എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Monday, 18 November 2013

നിസ്സഹായത


നിനവ് പൂത്ത കണ്ണുകളും,
വസന്തത്തിന്റെ ചുണ്ടുകളുമാ-
ണെനിക്കെന്ന് വലിച്ചെറിയും വരെ
നീ ഓര്മിപ്പിച്ചു കൊണ്ടേയിരുന്നു.

ഇന്നെനിയ്ക്ക് ഗ്രീഷ്മത്തിന്റെ കണ്ണുകളും
അഗ്നിയാളുന്ന ചുണ്ടുകളുമാണ്.
ഒരു ചുംബനത്തിന്റെ ചൂടിൽ
നിന്നെയെരിച്ചുകളയാൻ മാത്രം
അഗ്നി ചുണ്ടുകളിലും
ഒരു നോട്ടത്താൽ ഭസ്മീകരിക്കാനുള്ളത്ര
കണ്ണുകളിലും കാത്തുവെച്ചിട്ടുണ്ട്.
ഞാനിന്ന് അഗ്നിയാണ്.

എന്നിട്ടുമെന്താണ് അഗ്നിയാളുന്ന കണ്ണ്
തുറന്നു ഞാൻ നിന്നെ നോക്കാത്തത്?
എന്നിട്ടുമെന്താണ് കനിവും, പ്രണയവുമൊളിപ്പിച്ച
ഒരുൾക്കണ്ണ്‍ നിന്നിലേക്ക്‌ നീളുന്നത്?
കല്പാന്തകാലം അമർത്തിവെച്ചിട്ടും
തുളുമ്പിപ്പോയ കന്മദം ഒഴുകിയ
വഴികളിൽ നിന്റെ പേരുള്ള പൂക്കൾ വിടരുന്നത്?

Sunday, 3 November 2013

അരുണ ഷാൻബാഗ്....


പ്രിയപ്പെട്ട ഷാൻബാഗ്,
നരച്ച ആശുപത്രിച്ചുമരുകൾക്കപ്പുറം
നിന്റെ മിഴികളിൽ പ്രതിഫലിക്കുന്നതെന്താണ്?
കാലങ്ങൾക്ക്  മുൻപ് പ്രണയം പകർന്നു
നീ കൊളുത്തിവെച്ച തിരിവെട്ടമോ,
പലപ്പോഴായി കൂട്ടിവെച്ച
മോഹത്തിൻ ശബളമാമൊരിതളോ,
അതോ, മോചനത്തിന്റെ സന്ദേശവുമായ്
വരുന്ന മരണദൂതനായുള്ള കാത്തിരിപ്പോ?

നാല്പത് സംവത്സരങ്ങൾക്കു മുൻപ്
നിന്റെ ഘടികാരം നിലച്ചുപോയെങ്കിലും
കാലമിപ്പോഴും കറങ്ങുന്നുണ്ട്,
ഏതു ദിശയിൽ തിരിഞ്ഞാലാണ്
ചങ്ങലയിൽ ഞെരിച്ചുകൊന്ന
പളുങ്കുസ്വപ്നങ്ങളുടെ വസന്തകാലത്തിലെത്തുക?

മാപ്പ് ചോദിക്കിലോ, പശ്ചാത്തപിക്കിലോ
നീ തിന്ന വേദനകൾ അലിഞ്ഞുപോവില്ല-
യെങ്കിലും മാപ്പിരക്കട്ടെ ഞങ്ങൾ.
കാമാർത്തനായ കാട്ടാളനോട്
'മാനിഷാദ' യെന്നോതാതെ
'ഭാവശുദ്ധി'യ്ക്ക് കോട്ടം വരുത്താതെ
സുവർണവൽമീകം ചമച്ചു കാത്ത
സംസ്കാരചിത്തരാം ജനത ഞങ്ങൾ;

ബാക്കിയായൊരുയിരിൻ തുടിപ്പിനെ
ആളിക്കത്തിക്കാനോ, ഊതിയണയ്ക്കാനോ
പറ്റാത്ത ഏതു ശാസ്ത്രത്തിനാണ്
നിന്നിലെ സ്മൃതിമണ്ഡലങ്ങൾ
അസ്തമിച്ചെന്നു  പറയാൻ കഴിയുക?!

ആർക്കാണറിയുക-
അവിടെയിപ്പോഴുമൊരു പൂ വിടരുന്നുവെന്ന്,
ഒരു കടലിരമ്പുന്നുവെന്ന്,
വരണ്ടുവിണ്ട  ചുണ്ടുമായി
ഒരു തണുപ്പൻകാറ്റ് ഉഴറിനടക്കുന്നുവെന്ന്,
നിസ്സഹായതയുടെ പാരമ്യതയിൽ
സുന്ദരിയായൊരു പെണ്‍കൊടി അലറിച്ചിരിക്കുന്നുവെന്ന്...


കണ്ണ് കെട്ടിയ നീതിദേവതയ്ക്കും,
അന്ധരായ ജനതയ്ക്കും മുന്നില്
നീ ചിരിക്കുകയാണ് അരുണാ ;
നീതിനിഷേധങ്ങളുടെ ജീവനുള്ള സ്മാരകമായി.