എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 30 March 2013

ഓർമപ്പെയ്ത്ത്



ഓർമകളുടെ ആകാശത്തിനു കീഴെ 
മറവി കൊണ്ടൊരു മേല്ക്കൂര പണിതു ഞാൻ.

എന്നിട്ടും കിളിവാതിലിലൂടൊരാകാശക്കീറ്!
വാതിൽപ്പാളികൾ ചേർത്തടച്ചു മലര്ന്നുകിടക്കവേ 
ചിതറിവീഴുന്നു ഓർമകളുടെ വെയിൽക്കിണ്ണം!
തിരശീല വലിച്ചിട്ട്‌ ഞാനാ 
വെയില്ചീളുകൾ തുടച്ചെടുത്തു.

വെയില്ക്കുരുന്നുകൾ മരിച്ചുവീണപ്പോൾ 
ജാലകപ്പഴുതിലൂടരിച്ചുവരുന്നു 
ഓർമകളുടെ നിലാപ്പെയ്ത്ത്!

ചോരുന്ന മേല്ക്കൂരയിലൂടെന്നെ നനയ്ക്കുന്നു 
തോരാതെ കരഞ്ഞുംകൊണ്ടൊരു 
കരിമേഘക്കുഞ്ഞിൻ ഓർമപ്പെയ്ത്ത്!

നാശം! 
എത്ര കഴുകിയിട്ടും പോവുന്നില്ലല്ലോ 
നിന്റെ ഓർമകളുടെ വെളുത്തുള്ളിമണം.

നഷ്ടം

ഞാൻ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു!

ഉണങ്ങാത്തൊരു മുറിപ്പാടായി 
കാലാന്തരങ്ങളോളം 
നീയെന്നിൽ കറുത്തുകിടക്കും.
ഇനിയില്ല ഒരു പിൻവിളി .

നാമൊന്നിച്ചു നെയ്ത 
സ്വപ്നങ്ങളുടെ വിഴുപ്പുകൾ 
കരിച്ചു കളയട്ടെ ഞാൻ.
ഇനിയൊരു മഴപ്പെയ്ത്തിലും 
അവ കിളിർത്തു  കൂടാ.
നിന്റെ അവസാനബീജവും 
ചാമ്പലാകട്ടെ.
പടുമുളയായ് പോലും 
ജനിക്കാതിരിക്കട്ടെ.

നെറുകയിൽ പൂക്കാത്ത ചുവപ്പും 
ഒരിക്കലും ചുരക്കാത്ത മാതൃത്വവും 
നീയെന്ന തെറ്റിന്റെ ഓര്മയ്ക്ക് 
ഞാനെന്നിൽ  തീർക്കുന്ന സ്മാരകം!


ചിരിക്കുന്ന മുറിവുകൾ

ചില മുറിവുകളുണ്ട്‌ 
കരഞ്ഞുതളരുമ്പോൾ ചിരിക്കാൻ പഠിക്കുന്നവ.
ചോര പടരുമ്പോഴും,
ഉരഞ്ഞു നീറുമ്പോഴും
പ്രാണൻ പിടഞ്ഞു നോവുമ്പോഴും 
അവ പൊട്ടിപ്പൊട്ടിച്ചിരിക്കും.

വേദനിച്ച് വേദനിച്ച്  പിന്നെ വേദന ഒരു ലഹരിയാണ്,
മുറിയുന്തോറും നോവിന്റെ മധുരവും കൂടും.
പിന്നെ മുറിവുകൾ ഉറക്കെചിരിക്കും.
 തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തും.

നീ തന്ന മുറിവുകളും ചിരിച്ചുതുടങ്ങിയിരിക്കുന്നു.

Friday, 29 March 2013


കാലചക്രം കറങ്ങിക്കൊണ്ടേയിരിക്കട്ടെ 
വിധിനിശ്ചയം അനുസ്യൂതം നിറവേറപ്പെടട്ടെ.
ഏതെങ്കിലുമൊരു നിയതിഘട്ടത്തിൽ 
വരാനിരിക്കുന്ന യുഗങ്ങളിലൊന്നിൽ 
പിറവിയെടുക്കാനിരിക്കുന്ന 
ഏതെങ്കിലുമൊരു ജന്മത്തിൽ 
നാം കണ്ടുമുട്ടുക തന്നെ ചെയ്യും.
അതെന്റെ സ്വപ്നമാണ്,
അതിലുപരി അതൊരു അനിവാര്യതയാണ് 
ഒരു വിധിക്കും തടുക്കാൻ കഴിയാത്ത അനിവാര്യത!
എന്തുകൊണ്ടെന്നാൽ 
ഞാൻ നിന്നെ സ്നേഹിക്കുന്നു..
സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു!!!



പൊഴിഞ്ഞ ഗുൽമോഹർ ദളങ്ങൾക്കു  മേൽ മഴ പെയ്യുന്നു.
തളർന്ന  മഴ..
മരിച്ച പൂക്കൾ..

നന്ദി (?)


മാറാല കെട്ടിയതെങ്കിലും 
            ഒരു വസന്തകാലചിത്രം തിരികെ തന്നതിന്...
മുൾപ്പടർപ്പുകൾക്കിടയിലും 
            എനിക്ക് നടക്കാൻ വഴി കാട്ടിയതിനു..
വിറങ്ങലിച്ച ഈ ശിശിരത്തിനുമപ്പുറം 
           ഇനിയുമൊരു പൂക്കാലമുണ്ടെന്നു ഓർമിപ്പിച്ചതിന് ...
ഈ ശിശിരനിദ്രയ്ക്കു ശേഷം 
          തെളിമയാർന്നൊരു ഗ്രീഷ്മമുണ്ടെന്ന പ്രതീക്ഷ പകർന്നതിന്..
ഒരു ചെറുകാറ്റിൽ അണഞ്ഞുപോയേക്കാമെങ്കിലും 
         ഇത്തിരി നേരം ഈ തിരിവെട്ടം തന്നതിന്...
എല്ലാത്തിനുമുപരി...
 ഇപ്പോഴും നിലനില്ക്കുന്നു എന്നു വിശ്വസിപ്പിച്ചതിന്..
......
(സ്നേഹം മാത്രം; നന്ദി പറയുവതെങ്ങനെ നിന്നോട് ഞാൻ?)

നന്ദിതാ, നാം പ്രണയമാകുന്നു.

        

നമുക്കിടയില്‍ മരവിച്ച പ്രണയം 
മറ്റൊരു വിഷാദഗീതം കുറിക്കവേ 
പൊഴിഞ്ഞു വീഴുന്നൊരു 
ഈറന്‍ വയലറ്റ് പൂവായി ഞാനും!

ഇനിയീ പൂ കൊരുത്തൊരു റീത്തൊരുക്കുക,
മൃതിയടഞ്ഞ നമ്മുടെ പ്രണയത്തിന്‍ കുഴിമാടത്തില്‍ വെക്കുക,

തീ പിടിച്ച സ്വപ്നങ്ങളും, 
മണ്ണ് മൂടിയ വിലാപങ്ങളും 
ആയിരം വയലറ്റ് പൂക്കളായ് പുനര്‍ജനിക്കും!
അകാലത്തില്‍ അണഞ്ഞുപോയെങ്കിലും 
ഉള്ളിലൊരു പ്രണയത്തിരി എരിഞ്ഞു കൊണ്ടേയിരിക്കും!

ഞാനും, നീയും ആവര്‍ത്തിക്കപെടുന്നു...
നമ്മിലെ പ്രണയവും...
നന്ദിതാ, നാം പ്രണയമാകുന്നു.
പൊഴിഞ്ഞു വീണാലും വറ്റാത്ത ഒരിറ്റു തേന്‍-
-നമ്മിലെ പ്രണയം-
കാലാതിവര്‍ത്തിയായി നില്‍ക്കവേ 
നാം മരണമില്ലാത്തവരാകുന്നു.

ഞാനും, നീയും, നമ്മിലെ പ്രണയവും ആവര്‍ത്തിക്കപ്പെടുന്നു 
നന്ദിതാ, നാം പ്രണയമാകുന്നു.