എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 29 March 2013


ഇനിയെങ്കിലും പകർന്നു തരരുത്  നീയെനിക്ക് 
ഒരിക്കലും ചുരക്കാത്ത പ്രതീക്ഷയുടെ വന്ധ്യമേഘങ്ങൾ.
ഞാൻ വിട വാങ്ങുന്നു.
തിരികെ ചോദിക്കരുത് നീ തന്ന സ്വപ്‌നങ്ങൾ.
അവയെങ്കിലും ഞാനെടുക്കുന്നു- നിലനില്പിന് .
......................................
...................................................................
നാം മരിച്ചിരിക്കുന്നു,
ഇവിടെ മുതൽ ഞാനും നീയുമായി മാറുന്നു.

ഊർമിള


സീതയല്ല, ഞാൻ ഊർമിള.
പതിയോടൊപ്പം വനവാസത്തിനു പോകാൻ 
ഭാഗ്യം സിദ്ധിക്കാതെ 
പ്രിയനോടുള്ള പ്രണയത്തിൽ
പ്രാണൻ പിടഞ്ഞു മരിച്ചു ജീവിച്ച ഊർമിള.
വിരഹാഗ്നിയിൽ വെന്തുരുകിയ ഊർമിള .
കഥയിൽ  എല്ലാവരാലും വിസ്മരിക്കപ്പെട്ടവൾ 
സീതായനവും, രാമായണവും പൂജനീയമായപ്പോഴും 
തിരശ്ശീലക്കു പിന്നിൽ കണ്ണീർ പോലെ മറഞ്ഞു നിന്നൊരുവൾ .
പ്രിയന്റെ വിരൽത്തുമ്പിൽ ഇല്ലാതാവാൻ മോഹിച്ച 
കണ്ണുനീർത്തുള്ളി പോൽ....
ഊർമിള!

ഞാൻ ഉറങ്ങട്ടെ

ഇനി ഒന്നുറങ്ങണം.
വാഴയിലയിൽ നീണ്ടുനിവർന്നു കിടക്കണം 
കാൽവിരലുകൾ കൂട്ടിക്കെട്ടണം 
കൈകൾ വയറിന്മേൽ പിണച്ചു  വെയ്ക്കണം 
തലയ്ക്കു മീതെ ഏഴു തിരിയിട്ട നിലവിളക്ക് വേണം 
സുഗന്ധം പരത്തുന്ന സാമ്പ്രാണിത്തിരികൾ എരിയണം.
പക്ഷെ...
നിന്റെ മിഴികളിൽ ഈറൻ പൊടിയരുത് ,
ഉറക്കത്തിലാണെങ്കിലും എന്റെ ആത്മാവിനു നീറും.
ഞാൻ ഉറങ്ങട്ടെ.

കവിത

പറയാതിരിക്ക നീ ഒരു കവിത കൂടെഴുതുവാൻ 
ഇനിയെന്റെ കവിത ഞാൻ തന്നെയാകുന്നു.
ചോരയിൽ മുക്കി ഞാനെഴുതുന്ന കവിത 
പ്രാണൻ പിടഞ്ഞു ഞാനെഴുതുന്ന കവിത 
വായിക്കയില്ല നീ; അറിയാമതെങ്കിലും 
എഴുതാതിരിക്കുവാൻ വയ്യാത്ത കവിത. 
ഞാനെന്ന കവിത- അപൂർണമാം കവിത!

Friday, 22 March 2013

പൂക്കാത്ത സ്വപ്‌നങ്ങൾ

           

ഓരോ ഗ്രീഷ്മവും പ്രതീക്ഷകൾ പകർന്നിരുന്നു-
വേനൽചില്ലകൾ നിറഞ്ഞു ഗുൽമോഹറിൽ പ്രണയം പൂവിടുമെന്ന്.
 
കൊടുംവെയിലിലും തളിർ കരിയാതെ കാത്തത്‌,
ദാഹിച്ചുവലഞ്ഞിട്ടും കുടിയ്ക്കാതെ ഒരു കുടന്ന വെള്ളം പകർന്നത്,
ഓരോ പുലരിയിലും ജാലകങ്ങൾ തുറന്നു കണി കണ്ടത്,
എന്നിലെ പ്രണയം മുഴുവൻ പകർന്നത് 
ഒക്കെ ചെമന്ന പട്ടു ചുറ്റി നീ സുമംഗലിയാവുന്നത് കാണുവാനാണ്.

നിൻ നെറ്റിയിൽ സിന്ദൂരം ചാർത്താതെ 
ഒരു വേനൽ കൂടി എരിഞ്ഞൊടുങ്ങി.

പകര്ന്നുതരാൻ ഇനിയൊന്നുമില്ല 
 ആത്മാഹുതി വരിച്ച എന്നിലെ പ്രണയത്തിന്റെ ബാക്കിപത്രം-
കണ്ണുകളിൽ രക്തസാഗരത്തിന്റെ വേലിയേറ്റം,
ഹൃദയത്തിൽ ശോണസൂനങ്ങളുടെ മരണവസന്തം!

ഒരിക്കലും പൂക്കാത്ത ഈ ഗുൽമോഹർ 
ഞാൻ വേരോടെ പിഴുതെറിയുന്നു.
ഇനിയില്ല നമുക്കൊരു പൂക്കാലം.
ഇനിയില്ല ചെമപ്പ് പൂക്കുന്ന സ്വപ്നങ്ങളും.



Thursday, 21 March 2013

തിരസ്ക്കരണം


വിളക്കുകാലുകൾക്ക് ചുറ്റും മഴനൃത്തം വെയ്ക്കുന്ന ഈയലുകൾ 

പ്രണയിച്ചു തീരാത്ത ആത്മാക്കളെന്നു പറഞ്ഞത് നീയാണ്.

ഓരോ രാവിലും ചിറകു കുഴയുവോളം നൃത്തം ചെയ്തു 
മഴയിൽ കുതിർന്നറ്റു വീണ
 പ്രണയസ്വപ്നങ്ങളുടെ ചിറകുകൾ തേടി 
അർദ്ധപ്രാണനായി നിലത്തിഴയുന്ന നിസ്സാരജന്മങ്ങൾ.
തിരസ്ക്കരണത്തിന്റെ തീച്ചൂടിൽ 
ചിറകറ്റു വീഴുന്ന ഈയലുകൾ -
മെഴുതിരിച്ചൂടിൽ സ്വയമെരിച്ചു കളയുന്ന അല്പ്പായുസ്സുകൾ.

എനിക്ക് കാണാം- എന്നിൽ നിന്നിറങ്ങിപ്പോകുന്ന ഈയലിനെ ;
ഇനിയെത്ര രാവുകളിൽ വിളക്കുമരത്തിനു  ചുറ്റും 
നൃത്തം ചെയ്താലാണ് നീയെനിക്കു ചിറകുകൾ മടക്കിത്തരിക?

Wednesday, 13 February 2013

പേര് നഷ്ട്ടപ്പെട്ടവള്‍ക്ക് പറയാനുളളത്



ഇനിയെങ്കിലും ഈ മുറിപ്പാടുകളില്‍ വിരലമര്‍ത്തി 
ചിരിക്കാതിരിക്കുക
സ്വീകരണമുറികളിലെ നിര്‍വികാരവാഗ്ധോരണികളില്‍ 
അലങ്കാരമാക്കാതിരിക്കുക 
രാഷ്ട്രീയചര്‍ച്ചകളിലോ, തെരഞ്ഞെടുപ്പുസമ്മേളനങ്ങളിലോ 
പ്രഹസനമാക്കാതിരിക്കുക.

നിങ്ങള്‍ക്ക് ഞാന്‍ വെറുമൊരു പ്രതീകം മാത്രം-
ഇരയുടെ പ്രതീകം,
പീഡനത്തിന്റെ പ്രതീകം,
പെണ്ണുടലിന്റെ പ്രതീകം-

ഇത് മാത്രമോ ഞാന്‍?
ഞാനുമൊരു പെണ്ണ് 
ബുദ്ധിയും, ഹൃദയവുമുള്ള പെണ്ണ് 
പച്ചയായ മനുഷ്യന്‍..

പെണ്ണായി പിറന്നതല്ലെന്റെ തെറ്റ് 
പിറന്നുപോയതീ ദൈവനാട്ടിലെന്നതാണ്.

പെണ്ണെന്ന വാക്കിനാല്‍ പോലും സ്ഖലിക്കുന്ന
നിങ്ങളിലെ 
പൗരുഷത്തിനോ 
വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ മത്സരിക്കുന്ന 
നിങ്ങളിലെ ഫെമിനിസ്റ്റിനോ 
മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല.

ബാക്കിയുള്ളവരോട്‌ :
മരണശേഷം നിങ്ങളെന്നെ മഹത്വപ്പെടുത്തണ്ട
ജീവിച്ചിരിക്കുമ്പോള്‍ എന്നെ സ്നേഹിക്ക.

തെറ്റ് ചെയ്യാതെ കുരിശേറിയവന്റെ 
തിരുവചനം മറക്കാതിരിക്കുക:
എന്നെയോര്‍ത്തല്ല-
നിങ്ങളുടെ മക്കളെ ഓര്‍ത്ത്‌ വിലപിക്കുവിന്‍. .,.