എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Wednesday 13 February 2013

പേര് നഷ്ട്ടപ്പെട്ടവള്‍ക്ക് പറയാനുളളത്



ഇനിയെങ്കിലും ഈ മുറിപ്പാടുകളില്‍ വിരലമര്‍ത്തി 
ചിരിക്കാതിരിക്കുക
സ്വീകരണമുറികളിലെ നിര്‍വികാരവാഗ്ധോരണികളില്‍ 
അലങ്കാരമാക്കാതിരിക്കുക 
രാഷ്ട്രീയചര്‍ച്ചകളിലോ, തെരഞ്ഞെടുപ്പുസമ്മേളനങ്ങളിലോ 
പ്രഹസനമാക്കാതിരിക്കുക.

നിങ്ങള്‍ക്ക് ഞാന്‍ വെറുമൊരു പ്രതീകം മാത്രം-
ഇരയുടെ പ്രതീകം,
പീഡനത്തിന്റെ പ്രതീകം,
പെണ്ണുടലിന്റെ പ്രതീകം-

ഇത് മാത്രമോ ഞാന്‍?
ഞാനുമൊരു പെണ്ണ് 
ബുദ്ധിയും, ഹൃദയവുമുള്ള പെണ്ണ് 
പച്ചയായ മനുഷ്യന്‍..

പെണ്ണായി പിറന്നതല്ലെന്റെ തെറ്റ് 
പിറന്നുപോയതീ ദൈവനാട്ടിലെന്നതാണ്.

പെണ്ണെന്ന വാക്കിനാല്‍ പോലും സ്ഖലിക്കുന്ന
നിങ്ങളിലെ 
പൗരുഷത്തിനോ 
വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ മത്സരിക്കുന്ന 
നിങ്ങളിലെ ഫെമിനിസ്റ്റിനോ 
മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല.

ബാക്കിയുള്ളവരോട്‌ :
മരണശേഷം നിങ്ങളെന്നെ മഹത്വപ്പെടുത്തണ്ട
ജീവിച്ചിരിക്കുമ്പോള്‍ എന്നെ സ്നേഹിക്ക.

തെറ്റ് ചെയ്യാതെ കുരിശേറിയവന്റെ 
തിരുവചനം മറക്കാതിരിക്കുക:
എന്നെയോര്‍ത്തല്ല-
നിങ്ങളുടെ മക്കളെ ഓര്‍ത്ത്‌ വിലപിക്കുവിന്‍. .,.

5 comments:

  1. ........മുതലകണ്ണിരുകളുടെ കാലം .......
    എല്ലാവര്‍ക്കും എന്തൊ നേടാനുള്ളത് പൊലേ ...
    എല്ലാ കണ്ണുകളും ഇരയേ തേടുന്നു .. അന്നത്തിന് , നിലനില്പ്പിന് ..
    ഒരുതരം സുഖത്തിന് ..
    ആന്തലാണുള്ളില്‍ , രണ്ടു പെണ്‍കിടാങ്ങളുടെ പിതാവിന് ..

    ReplyDelete
  2. "ബാക്കിയുള്ളവരോട്‌ :
    മരണശേഷം നിങ്ങളെന്നെ മഹത്വപ്പെടുത്തണ്ട
    ജീവിച്ചിരിക്കുമ്പോള്‍ എന്നെ സ്നേഹിക്ക" .

    നന്നായി

    ReplyDelete
  3. ഇനിയെങ്കിലും ഈ മുറിപ്പാടുകളില്‍ വിരലമര്‍ത്തി
    ചിരിക്കാതിരിക്കുക
    മുതലക്കണ്ണീര്‍ പൊഴിക്കാതിരിക്കുക.
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  4. അപ്പോ പിന്നെ എങ്ങനെ എക്സ്ക്ലൂസീവ് സ്റ്റോറികളുണ്ടാക്കും? ഇരയായിത്തന്നെ തുടരട്ടെ

    ReplyDelete
  5. മുമ്പ് രാഷ്ട്രീയക്കാര്‍ക്ക് രക്തസാക്ഷികളായിരുന്നു ആയുധം,ഇപ്പൊ കാലം മാറി കഥയും..

    ReplyDelete