വസന്തോത്സവങ്ങളില്‍ 
ഒരു കുഞ്ഞുപൂവായ് ചിരിതൂകി വിലസുവാന്‍ 
നിന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി നടക്കുന്ന 
പിഞ്ചിളം പൈതലായ് പുഞ്ചിരി തൂകുവാന്‍ 
നിന്‍ നെഞ്ചിന്‍ ചൂടേറ്റുറങ്ങിയുണരുവാന്‍ 
നീ പാടും താരാട്ടിന്നീണമായ്‌ മാറുവാന്‍ 

ഒരു സൂര്യപുത്രിയായ് ഇനിയും ജനിക്കുവാന്‍
എന്നുമെന്‍ സൂര്യനായ് നീ വിളങ്ങീടുവാന്‍
ഇനിയെത്ര കാലം തപസ്സു ചെയ്യേണ്ടു ഞാന്‍?

11 comments:

  1. "പാതിയില്‍ മുറിഞ്ഞ ഗാനത്തിന്‍ ഈണമെന്‍
    തൊണ്ടയിലൊരു ഗദ്ഗദമായ്‌ കുരുങ്ങുന്നു,"

    ആദ്യം ഒന്ന് വായിച്ചു; പിന്നെയും വായിച്ചു; പിന്നൊന്നു ഈണത്തില്‍ ചൊല്ലി നോക്കി....
    എന്നിട്ട്, സ്വയം പറഞ്ഞു...കൊള്ളാല്ലോ ഈ പോസ്റ്റ്‌ എന്ന്...
    വളരെ നന്നായിരിക്കുന്നു അവന്തിക....

    ഗദ്യം മാത്രമല്ല അവന്തികയ്ക്ക് വഴങ്ങുന്നത് എന്ന് തെളിയിച്ചിരിക്കുന്നു.... ആശംസകള്‍...

    ReplyDelete
  2. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  3. നമ്മില്‍ സന്തോഷം നിറയ്ക്കാനായി വസന്തം വന്നത് നാം പോലും ക്ഷണിക്കാതെയല്ലേ? നിറവസന്തം പടിയിറങ്ങിപ്പോയെങ്കിലും ഇനിയും വരും, നിറയെ പൂക്കളുമായി... പ്രതീക്ഷയോടെ നാം കാത്തിരിക്കുക... അതാണ് അര്‍ത്ഥവത്തായ തപസ്സ്...

    ReplyDelete
  4. ഒന്നും അസ്തമിച്ച് പൊകില്ല അവന്തീ ..
    ഓര്‍മകളുടെ ഉണര്‍ത്ത് പാട്ടായി
    ഒരു ഉദയമുണ്ട് അരികേ .... !
    നിറഞ്ഞ് നിന്നതൊക്കെ ആ ഉദയത്തിലൂടെ
    കാലം തിരികേ നല്‍കും ..
    എല്ലാ മഴയും പെയ്തു തൊരും .. പക്ഷേ !
    കുളിരിന്റെ കണങ്ങള്‍ ചേര്‍ത്ത് വച്ച് അത് വീണ്ടും വരും ..
    വസന്തകാലം ഒരു കാലത്തില്‍ കൊഴിഞ്ഞ് പൊവാനുള്ളതല്ല ..
    നല്ല വരികള്‍ കേട്ടൊ .. നന്നായി എഴുതീ ..

    ReplyDelete
  5. നല്ല ഈണത്തിലുള്ള കവിത....നന്നായി..ഇപ്പോൾ മുകിലിന്റെ കവിത വായിച്ചു കഴിഞ്ഞതേയുള്ളൂ....സമാന പ്രമേയം...

    ReplyDelete
  6. അസ്തമയം പുതിയൊരുദയത്തിനുള്ള മുന്നൊരുക്കത്തിന്റെ പടിയാണ്

    ഓരോ അസ്തമയവും പുനരൊരു ഉദയത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ക്ക് ഗര്‍ഭമേകിയാണ് വിലകുന്നതും

    ReplyDelete
  7. ഏതോ പ്രത്യാശയുടെ സമുദ്രമുഖങ്ങളില്‍
    നിന്റെ സൂര്യന്‍ ഉദിച്ചിട്ടുണ്ടായിരിയ്ക്കും
    നിന്നെ താലോലിച്ചുണര്‍ത്തുന്ന കാലം
    ഒരിയ്ക്കലാ സമുദ്രമുഖത്തേയ്ക്കൊരു വഴികാട്ടിയായിടും..
    അതുവരെ കാലമാ ചിപ്പിയ്ക്കുള്ളിലാ രഹസ്യം
    നിനക്കുവേണ്ടി ഒരു മുത്തുപോലെ ഉറങ്ങുന്നുണ്ടാകും..
    ഉയരുന്ന ഉള്‍ക്കടല്‍ തിരയായ്
    അന്നാ സൂ‍ര്യനെ നിനക്കുമാത്രം ചുംബിച്ചുണര്‍ത്താം!

    ReplyDelete
  8. ചില മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമുള്ളവയാണ് മറ്റൊരു ഉദയത്തിനായി കാത്തിരിക്കാം ...
    നന്മകള്‍ നേരുന്നു

    ReplyDelete
  9. അവ്നിക്കുട്ടി..പടിയിറങ്ങിപ്പോയ വസന്തത്തെ ഓര്‍ത്ത് കണ്ണ് നീറ്റാതെ, പടികടന്നു വരാനിരിക്കുന്ന വസന്തത്തെ കണ്ണുകളില്‍ നിരയ്ക്ക്.

    ReplyDelete
  10. പകലിന്റെ വഴിവിളക്കണയുന്നത്‌ ഒരു ഉറക്കത്തിനു വേണ്ടി മാത്രം

    നല്ല കവിത
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  11. ഇളവെയില്‍ പോലെ സ്നേഹം

    ReplyDelete