വളരെ നാളുകള്‍ക്കു ശേഷം വീണു കിട്ടിയ അവധി ദിനങ്ങളാണ്.തിരക്ക് പിടിച്ച ഈ ഓട്ടത്തിനിടയില്‍ ഒരുപാട് നാളുകള്‍ക്കൊടുവിലാണ് രണ്ടു മൂന്നു ദിവസം വീട്ടില്‍ നില്ക്കാന്‍ പറ്റുന്നത്.
തൊട്ടടുത്ത വീട്ടിലെ അക്കന്‍ ഈ തണുപ്പത്തും കുളി കഴിഞ്ഞു ചാണകം മെഴുകിയ മുറ്റത്തു കോലം വരയ്ക്കുന്നു. അവര്‍ തമിഴ്നാട്ടുകാരിയാണ്, കല്യാണം കഴിഞ്ഞു 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല.. ഇപ്പോഴും രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞു , മുറ്റം അടിച്ചുവാരി, ചാണകം തളിച്ച് അവര്‍ കോലം വരയ്ക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ വെങ്കിടേശ്വര സുപ്രഭാതം. എത്ര പെട്ടെന്നാണ് കുറെ കുത്തുകള്‍ യോജിപ്പിച്ചു അവര്‍ മനോഹരമായ രൂപങ്ങള്‍ വരയ്ക്കുന്നത്. രണ്ടു മൂന്നു നിമിഷങ്ങള്‍ക്കുള്ളില്‍ കോലം പൂര്‍ത്തിയായി. ഉം.. ഗംഭീരമായിരിക്കുന്നു.!!
എന്റെ നാട് വളരെ സുന്ദരിയായിരിക്കുന്നു, പതിവിലുമധികം. ജനുവരിയിലും മഞ്ഞുപുതപ്പ് അഴിച്ചു മാറ്റിയിട്ടില്ല!മൂടുപടം മാറ്റാന്‍ മടിച്ചു നില്‍ക്കുന്ന മണവാട്ടിയെപ്പോലെ ഇനിയും മഞ്ഞുപുതപ്പിലോളിച്ച്ചു വെക്കയാണ് ഈ സൌന്ദര്യം..മനോഹരമായ ഒരു പ്രഭാതം! ഈ മൂടല്‍മഞ്ഞു സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതെയുള്ളൂ..! പടര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ സൂര്യ രശ്മികള്‍ ഒളിഞ്ഞു നോക്കുന്നുണ്ട്. ഞാന്‍ മുറ്റത്തേക്കിറങ്ങി. പതിയെ അരിച്ചു കേറുന്നു സുഖമുള്ള തണുപ്പ്. തണുപ്പകറ്റാനായി മുറ്റത്തു വിറകും , ഉണങ്ങിയ ഇലകളും കൂട്ടി കത്തിച്ചു തീ കായുനുണ്ട് അയല്‍പക്കത്തെ വല്യമ്മച്ചിയും കൊച്ചു മക്കളും. അല്‍പസമയം അവരുമായി കുശലം പറഞ്ഞു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള അപ്പൂസ് ഈ തണുപ്പൊന്നും വക വെയ്ക്കാതെ മുറ്റത്തും, തൊടിയിലുമെല്ലാം ചറുപിരുന്നനെ ഓടി നടപ്പുണ്ട്. തണുപ്പൊന്നും ഒരു പ്രശ്നമെയല്ലെന്നാണ് അവന്റെ ഭാവം.

വീടിനു മുന്നില്‍ മുറ്റത്തിനും താഴെ നീളമുള്ള റോഡ് ആണ്. തിരക്കില്ലാത്ത പോക്കറ്റ് റോഡ്. മതിലരികില്‍ ഇരുന്നു ഈ വഴിയിലേക്കും, തൊടിയിലെക്കും സ്വപ്നജാലകങ്ങള്‍ തുറന്നു എത്ര നേരമെങ്കിലും ഇരിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്.വഴി നിറയെ മഞ്ഞു പുതച്ചിരിക്കുന്നതിനാല്‍ ദൂരെയൊന്നും കാണാന്‍ വയ്യ.. ഈ വഴി ചെന്ന് നില്‍ക്കുന്നത് പുഴയിലെക്കാണ്. പുഴയെത്തുന്നതിനും മുന്‍പ് ഇടയ്ക്ക് വീടിനു അടുത്തായി ഒരു കുന്നുണ്ട്. പച്ചയുടുത്തു , ഓരങ്ങളില്‍ നിറയെ കൊങ്ങിണിപ്പൂവും, തുമ്പയും, കാക്കപ്പൂവും, ഓണപ്പൂവും, ഇനിയും പേരറിയാത്ത ഒരായിരം പൂക്കളും വിരിഞ്ഞു നിന്ന,നിറയെ തുമ്പികളും , പൂമ്പാറ്റകളും പറന്നു നടന്ന ഒരു വസന്ത കാലം ഈ കുന്നിനുമുണ്ടായിരുന്നു. എന്നാലിന്ന് മരണം കാത്തു കിടക്കുന്ന രോഗിയെപ്പോലാണ്. മണ്ണെടുത്ത് ഒരു ഹെല്‍ത്ത് സെന്റര്‍ പണിതു ഇവിടെ. നിറയെ മണ്ണ് മാന്തി, പൂച്ചെടികള്‍ വെട്ടി, ഓരങ്ങളില്‍ ആള്‍പ്പൊക്കത്തില്‍ മതില്‍ പണിതു, ഹൃദയം കീറി മുറിച്ചു ടാറിട്ട റോഡ് പണിതു ഞങ്ങളെല്ലാരും കൂടി കൊന്നു ആ കുന്നിനെ.. ഇനി അല്പം ശ്വാസം കൂടിയേ ബാക്കിയുള്ളൂ .. എങ്കിലുമിന്നും വെയില്‍ മങ്ങിയ വൈകുന്നേരങ്ങളില്‍ അനിയനും, സുഹൃത്തുക്കള്‍ക്കുമൊപ്പം കത്തിയടിച്ചിരിക്കാനും, മറ്റു ചിലപ്പോള്‍ സ്വപ്നം കാണാനും, എന്റെ സങ്കടങ്ങള്‍ പറയാനുമെല്ലാം ഞാന്‍ അവിടെ ചെല്ലാറുണ്ട്. കുന്നിന്മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന ഗുല്‍മോഹറിന് ചുവട്ടിലിരുന്നാല്‍ അങ്ങ് ദൂരെ ഒരു മലയുടെ മുകള്‍ഭാഗം കാണാം. ചുറ്റും വെള്ള മേഘങ്ങള്‍ നിറഞ്ഞു നീലനിറത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ മലമുകളിലേക്ക് നോക്കി അങ്ങനെ ഇരുന്നാല്‍ നേരം പോകുന്നതെ അറിയില്ല.!!
മുറ്റത്തെ ഗോള്‍ഡെന്‍ ബുഷില്‍ രണ്ടു ഇരട്ടതലച്ചികള്‍ കൂട് വെച്ചിട്ടുണ്ട്. ഒന്നില്‍ രണ്ടു മുട്ടയും ഉണ്ട്! അമ്മക്കിളി കൂട്ടില്‍ അടയിരിക്കുന്നു. അച്ഛന്കിളി പുറത്തു കാവലുണ്ട്. ഇടയ്ക്ക് രണ്ടു പേരുമോന്നിച്ചു പുറത്തു പോവുന്നത് കാണാം. ആരെങ്കിലും കൂടിനടുത്ത് വന്നാല്‍ ആണ്‍കിളി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും . അപ്പോള്‍ പെണ്‍കിളിയും കൂട്ടിനു പുറത്തുവരും. പിന്നെ രണ്ടു പേരും കൂടി മാറിനിന്നു ചുറ്റുപാടും നിരീക്ഷണമാണ്. കുഴപ്പമൊന്നുമില്ലെന്നു കണ്ടാല്‍ അമ്മക്കിളി കൂടിലേക്ക് മടങ്ങും. നാം മനുഷ്യര്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു ഈ സ്നേഹം.
തൊടി നിറയെ ശീമക്കൊന്നകള്‍ പൂത്തിരിക്കുന്നു ,ഇളം റോസ് നിറത്തില്‍ പൂമാലയണിഞ്ഞു നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുന്നു. ചെറു കാറ്റില്‍ പ്രണയം പൊഴിച്ചു ഇളം റോസ് ഇതളുകള്‍ അടര്‍ന്നു വീഴുന്നു.തേന്‍ കുടിക്കുന്ന സൂചിമുഖി കുരുവികളേയും കാണാം. ശീമക്കൊന്ന എനിക്ക് നിറയെ ഇഷ്ടമാണ്, എന്റെ സ്വപ്നങ്ങളുടെ ഒരു പങ്കു ഞാന്‍ ഒളിച്ചു വെച്ചിരിക്കുന്നത് ഈ പൂക്കളിലാണ്. നിറയെ പൂത്ത ശീമക്കൊന്നയും, അതിലിരുന്നു പാടുന്ന വണ്ണാത്തിക്കിളിയും, നിലാവുള്ള രാത്രികളില്‍ പൂക്കള്‍ക്കിടയിലൂടെ കാണുന്ന പൂര്‍ണചന്ദ്രനുമെല്ലാം എന്റെ സ്വപ്നങ്ങളുടെ മാത്രമല്ല; ആത്മാവിന്റെ.. ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
പിന്നാമ്പുറത്തെ തൊടിയിലെ മയിലെള്ള് ഇലപൊഴിച്ചിരിക്കുന്നു. ഒറ്റ ഇല പോലുമില്ല. അവിടവിടെയായി ഉയര്‍ന്നു കാണുന്ന മുരിക്ക് മരങ്ങളിലും ഇലയില്ല. എന്നാല്‍ മുരിക്ക് ചെമന്ന പട്ടു ചുറ്റി നിറയെ പൂവണിഞ്ഞിട്ടുണ്ട് . ഹാ!! എന്തൊരു ചേലാണ്.!! കുട്ടിക്കാലത്ത് നീണ്ടു കൂര്‍ത്ത മുരിക്കിന്‍ പൂക്കള്‍ കൊണ്ട് യക്ഷി നഖമുണ്ടാക്കി കളിക്കാറുണ്ടായിരുന്നു. ഇല തിങ്ങിയ ഇടലമരത്തിന്റെ ഉള്ളിലിരുന്നു ഒരു ഉപ്പന്‍ ഇണയെ വിളിക്കുന്നുണ്ട്. ദൂരെയെങ്ങോ നിന്ന് പ്രിയതമന്‍ മറുമൊഴി ചൊല്ലുന്നതും കേള്‍ക്കാം.
അമ്മയോടൊപ്പം ഇടിച്ചക്ക പൊട്ടിക്കാന്‍ തോട്ടത്തില്‍ പോയപ്പോള്‍ കരിയിലക്കിളികളെ കണ്ടു. വളരെക്കാലത്തിനു ശേഷമാണ് ഞാന്‍ ഇവറ്റയെ കാണുന്നത്. പണ്ടൊക്കെ ഇപ്പോഴും കാണാമായിരുന്നു വാലിട്ടു കണ്ണെഴുതി, കുണുങ്ങി നടക്കുന്ന കരിയിലക്കിളികള്‍, പ്രതേകിച്ചു മഞ്ഞുകാലത്ത്. ഇപ്പോള്‍ അധികം കാണാറേയില്ല.വളരെ അപൂര്‍വമായി ഒന്നോ രണ്ടോ കാണാം. എന്തൊരു സൌന്ദര്യമാണ് ഇവറ്റക്ക്!!.. ആരാണാവോ ഇത്ര ഭംഗിയായി നീണ്ടവാലിട്ടു കണ്ണെഴുതികൊടുക്കുന്നത്!


കൊക്കോ മരത്തില്‍ നിറയെ കായ്കളുണ്ട്. പക്ഷെ ഒന്ന് പോലും തിന്നാന്‍ പറ്റിയില്ല. അണ്ണാരക്കണ്ണന്‍മാര്‍ തിന്നു ഉള്ളു പൊള്ളയാണ്. ഒരു കോണില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് നിറയെ പൂത്തിരിക്കുന്നു .. മാവില്‍ നിറയെ അമ്പലപ്രാവുകള്‍ പരദൂഷണം പറയുന്നുണ്ട്. വെയിലേറ്റു തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് വജ്രശോഭയേകുന്നു!
വൈക്കോല്‍ക്കൂന മേല്‍ കയറി താഴേക്ക് ഊര്‍ന്നു വീണു കളിക്കുന്നു കുട്ടികള്‍.. കുറെ നേരം അത് നോക്കിയിരുന്നു ഞാന്‍, ഒരു നഷ്ടബോധം."വലുതാവേണ്ടായിരുന്നു അല്ലെ അച്ഛാ.." സ്നേഹത്തോടെ എന്നെ ചേര്‍ത്തുപിടിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു:"എത്ര വലുതായാലും നീ അച്ഛനെപ്പോഴും ചെറിയ കുട്ടിതന്നെയാണ് " എന്താ അച്ഛനും മോളും കൂടി ഒരു സ്വകാര്യം, എന്ന് ചോദിച്ചുകൊണ്ട് അയല്‍പക്കത്തെ ഇക്കക്കയും, ആന്റിയും വന്നു. കയ്യിലൊരു പാത്രം നിറയെ ഉന്നക്കായും. അവര്‍ വലിയ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ ഞാനും , അനിയനും മാറിപ്പോന്നു. ഉന്നക്കായ തിന്നു, ഉയര്‍ന്നു പറക്കുന്ന മഴപ്പക്ഷികളെ നോക്കി ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു.
"മോളെ.. മതി, വാ.. ഭക്ഷണം കഴിച്ചിട്ടു മതി ഇനി കറക്കം".. അച്ഛന്‍ വിളിക്കുന്നുണ്ട്. എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമാണ് അച്ഛന്.. അമ്മ നല്ല പഞ്ഞി പോലത്തെ ഇഡലിയും, സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ കഥ പറച്ചിലും, കുളിയും, ഊണും, ഉച്ചമയക്കവും എല്ലാം കഴിഞ്ഞപ്പോളെക്കും വെയില്‍ മങ്ങിത്തുടങ്ങിയിരുന്നു. അച്ഛനും, അമ്മയും, അനിയനും, ഞാനും കൂടി മുറ്റത്തിന്റെ ഒരു കോണില്‍ പോയിരുന്നു.. ഇതാണ് ഞങ്ങളുടെ പാര്‍ക്ക്. ഞങ്ങളുടെ വൈകുന്നേരങ്ങള്‍ സ്നേഹസാന്ദ്രമാകുന്നത് ഇവിടെയാണ്. കളി പറഞ്ഞും, കാര്യം പറഞ്ഞും, തല്ലു കൂടിയും സ്വപ്‌നങ്ങള്‍ പങ്കു വെച്ചും ഞങ്ങളങ്ങനെ ഏറെ നേരമിരിക്കും.. താഴെ റോഡിലൂടെ പോവുന്ന ഒരാളെയും അച്ഛന്‍ വെറുതെ വിടില്ല. എല്ലാരേയും വിളിച്ചു എന്തെങ്കിലും കളി പറഞ്ഞു, കുശലം പറഞ്ഞു.....അങ്ങനെ..
അസ്തമയം കഴിഞ്ഞു. പ്ലാവിന്മേല്‍ ഒരു പറ്റം ദേശാടനക്കിളികള്‍ ബഹളം വെക്കുന്നുണ്ട്. ചേക്കേറും മുന്‍പ് അതവരുടെ പതിവാണ്. "മോളെ, വിളക്ക് വെക്കാറായി,നേരം സന്ധ്യ കഴിഞ്ഞു ." - അമ്മയാണ്. ഞാന്‍ എഴുന്നേറ്റു. പോവും മുന്‍പ് ഒരിക്കല്‍ കൂടി ജനാലയ്കടുത്തു വന്നു നോക്കി- മനോഹരമായ ഒരു ദിവസം കൂടി അവസാനിക്കുകയാണ്. താഴെ പേരറിയാത്ത എന്റെ പ്രിയപ്പെട്ട മരം നിറയെ തളിരണിഞ്ഞിരിക്കുന്നു- ചുവപ്പും, മഞ്ഞയും നിറത്തില്‍ ഇലകള്‍! എന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, വ്യഥകളും എല്ലാം ഞാന്‍ ഈ മരത്തോടു പങ്കു വെക്കാറുണ്ട്. വല്ലത്തോരാത്മബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍..
എനിക്കെന്തോ സങ്കടം വരുന്നു, രണ്ടു തുള്ളി കണ്ണുനീര്‍ തുളുമ്പാന്‍ മടിച്ചു നിന്നു. "നീ എഴുന്നേറ്റില്ലേ ഇത് വരെ.. നേരമിരുട്ടി " - വീണ്ടും അമ്മയാണ്. വിളക്ക് കൊളുത്താറായിരിക്കുന്നു ... ഞാന്‍ പോട്ടെ..
നല്ല രചന. ഇത് പൂർണ്ണമായും കഥയാണോ അതോ അനുഭവമാണോ ?
ReplyDelete@ Harinath AMകഥയല്ലിതു, ജീവിതം. ഇത് ഭാവനയല്ല. പൂര്‍ണമായും അനുഭവം തന്നെ.
Deleteനന്ദി.
ശരിക്കും നാട്ടില്‍ വന്നപോലെയായി ..മനസ്സ് നിറഞ്ഞു ...
ReplyDeleteനല്ല രചന ..ആശംസകള്‍
സന്തോഷം സതീശാ, :)
Deleteഅങ്ങനെ ഒരു അവധി ദിവസം കൂടി അവന്തിക ആഘോഷമാക്കി അല്ലെ !!
ReplyDeleteഉം, തീര്‍ച്ചയായും. പക്ഷെ അവധി ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു പോയി.
Deleteഎനിക്കെന്തോ സങ്കടം വരുന്നു, രണ്ടു തുള്ളി കണ്ണുനീര്‍ തുളുമ്പാന്‍ മടിച്ചു നിന്നു. "നീ എഴുന്നേറ്റില്ലേ ഇത് വരെ.. നേരമിരുട്ടി " - വീണ്ടും അമ്മയാണ്. വിളക്ക് കൊളുത്താറായിരിക്കുന്നു ... ഞാന്‍ പോട്ടെ..
ReplyDeleteഇപ്പം പോയ്ക്കോ. പക്ഷേ സങ്കടം മാറ്റീട്ട് വന്നേക്കണം ട്ടാ. :)
കൊള്ളാം. വായിക്കാൻ കൊള്ളാവുന്നൊരു പോസ്റ്റ്. ആശംസാസ്
:) നന്ദി മാഷെ..
Deleteആദ്യായിട്ടാണ് ഇവിടെ. പക്ഷെ ഈ പോസ്റ്റ് എനിക്കൊത്തിരി ഇഷ്ടപ്പെട്ടു.
ReplyDeleteകാരം ഞാന്‍ കാണാന്‍ കൊതിക്കുന്ന നാട്ടു കാഴ്ചകള്‍ , മഞ്ഞും , മഴയും, നിലാവം എല്ലാം വന്നിട്ടുണ്ട് ഈ പോസ്റ്റില്‍.
നേരിട്ട് സംസാരിക്കുന്നത് പോലെയുള്ള ഈ എഴുത്ത് രീതി ഈ പോസ്റ്റിനെ കൂടുതല്‍ ഭംഗിയാക്കി.
മനോഹരമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍ അവന്തിക.
അവന്തികയുടെ സ്വപ്നങ്ങളിലേക്ക് സ്വാഗതം .
Deleteഈ നാട്ടുകാഴ്ച്ചകളൊക്കെ ഇനിയെത്ര കാലം ഉണ്ടെന്നു അറിയില്ല. ഞാന്‍ പറഞ്ഞില്ലേ എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു.
വന്നതില്‍ സന്തോഷം.
അനിയത്തിക്കുട്ടീ....
ReplyDeleteപേരറിയുന്നതും അറിയാത്തതുമായ ഒരുനൂറു പൂക്കള്‍ സ്വാഗതം പറയുന്ന ദാവണിയുടുത്ത നിന്‍റെ ഗ്രാമമെന്ന സുന്ദരിയെ, ഈ മഞ്ഞുമൂടിയ കാഴ്ച്ചയിലൂടെ വരച്ചു കാണിച്ച് നീ എന്‍റെ കണ്ണില്‍ ദൃശ്യവിരുന്നൊരുക്കി. കൂട്ടുകാരോടൊത്ത് കത്തിയടിക്കാനും, ഒറ്റയ്ക്ക് വന്നിരുന്ന് സങ്കടം പറയാനും അല്പ്പശ്വാസം ബാക്കിവച്ച് ഇപ്പോഴും അവിടെയുള്ള ആ കുന്ന്!!! ഞാനും അവിടെ വന്നു കണ്ണടച്ചിരുന്നു കുറേനേരം, കാതുകളില്‍ കിളികളുടെ ശബ്ദം മാത്രം, മനസ്സില്‍ നിശബ്ധത ഉമ്മ വച്ചു, കൈവിരലുകളില്‍ തണുപ്പിന്‍റെ ചുണ്ടുകള്‍, കണ്ണുതുറക്കുമ്പോള്‍ ഇരുട്ട് പരന്നുകഴിഞ്ഞു. മനോഹര സ്വപ്നം!! ഓടിയോടി തളര്‍ന്ന കുട്ടി അമ്മയുടെ മടിയില്‍ തലവച്ചുറങ്ങും പോലെ ആ മലയുടെ മടിയില്‍ കിടന്നുറങ്ങാന്‍ ഞാന്‍ വരും ഒരുനാള്‍!!
കുഞ്ഞു മഞ്ഞുതുള്ളിയില്‍ സൂര്യനെ പ്രതിഫലിപ്പിച്ച ഒരു മനോഹര പുലരിയില്‍ തുടങ്ങി ചായചെപ്പും തുറന്നെത്തിയ സുന്ദര സന്ധ്യയില്‍ ദീപം കൊളുത്തി ഒരു പകലിന്‍റെ കാഴ്ച നിറുത്തിയ ഈ എഴുത്തിനു അഭിനന്ദനങ്ങള്‍...
സ്നേഹത്തോടെ മനു..
മനുവേട്ടാ,
Deleteനിറയെ സന്തോഷായി. ഇഷ്ടായി അല്ലെ ഞങ്ങളുടെ നാട്. കണ്ടതും കേട്ടതുമൊക്കെ ശരിയാണ്, നിറയെ കിളികളുണ്ട് ആ കുന്നില്‍. പേരറിയാത്ത കിളികളും,പൂക്കളും ഒക്കെയുണ്ട്. തീര്‍ച്ചയായും സ്വാഗതം ഞങ്ങളുടെ നാട്ടിലേക്ക്. അടുത്ത അവധിക്കാലം വയനാട്ടില്‍ ആവട്ടെ.
നാടിനെയും വീടിനെയും മനോഹരമായ വാക്കുകളിൽ സന്നിവേശിപ്പിച്ചു,ആശംസകൾ...
ReplyDelete:) അവന്തികയുടെ ലോകത്തേക്ക് സ്വാഗതം..
Deleteനന്ദി..
പ്രകൃതി രമണീയ വിരുന്ന് വളരെ നന്നായിരിയ്ക്കുന്നൂ...ആശംസകള്‍...!
ReplyDeleteനന്ദി വര്ഷിണീ..
Deleteപ്രിയപ്പെട്ട അവന്തിക,
ReplyDeleteമനോഹരമായ ഈ പൌര്‍ണമി രാവില്‍,അവന്തികയുടെ ഗ്രാമീണത നിറഞ്ഞ ഈ പോസ്റ്റ് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.
ഇത്രയും സുന്ദരമായ ഗ്രാമം എവിടെയാണ്?നമുക്ക് സമാന ഇഷ്ടങ്ങള്‍ ഉണ്ടല്ലോ...!എന്റെ അച്ഛന്റെ വീട്ടില്‍ ചിലവഴിച്ച ബാല്യകാലത്തിനു തിളക്കം നല്‍കുന്നത് പൂത്തു നില്‍ക്കുന്ന ശീമക്കൊന്ന ചെടികളാണ്! എന്ത് ഭംഗിയാ, ഈ പൂത്തുലഞ്ഞ ചെടികള്‍ കാണാന്‍.
പിന്നെ, ഞങ്ങളുടെ തറവാട്ടിലും ഇപ്പോള്‍ ത്രിശുരിലും ചെമ്പോത്ത് എന്ന സുന്ദരി പക്ഷി വരും. ഈശ്വരന്റെ കാക്ക എന്നാണു പറയുക. നമ്മുടെ വീട്ടു വളപ്പില്‍ ഭാഗ്യം കൊണ്ടു വരുന്ന പക്ഷിയാണ്,കേട്ടോ.
കിളികളും,പുഴയും ,മലയും,കുന്നും, ചെടികളും എല്ലാം കൂടി വല്ലാതെ മോഹിപ്പിച്ച ഒരു പോസ്റ്റ് !
അവന്തിക, അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
അനുപമ,
Deleteഇത് എന്റെ ഗ്രാമം ആണ്, വയനാട്ടില്‍. ശരിക്കും എന്തൊരു ഭംഗിയാ പൂത്തുലഞ്ഞ ശീമക്കൊന്ന ചെടികള്‍ക്ക്. അനുപമയ്ക്ക് ഇഷ്ടായി എന്നറിഞ്ഞു സന്തോഷിക്കുന്നു. വരൂ ഒരിക്കല്‍ ഞങ്ങളുടെ നാട്ടിലേക്ക്,ഇഷ്ടാവും അനുപമയ്ക്ക്..
" നിറയെ പൂത്ത ശീമക്കൊന്നയും, അതിലിരുന്നു പാടുന്ന വണ്ണാത്തിക്കിളിയും, നിലാവുള്ള രാത്രികളില്‍ പൂക്കള്‍ക്കിടയിലൂടെ കാണുന്ന പൂര്‍ണചന്ദ്രനുമെല്ലാം എന്റെ സ്വപ്നങ്ങളുടെ മാത്രമല്ല; ആത്മാവിന്റെ.. ജീവിതത്തിന്റെ തന്നെ ഭാഗമാണ്. "
ReplyDeleteപ്രിയ അവന്തിക,
നിന്റെ പോസ്റ്റുകളില്‍ വെച്ചേറ്റവും ഹൃദ്യമായത് ഇതാണ്...
ഒരുപാട് ഇഷ്ടായി, ചില ഓര്‍മ്മകളിലേക്ക് അറിയാതെ മടങ്ങിപ്പോയി...
ചില വരികളില്‍ മനസ്സ് അലിഞ്ഞില്ലാതായി...
ഇത് പോലൊരു ദിവസം എന്നെങ്കിലും എനിക്കുണ്ടാകുമോ ആവോ :-)
ഇനിയും പോരട്ടെ ഇത്തരം നല്ല പോസ്റ്റുകള്‍...
ഇതെല്ലാം എന്റെ ജീവിതം തന്നെയാണ് മഹേഷ്. മഹേഷിന്റെ നാട്ടിലും ഉണ്ടാവും ഇതൊക്കെ. ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു. സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ മഹേഷിനും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
Deleteമണ്ണിന്റെ മണവും, പൂക്കളുടെ ഭംഗിയും, കിളികളുടെ കളകളാരവവും ...അങ്ങനെ അങ്ങനെ എന്തൊക്കെയാണ് നിമിഷനേരം കൊണ്ട് മനസ്സില്‍ വന്നു പോയത്. ഇനി കാണാന്‍ സാദ്യതയില്ലാത്ത, ഇനിയുള്ള തലമുറയ്ക്ക് കാണാന്‍ ഭാഗ്യമില്ലാത്ത ഒരു പിടി ഗ്രാമ കാഴ്ചകള്‍... വായനയിലൂടെ അനുഭവമാക്കി തന്ന പ്രിയ സുഹൃത്തിന് ഭാവുകങ്ങള്‍.....
ReplyDeleteഅവന്തികയുടെ സ്വപ്നങ്ങളിലേക്ക് സ്വാഗതം khadu , പറഞ്ഞത് ശരിയാണ് ഇനിയുള്ള തലമുറയ്ക്ക് ഇതൊന്നും കാണാനും അറിയാനും ഉള്ള ഭാഗ്യം ഉണ്ടാവില്ല. കാറ് മൂടിയ ആകാശത്തു വിളര്‍ത്ത ചന്ദ്രക്കല മാത്രമുള്ള നാളുകള്‍ അതിവിദൂരമല്ല.
Deleteമനോഹരമായിരിക്കുന്നു ഈ രചന.
ReplyDeleteഗ്രാമത്തിന് ചന്തം ചാര്‍ത്തുന്ന ശോഭയും,സൌരഭ്യവും സമ്മാനിക്കുന്ന
പുഷ്പങ്ങള്‍.;വര്‍ണ്ണങ്ങള്‍കൊണ്ടും നാദമധുരിമ കൊണ്ടും ആരേയും
ആകര്‍ഷിക്കുന്ന പക്ഷികള്‍,സൂത്രക്കാരനായ അണ്ണാറക്കണ്ണന്‍,
ഫലമൂലാദികളാല്‍ സംപുഷ്ടമായ വൃക്ഷലതാദികള്‍,പുഴയൊഴുകുന്ന
നാട്.വര്‍ണ്ണവിസ്മയങ്ങള്‍ വീക്ഷിക്കാന്‍ ആശ്രയമായിരുന്ന കുന്നിന്‍മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ആധുനീവല്‍ക്കരണത്തില്‍
കുന്നുമറഞ്ഞതിന്‍റെ വ്യഥ. പിന്നെ വാത്സല്യവും,പരസ്പരവിശ്വാസവുംനിറഞ്ഞ കുടുബാന്തരീക്ഷം.അക്കന്‍റെ കോലം വരക്കല്‍.,...............
എല്ലാം ലളിതസുന്ദരമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
സ്വാഗതം എന്റെ സ്വപ്നലോകത്തേക്ക്.
Deleteവിശദമായ വായനയ്ക്ക് നന്ദിയുണ്ട് ..
perupole ezhuthum
ReplyDelete:) കൊള്ളാമെന്നോ അതോ മോശമായെന്നോ?
Deleteസ്വാഗതം അവന്തികയുടെ ലോകത്തേക്ക്.
മനോഹരം....
ReplyDeleteആശംസകള്‍..
:) നന്ദി.
Deleteഹാവൂ..!
ReplyDeleteശരിക്കും കൊത്യായല്ലോ കുട്ട്യേ..!
പൂക്കളുടെ കടുംനിറത്തിൽ നാടിന്റെ നറുമണം ചാലിച്ച്, തൂമഞ്ഞിൽ പൊതിഞ്ഞെടുത്ത,മനോഹരമായ എഴുത്ത്..!!
വർണ്ണച്ചിറകുള്ള ഈ സ്വപ്നക്കിളിക്ക് ആയിരമാശംസകൾ...!
പുലരി
:) സന്തോഷായി. നന്ദി.
Deleteഈ വര്‍ണ്ണ കാഴ്ചകള്‍ പ്രവാസിയായ എന്റെ മനസ്സില്‍ കൊരിയിട്ടത് ഗൃഹാതുരത്വത്തിന്റെ ഒരു പിടി നിറപുഷ്പങ്ങള്‍ ആണ്. അഴകൊഴുകും ചിത്രങ്ങള്‍ക്കൊപ്പം മനമിളകും വിധമുള്ള അവന്തികയുടെ വിവരണം കൂടെയായപ്പോള്‍ തികച്ചും ഭംഗിയേറിയ ഒരു വര്‍ണ്ണനയായി ഈ പോസ്റ്റ്.
ReplyDeleteആശംസകള്‍
അവന്തികയുടെ സ്വപ്നങ്ങളിലേക്ക് സ്വാഗതം . ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു. നന്ദി..
Deleteഎല്ലാ സ്വപ്നങ്ങളും സഫലമായാല്‍ ജീവിതം പിന്നെ ജീവിച്ചു തീര്‍ക്കാന്‍ പറ്റോ..?അതുകൊണ്ട് ഉള്ള സ്വപ്നങ്ങളെ തഴുകി തലോടി നടന്നോള്ട്ടോ..ബ്ലോഗിലെ ഫോടോകളൊക്കെ അതി സുന്ദരം ..ഫോട്ടോകള്‍ വായനക്ക് തടസം നില്‍ക്കുന്നു ....എന്നാലും ഇഷ്ട്ടായി .ബ്ലോഗും എഴുത്തും ...
ReplyDeleteഅവന്തികയുടെ സ്വപ്നലോകത്തേക്ക് സ്വാഗതം .
Deleteഎന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....
ഉള്ളതൊക്കെ തഴുകി തലോടി നടക്കാണ്. നന്ദി ..
അവന്തിക,
ReplyDeleteബ്ലോഗ് സന്ദര്‍ശിച്ചു. മഞ്ഞു മൂടിയ കാഴ്ചകള്‍ കണ്ടു. നന്നായിരിക്കുന്നു.
എം എസ് അഴകേശ്വരന്റെ' ആരണ്യഗീതം ' എന്ന നാടകം അവതരിപ്പിക്കുന്ന നാളുകളിലാണ് വയനാടിനെക്കുറിച്ച് കൂടുതല്‍ അറിയാനും, പഠിക്കാനുമൊക്കെ ഇടയായത്. പഴശ്ശിയും , കുറി ച്യപ്പടയും , ആദിവാസികളായ പണിയരും കുറുമരും... വയനാട്ടിലെ വിപ്ലവ മുന്നേറ്റങ്ങളും... അങ്ങനെ പലതും... വള്ളിയൂര്‍ക്കാവില്‍ നിലനിന്നിരുന്ന അടിമച്ചന്തയെക്കുറിച്ചുപോലും കൂടുതലറിയാന്‍ അങ്ങനെ ഇടയായി. കെ പാനൂരിന്റെ പുസ്തകങ്ങളും വെളിച്ചം തന്നു.
ഇതുവരെ വയനാട് സന്ദര്‍ശിക്കുവാന്‍ സാധിച്ചിട്ടില്ല. കുറേ സുഹൃത്തുക്കളും, കുറച്ചു ബന്ധുക്കളുമുണ്ട് . ഒരു പക്ഷെ, വരുന്ന മഴക്കാലം.. കാത്തിരിക്കുകയാണ്...
മനസു പിടിച്ചു നിര്‍ത്തുന്ന വരികളിലൂടെ, എന്നെ ഓര്‍മ്മകളിലേക്കാനയിച്ചതിനു നന്ദി.
വളരെ ലാളിത്യത്തോടെയാണ് അവന്തിക എഴുതിയിരിക്കുന്നത്. നല്ല മധുരമുള്ള ഭാഷ.
" ഹൃദയം കീറി മുറിച്ചു ടാറിട്ട റോഡ് പണിതു ഞങ്ങളെല്ലാവരും കൂടി കൊന്നു ആ കുന്നിനെ...."
നഷ്ടപ്പെടുന്നതെന്തും മനസ്സിന്റെ വിങ്ങലുകളാണല്ലോ ...
ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.
മറ്റു പഴയ രചനകളൊക്കെ സമയമുണ്ടാക്കി, വായിക്കാം...
എഴുതാം...
നന്മകള്‍ നേരുന്നു!
അവന്തികയുടെ ലോകത്തേക്ക് സ്വാഗതം. വയനാട്ടുകാരി ആയതില്‍ നിറയെ സന്തോഷിക്കുന്ന, അഭിമാനിക്കുന്ന ആളാണ് ഞാന്‍. ഒരിക്കലെങ്കിലും വരൂ വയനാട്ടില്‍. അടുത്ത മഴക്കാലത്ത് വരാന്‍ കഴിയട്ടെ. നന്ദി..
Deleteമറ്റ് എല്ലാ കാഴ്ചകളെക്കാളും ഈ മഞ്ഞ് മൂടിയ കാഴ്ചകൾക്ക് തിളക്കം ഏറെയുണ്ട്... ഈ വരികളിലൂടെ ഒത്തിരി ദൂരം സഞ്ചരിച്ചും... ഓർമ്മകളിൽ നിന്ന് മനസ്സ് തിരിച്ച് എടുക്കാന്നാവാതെ... ഇവിടെ നിന്നു പോകുന്നു... ആശം സകൾ
ReplyDeleteഅവന്തികയുടെ ലോകത്തേക്ക് സ്വാഗതം. മഞ്ഞു മൂടിയ കാഴ്ചകള്‍ ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു. നന്ദി..
Deleteആദ്യമായാണിവിടെ....സുന്ദരമായ വരികൾ..ഒരു യാത്രാവിവരണമാണ് അവന്തികക്ക് കൂടുതൽ ചേരുക എന്നു തോന്നുന്നു...വീണ്ടും വരാം..
ReplyDeleteസസ്നേഹം,
പഥികൻ
അവന്തികയുടെ സ്വപ്നലോകത്തേക്ക് സ്വാഗതം. അഭിപ്രായത്തിനു നന്ദി. യാത്രാവിവരണം ശ്രമിച്ചു നോക്കാം. എന്തൊക്കെയോ എഴുതുന്നു എന്നേയുള്ളൂ,കാര്യായി എഴുതാനൊന്നും അറിയില്ല. നന്ദിയുണ്ട് വായനയ്ക്കും, നിര്‍ദേശത്തിനും.
Deleteവഴിയോരക്കാഴ്‌ചകളുടെ സുഖവും ബാല്യത്തിന്റെ കൗതുകവും പ്രണയത്തിന്റെ നിറങ്ങളും എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍.
ReplyDeleteഅവന്തികയുടെ ലോകത്തേക്ക് സ്വാഗതം. നന്ദി ..
Deleteവഴിയോരക്കാഴ്‌ചകളുടെ സുഖവും ബാല്യത്തിന്റെ കൗതുകവും പ്രണയത്തിന്റെ നിറങ്ങളും എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍.
ReplyDeleteനന്നായി എഴുതുന്നുണ്ട്....മനോഹരമായ വിവരണം. ആശംസകള്‍
ReplyDeleteഅവന്തികയുടെ ലോകത്തേക്ക് സ്വാഗതം. നന്ദി ..
Delete"തൊട്ടടുത്ത വീട്ടിലെ അക്കന്‍"
ReplyDeleteസാദാരണ അക്ക എന്ന് അല്ലെ പറയുക ?
ശരിക്കും ബാല്യ കാലത്തേക്ക് കൊണ്ട് പോയി .....ശോ നശിച്ച നോസ്ട്ടാലിജിയ
അവന്തികയുടെ ലോകത്തേക്ക് സ്വാഗതം.അക്ക എന്നും പറയാറുണ്ട്, ഇവരെ ഞങ്ങള്‍ അക്കന്‍ എന്നാണ് വിളിക്കുന്നത്. വന്നതില്‍ സന്തോഷം കേട്ടോ.
Deleteഅവന്തിക, ആദ്യമായാണ് ഇവിടെവരുന്നത് .വീടിന്റെ പരിസര വര്‍ണനകള്‍
ReplyDeleteകേട്ടപ്പോള്‍ അസൂയ തോന്നുന്നു .ലളിതവും ആര്‍ജവവും ആയ രചന .ഭാവുകങ്ങള്‍
ചില സ്വപ്നങ്ങളിലേക്ക് സ്വാഗതം.. ഇഷ്ടായി എന്നറിഞ്ഞു സന്തോഷിക്കുന്നു, നന്ദി മാഷെ..
Deletepriyapetta avanthika,
ReplyDeleteee peru ente manasinodu cherthu vechirikkunna onnaanu.oru pazhaya koottukaariyude peru.aval ippo videshathanu.naattil varumpol ulla oru phone callil othungipoya friendship.avanthika ente blogilekku ethiyappol okke njan avaleyum orthu.avale pole aavumo ee kutteem ennum.pinne onnu parayatte ee blog aadyame kandirunnu.avasaanathe chilathozhike okke vaayichittum und.nalla bhangiyaayi ezhuthunnu ketto.oro postukalum manoharamaayi varunnu.ithaavum ezhuthi theliyuka ennu parayunnathalle?ee post ithente naattile kaazchakal okke thanne.athukond ee postinodorishtam koouthalund.orikkal njanum kandittund vayanadu.idakkal guhayum,muthangayum,soochippaarayum okke.ini kaanaan moham pulppalliyum,thirunelliyum aanu.pinne aa jaina kshethravum.muthangayil maanukalem,aanem kandu.kure nellikkayum perukkiyeduthu thaazhennu.sukhamalle avanthee?avale anganeyaanu sneham koodupol vilichirunnath.
വേദ,
Deleteസുഖം തന്നെ.. :) നിലമ്പൂര്‍ അല്ലെ നാട്, അവിടം എനിക്കേറെ പ്രിയപ്പെട്ട സ്ഥലമാണ്. എന്റെ കുറെ കൂട്ടുകാര്‍ അവിടെ നിന്നാണ്. പുല്പ്പള്ളിയും , പൊന്കുഴിയും, തിരുനെല്ലിയും, തോല്പെട്ടിയും, ചെതലയവും, ..... അങ്ങനെ ഒരുപാട് ഇടങ്ങള്‍ കാണാനുണ്ട്. വരൂ.. ഇടയ്ക്ക്.. എഴുത്ത് ഇഷ്ടായി എന്നറിഞ്ഞു സന്തോഷം കേട്ടോ..
പ്രീയപെട്ട അവന്തിക ..
ReplyDeleteആദ്യം തന്നെ വൈകിയതില്‍ ക്ഷമിക്കുക
മിക്കപ്പൊഴും ഒരു വരി വായിക്കാന്‍
ആഗ്രഹിച്ച് വന്നു നോക്കുമ്പൊഴെല്ലാം
നിരാശ ആയിരുന്നു ഫലം ..
ഇന്നുമൊരു മഴ കൊതിച്ച് വന്നപ്പൊള്‍
മഞ്ഞിന്റെ കമ്പടം പുതച്ച വരികള്‍
കൊണ്ട് വര്‍ണ്ണാഭമായൊരു പൊസ്റ്റ് സമ്മാനിച്ച
അവന്തികക്ക് ആദ്യം തന്നെ നന്ദി പറയുന്നു ..
വല്ലാത്തൊരു സങ്കടം വന്നു വായനക്ക് ഇടയില്‍
അവസ്സാനമുള്ള വരികളിലൊക്കെ ..
എന്നൊ , എപ്പൊഴോ നഷ്ടമായീ പൊയ
കാലങ്ങളെ മടക്കി കൊണ്ട് വന്നൂ
ചിത്രങ്ങള്‍ ഗൃഹാതുരമായ ചിന്തകളിലൂടെ
പതിയെ മനസിനേ എങ്ങൊ കൊണ്ട് പോയീ ..
ഉദയവും , കാതിനിമ്പമാര്‍ന്ന സുപ്രഭാതവും
കരവിരുതിനാല്‍ തീര്‍ക്കും കോലവും
ചെറുവഴികളിലേക്ക് നോട്ടം പായ്ച്ച്
പിന്നീട് ഈ വഴി അവസ്സാനിക്കുന്നിടത്ത്
ഒരു പുഴയുടെ ഒഴുക്കും , ആകുലതകളോടെ
മറയുന്നു മഞ്ഞു മൂടിയ കുന്നുകളും
അതില്‍ നിന്നും ഈ മനസ്സിന് മാത്രമായി
പ്രകൃതി കാത്ത് വച്ച മണ്ണില്‍ നിന്നും
ഓര്‍മകളുടെ വസന്ത കാലത്തിലൂടെ
ഒരു കൂട്ടം പൂവുകളില്‍ , അതില്‍
ആര്‍ദ്രമാകും നിമിഷങ്ങളെ പകുത്തെടുക്കാന്‍
ഗുള്‍മോഹറിന്റെ ചുവട് തിരഞ്ഞെടുത്ത കൂട്ടുകാരീ
പക്ഷികള്‍ പൊലും പങ്കു വയ്ക്കുന്ന ആകുലതകളില്‍
മനം നിറച്ച വരികളില്‍ നിന്നും എനിക്കേറെ
ഇഷ്ടമായ വരികളും ചിത്രവും വന്നു നിന്നു ..
"ഇളം റോസ് നിറത്തില്‍ സുന്ദരിയായ ശീമകൊന്നപൂക്കള്‍"
ചുവന്ന കണ്ണുള്ള ഉപ്പനും , അണ്ണാറകണ്ണനും
എത്ര കണ്ടാലും മതിവരാത്ത കരിയില കിളികളും
മൂവാണ്ടന്‍ മാവും , അമ്പല പ്രാവിന്റെ
പരിഭവ കുറുകലും.. കുടുംബ ബന്ധത്തിന്റെ
ആഴം വിളിചോതിയ ഒന്നിച്ചിരിന്നുള്ള പ്രാതലും
ഒക്കെ മനസ്സിലേക്ക് കുളിര്‍ കോരിയിടുന്നു ..
ഒരൊ വരികളും ഒരിളം തണുപ്പിന്റെ കണമുണ്ട്
മനസ്സ് വെറുതേ പിടി തരാതെ എങ്ങോ യാത്രയാകുന്നു
ഈ നാട്ടിലേക്ക് , യാത്ര രേഖകളോ നിബന്ധനകളൊ
ഇല്ലാതെ എന്തു പെട്ടെന്നാണ് കൂട്ടി കൊണ്ട് പൊകുന്നത്
പണ്ട് വയ്ക്കോലില്‍ കളിച്ചിട്ട് ദേഹം മൊത്തം
ചൊറിഞ്ഞിട്ട് പുഴയില്‍ പൊയി കിടന്നുണ്ട് ഞങ്ങള്‍
ഒരു കൂട്ടം സെറ്റുകള്‍ , എന്നും കുഞ്ഞാവാന്‍
മനസ്സില്‍ ആഗ്രഹം ഉണ്ട് പക്ഷേ ഈ കാലം
ഒരിക്കലും സമ്മതിക്കില്ല , എന്തു ചെയ്യാനാ ..
അമ്മക്കും അച്ഛനും മക്കള്‍ എപ്പൊഴും അതു തന്നെ..
മൂവന്തിയില്‍ തെളിയിച്ച വിളക്കില്‍ നിന്നും
പരന്ന വെളിച്ചതല് ദൂരെ മഞ്ഞു കാണാം
അതിലൂടെ പതിയെ സ്വപ്നത്തിലേക്ക്
നടന്നു കയറുന്ന ഈ നന്മയുള്ള മനസ്സിനേയും
നന്നായീ എന്നു പറയുന്നതിനേക്കാള്‍ ,എനിക്ക്
വല്ലാതെ ഇഷ്ടമായീ , ഒരുപാട് ,, മനസ്സില്‍
ഇപ്പൊഴും ആ കുളിര്‍ തങ്ങി നില്‍ക്കുന്നു ..
ഇങ്ങകലെ ഈ പ്രവാസത്തില്‍ നിന്നും
നേരുന്നു ശുഭരാത്രീ .. കൂട്ടുകാരീ ..
യാത്രാരേഖകളും, നൂലാമാലകളും ഇല്ലാതെ നാട്ടില്‍ വന്നു എന്നറിഞ്ഞു സന്തോഷായി. :)
Deleteറിനി പറഞ്ഞതുപോലെ എപ്പോഴും കുഞ്ഞായിരിക്കാനാണ് എനിക്കും ഇഷ്ടം. ആകുലതകളും, കളങ്കങ്ങളും, കള്ളവുമില്ലാത്ത കാലം. പക്ഷെ തിരിച്ചുപോവാന്‍ പറ്റില്ലല്ലോ.. എങ്കിലും അച്ഛന്റെയും, അമ്മയുടെയും, അനിയന്റെയും, എട്ടന്റെയും ഒക്കെ മുന്നില്‍ ഇന്നും അറിയാതെ ചെറിയ കുട്ടിയായിപോകുന്നു. നന്ദി..
കുറെ ദിവസമായി ഇവിടെ നല്ല തണുപ്പായിരുന്നു ,ഒന്നു രക്ഷപെട്ടു വന്നപ്പോഴേക്കും നല്ല പൊടിക്കാറ്റ്..എങ്ങിനെ എങ്കിലും ഒന്ന് രക്ഷപെട്ടു വന്നു റിലാക്സായി വന്നു ബ്ലോഗ് വായിക്കാമെന്ന് വച്ചാല്‍ അതിനും സമ്മതിക്കില്ലാ എന്ന് വെച്ചാല്‍ എന്താ ചെയ്യുക ,പുഴയും മഴയും കാണിച്ചു കൊതിപ്പിച്ചു കൊല്ലാന്‍ ചിലര്‍ ഇറങ്ങിക്കോളും,,ഹല്ല പിന്നെ ..
ReplyDelete------------------------------------------------
അസൂയ തോന്നുന്ന രചന കേട്ടോ ....നന്നായി
:) ചില സ്വപ്നങ്ങളിലേക്ക് സ്വാഗതം.
Deleteനാട്ടിലാവുമ്പോള്‍ പറയാന്‍ മറ്റൊന്നുമില്ല..
നന്ദി..
നല്ല സച്ചിത്രമാര്‍ന്ന പോസ്റ്റ് വളരെ ഇഷ്ടമായി അല്‍പ്പനേരം നാട്ടിലേക്കു പോയി വന്നത് പോലെ ,നന്ദി നാടിനെ ഓര്‍മ്മിപ്പിച്ചതിനു
ReplyDeleteചില സ്വപ്നങ്ങളിലേക്ക് സ്വാഗതം.
Deleteനന്ദി..
ഞാന്‍ അവന്തികയുടെ ബ്ലോഗില്‍ എപ്പോഴൊക്കെയോ വന്നു പോയിട്ടുണ്ട്...
ReplyDeleteപക്ഷെ ഇന്ന് ഈ ബ്ലോഗും ,ഈ നാടും ശരിക്കും എന്നെ കൊതിപ്പിച്ചു .......
വയനാട് എത്ര സുന്ദരമായ നാട്....മഞ്ഞു മൂടിയ വയനാട് ....
കാണാന്‍ കൊതിച്ചിട്ടും ഇതേ വരെ കണ്ടിട്ടില്ലാത്ത നാട്...
എത്ര മനോഹരമായി എഴുതീരിക്കുന്നു.... ...അച്ഛനും അമ്മയും,അനിയനുമായി മുറ്റത്തിന്റെ അരികിലുള്ള സൊറ പറച്ചില്‍ എന്നിലൊരു നൊമ്പരമുണ്ടാക്കി....ഈ സന്തോഷങ്ങള്‍ ഒന്നും അധികം നാള്‍ എനിക്കുണ്ടായിട്ടില്ല...
അപ്പുറത്തെ തോട്ടില്‍ ഒരു കുളക്കോഴിയും ,ഇത് പോലൊരു ഉപ്പനും,കുറെ അണ്ണാറക്കണ്ണന്മ്മാരും ,, കുയിലുകളും , വണ്ണാത്തിപ്പുള്ളും ,കരിയിലക്കുരുവികളും, ഓലമേല്‍ ഞാലിയും ഒക്കെയും ഞങ്ങളുടെ തൊടിയിലും മുടങ്ങാതെ വരുന്നുണ്ട്...
എങ്കിലും ഞാന്‍ പാര്‍ക്കുന്ന ഈ പട്ടണത്തിനു ഒരു ഭംഗിയുമില്ല....തിരക്ക് പിടിച്ച ജീവിതം...
അവന്തികയുടെ നാട് പോലെ ശാന്തമായൊരു നാട് എന്‍റെ സ്വപ്നമാണ്...എന്നെങ്കിലും നടക്കുന്ന സ്വപ്നമാണോ അറിയില്ല...
ട്രുലി നൊസ്ടാള്‍ജിക്ക് ....ഇഷ്ട്ടം കൊണ്ട് പല തവണ വായിച്ചു ...നല്ല ചിത്രങ്ങളും...
ചില സ്വപ്നങ്ങളിലേക്ക് സ്വാഗതം.
Deleteജീവിതം തിരക്ക് പിടിച്ചത് തന്നെ.. അതിനിടയിലും ഇല്ലേ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.. കുളക്കോഴിയും ,ഇത് പോലൊരു ഉപ്പനും,കുറെ അണ്ണാറക്കണ്ണന്മ്മാരും ,, കുയിലുകളും , വണ്ണാത്തിപ്പുള്ളും ,കരിയിലക്കുരുവികളും, ഓലമേല്‍ ഞാലിയും ഒക്കെയും മുടങ്ങാതെ വരുന്ന ഒരു നാട്ടില്‍ അല്ലെ താമസം. അപ്പോള്‍ എത്ര മനോഹരമാണ് അവിടം. പട്ടണത്തിലെങ്കിലും മനസ്സില്‍ സൂക്ഷിക്കാ ന്‍ ഈ നാടിന്റെ ഓര്‍മ്മകള്‍ ഇല്ലേ .. സ്വപ്നം സഫലമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
എന്റ കൌമാരത്തിലാണ് ഞാൻ വയനാട്ടിൽ അലഞ്ഞു നടക്കുന്നത്. ആകാലവും അന്നത്തെ വയനാടും ഓർമ്മിച്ചുപോയി. വളരെ നന്നായി അവന്തിക. നന്ദി.
ReplyDeleteനന്ദി സര്, ഒരുപാട് സന്തോഷം.
Deleteമുന്‍പ് ഒരു കമന്റ് ഇട്ടിരുന്നു എന്ന് തോന്നുന്നു.
ReplyDeleteകുന്നുകളും കിളികളും നമ്മുടെ തലമുറയുടെ കണ്മുന്നില്‍ നാമാവശേഷം ആകും. അത് കാണേണ്ട ശാപം നമുക്കാണ് .
വയനാട്ടില്‍ കൂട്ടികൊണ്ടുപോയി ഈ പോസ്റ്റ്. നന്നായി.
വലുതാവേണ്ട എന്ന ചിന്ത നമ്മളെ എല്ലാം അലട്ടുന്നു എന്നത് സത്യവും . ഭാവുകങ്ങള്‍ നേരുന്നു. നേരമിരുട്ടി, ഞാനും പോട്ടെ...
manoharamaya kaazhchakal...... blogil puthiya postukal... PRITHVIRAJINE PRANAYICHA PENKUTTY..., EE ADUTHA KALATHU..... vayikkumallo......
Delete@ kanakkoor: നന്ദി,
Delete@ jayarajmurukkumpuzha: നന്ദി,
Deleteപണ്ട് വീട്ടില്‍ സഹായത്തിന് നിന്നിരുന്ന വല്യുമ്മ തണുപ്പുകാലത്ത് അതിരാവിലെ മുറ്റമടിച്ചു വാരി തീയിടുമായിരുന്നു.എന്നെയും ഇക്കാക്കയെയും തീ കായാന്‍ വിളിക്കും.ഞങ്ങള്‍ വല്യ ഉത്സാഹത്തോടെയായിരുന്നു അവരോടൊപ്പം കൂടിയിരുന്നത്.അവന്തികയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതൊക്കെ മനസ്സിലേക്കോടിയെത്തി.മൊത്തത്തിലൊരു സുഖമുണ്ട് വായിക്കാന്‍.
ReplyDeleteഅഭിനന്ദനങ്ങള്‍.
നന്ദി,
Deleteഇന്നാണ് എഴുത്ത് ശരിക്കും വായിച്ചതു .പറഞ്ഞു കൊതിപ്പിച്ചു കളഞ്ഞു .ഇനിയും ജീവിതത്തില്‍ എന്തൊക്കെയോ കാണാന്‍ ബാക്കി വച്ചത് പോലെ.എന്‍റെ മനസ്സില്‍ കിടന്ന കുറെ ചിന്തകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി.
ReplyDeleteതുളുമ്പാന്‍ മടിച്ചു നില്‍കുന്ന രണ്ടു തുള്ളി കണ്ണുനീര്‍ പലതും പറയാന്‍ ബാക്കി വയ്ക്കുന്നു.പലതിനെയും ഓര്‍മിപ്പിക്കുന്നു.മനസിന്‍റെ കോണില്‍ ഒരു നീറ്റല്‍ അനുഭവപെടുന്നു .ഇനിയും ഒത്തിരി എഴുതണം.
നിറയെ സന്തോഷം നന്ദിനി. തീര്‍ച്ചയായും വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്ത പലതും ഈ കണ്ണുനീര്‍തുള്ളിക്ക് പറയാനുണ്ട്. നന്ദി.
Deleteകൊഴിഞ്ഞുപോയത് തിരിച്ചുപിടിക്കാനാവില്ല.
ReplyDeleteഗ്രാമീണ കാഴ്ച്ചകളിലൂടെ നടന്നു നീങ്ങി...
തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും അവയുടെ മധുരം, നിറം , ഓര്‍മ്മകള്‍, ഒക്കെ ഏറെ വിലപ്പെട്ടതല്ലേ? അഥവാ ഇനിയൊരിക്കലും തിരികെ കിട്ടാത്തത് കൊണ്ടല്ലേ അതിനിത്ര മനോഹാരിത.
DeleteWonderful..Nostalgic
ReplyDelete:) thank you.
Deleteനാട്ടില്‍നിന്ന് മാറിനിന്നപ്പോഴാണ് നാടിന്റെ സൌന്ദര്യവും മറ്റും ശരിയ്ക്കും ആസ്വദിയ്ക്കുവാന്‍ കഴിഞ്ഞത്. അക്കരപ്പച്ച കൊതിച്ച് നാട്ടിലെത്തിയാല്‍ ലഭ്യമാകുന്നതോ വിരസമായ ഒഴിവുകാലവും.. പുഴയും, തോടും, പാടവും, പറമ്പുമെല്ലാം നാശോന്മുഖമായിക്കൊണ്ടിരിയ്ക്കുന്നു. ഉമ്മറത്തിരുന്നു റോഡിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുമ്പോഴാണ് മുറ്റത്തെ തെങ്ങിന്‍ മുകളില്‍ നിന്ന് കണിക്കൊന്നയിലേയ്ക്ക് ചാടിയ അണ്ണാറക്കണ്ണനെ കണ്ടത്.. കൊച്ച് അണ്ണാറക്കണ്ണന്‍ ചിലച്ചപ്പോള്‍ അമ്മ അണ്ണാനും, അച്ചന്‍ അണ്ണാനും എത്തി.. അത് നോക്കിനില്‍ക്കുവാന്‍ നല്ല കൌതുകമായിരുന്നു. എന്റെ നോട്ടം കണ്ടിട്ടെന്നോണം അമ്മ പറഞ്ഞു, അവരുടെ താമസം എന്റെ വീടിന്റെ മച്ചിലാണെന്ന്.. അവിടെ രണ്ട് എലിയും ഈ അണ്ണാന്മാരും വളരെ സൌഹൃദത്തിലാണത്രെ.
ReplyDeleteമനസ്സ് കുഞ്ഞുനാളുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അവന്തികയുടെ ഈ കാഴ്ചകള്‍... നന്ദി സുഹൃത്തേ..
ശുഭരാത്രി!
നഷ്ടബാല്യത്തിന്റെ ഒരു പുലര്‍കാലം തിരികെ കിട്ടിയെങ്കില്‍ ...
Deleteഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു.. നന്ദി
ഓർമ്മകൾ അത്ര മേൾ സുന്ദരം.. നല്ല പോസ്റ്റ്.
ReplyDelete:)ഓര്‍മകള്‍ക്കെന്തു സുഗന്ധം.
Deleteസത്യമായും ഈ ഫോടോസ് എല്ലാം തന്റെ നാട്ടിലെ ആണോ?
ReplyDeleteഅങ്ങനെയാണെങ്കില് താനൊരു ഭാഗ്യവതി തന്നെ !!
അണ്ണാരക്കണ്ണനും, ഉപ്പനും, ശീമക്കൊന്നയും ഗൂഗിളില്‍ നിന്നാണ് കേട്ടോ, ബാക്കി നാട്ടില്‍ നിന്ന് തന്നെ..
Deleteപേരറിയാത്ത എന്റെ പ്രിയപ്പെട്ട മരം , ഗംഭീരം
ReplyDeleteഅവന്തികയുടെ ലോകത്തേക്ക് സ്വാഗതം.
Deleteആ മരത്തിന്റെ പേര് ഞാന്‍ കുറെ അന്വേഷിച്ചു, ആര്‍കും അറിയില്ല. എങ്കിലും ഞാന്‍ പറഞ്ഞ പോലെ എന്റെ മനസ്സക്ഷിസൂക്ഷിപുകാരി ആണ്. :) എല്ലാ രഹസ്യവും പറയാറുണ്ട്. ഇപ്പൊ ഇലകള്‍ ഇളം പച്ച ആയിരിക്കുന്നു.
This comment has been removed by the author.
ReplyDeleteചേച്ചീ ,
Deleteസ്വാഗതം അവന്തികയുടെ ലോകത്തേക്ക് .. അനിയത്തിക്കുട്ടി എന്ന് വിളിച്ചതില്‍ സന്തോഷം കേട്ടോ .. വരൂ വയനാട്ടിലേക്ക് .. ഹൃദയം നിറഞ്ഞ സ്വാഗതം.
വളര രസകരമായി എഴുതിയിരിക്കുന്നു അവന്തിക... പണ്ട് യുറീക്കയിലും മറ്റും വായിച്ചിട്ടുള്ള അനുഭവങ്ങള്‍ പോലെ..
ReplyDeleteചക്രൂ, വളരെ സന്തോഷം. ഈ കമന്റും ഈ പേരും ഇഷ്ടായി കേട്ടോ. യുറീക്ക കുഞ്ഞിലെ വായിക്കാന്‍ വല്യ ഇഷ്ടായിരുന്നു. അതിലെ പോലെ എഴുതിയിരിക്കണേ എന്ന് ആദ്യായാ ഒരാള്‍ പറയുന്നത്. സന്തോഷം.. നന്ദി!!
Deleteപഴയകാലത്തേക്ക് ഞാനും പോയി...
ReplyDeleteസന്തോഷം.. :)
Deleteനന്നായി എഴുതി,വയനാട് ഒരു നൊസ്റ്റാള്‍ജ്യ ആണ്,പുല്‍പള്ളിയില്‍ കുട്ടിക്കാലത്ത് വന്നിട്ടുണ്ട്..പിന്നെ വൈത്തിരില്‍..ബത്തേരിയില്‍...:)
ReplyDelete